Kerala NCSE NOC latest news -Mathrubhumi News

സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്ക് അംഗീകാരം: സര്‍ക്കാര്‍ പിന്‍വാങ്ങുന്നു
തിരുവനന്തപുരം: കേന്ദ്ര സിലബസ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങി. ഈ വര്‍ഷം തിരക്കിട്ട് ഒരു സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്കും അംഗീകാരം നല്‍കേണ്ടെന്നാണ് തീരുമാനം. ഇത് സംബന്ധിച്ച ധാരണ കഴിഞ്ഞയാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ ഉണ്ടായി. എന്നാല്‍ ഇടതുപക്ഷ സമരത്തിന്റെ വിജയമായി ഇത് ചിത്രീകരിക്കപ്പെടാനുള്ള സാധ്യതയുള്ളതിനാല്‍ ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കേണ്ടെന്നാണ് തീരുമാനം.

മന്ത്രിസഭായോഗത്തില്‍ ഇക്കാര്യം വിദ്യാഭ്യാസ മന്ത്രി റിപ്പോര്‍ട്ട് ചെയ്തു. മാനദണ്ഡങ്ങള്‍ കൃത്യമായി ബാധകമാക്കിയാല്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സി.ബി.എസ്.ഇ. സ്‌കൂളിനും അംഗീകാരം നല്‍കാനാകില്ലെന്ന് മന്ത്രി അബ്ദുറബ്ബ് വ്യക്തമാക്കി. സ്‌കൂളിനുള്ള സ്ഥലവിസ്തീര്‍ണ്ണം, ക്ലാസ് മുറികളുടെ വലിപ്പം, അധ്യാപകരുടെ ശമ്പളം തുടങ്ങി അനേകകാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്. ഈ മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമാക്കിയാല്‍ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കേന്ദ്ര സിലബസ് സ്‌കൂളിനും എന്‍.ഒ.സി. നല്‍കാനാകില്ല. ഈ റിപ്പോര്‍ട്ടിന്റെയടിസ്ഥാനത്തില്‍ ഒരു സ്‌കൂളിനും പുതുതായി എന്‍.ഒ.സി. നല്‍കേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു. എന്‍.ഒ.സി. നല്‍കാനുള്ള തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനകളും എന്‍.എസ്.എസ്. ഉള്‍പ്പെടെയുള്ള സാമുദായിക സംഘടനകളും എതിര്‍പ്പ് ഉയര്‍ത്തിയ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പിന്‍മാറ്റം.

ഇതേസമയം വിദ്യാഭ്യാസാവകാശനിയമം നടപ്പാക്കുമ്പോള്‍ അതിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി കേന്ദ്ര സിലബസ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്ന കാര്യം പരിഗണിക്കാമെന്നും ധാരണയായി. ഈ നിയമത്തിന് കേന്ദ്രം നിര്‍ദേശിച്ച ചട്ടങ്ങളില്‍ ഒരു കുട്ടിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ എല്‍.പിയും മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ യു.പിയും ഇല്ലെങ്കില്‍ അവിടെ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കാമെന്ന് വ്യവസ്ഥയുണ്ട്. വിദ്യാഭ്യാസാവകാശ നിയമം നടപ്പാകുന്ന മുറയ്ക്ക് ഈ ചട്ടമനുസരിച്ച് അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്ന കാര്യം പരിഗണിക്കാമെന്നാണ് മന്ത്രിസഭയിലുണ്ടായ ധാരണ.

നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ എന്‍.ഒ.സി. ലഭിച്ചിട്ടില്ലാത്തതുമായ നൂറു കണക്കിന് സ്‌കൂളുകളുടെ അപേക്ഷയാണ് സര്‍ക്കാരിന്റെ മുമ്പാകെയുള്ളത്. സര്‍ക്കാരിന്റെ എന്‍.ഒ.സി. ഇല്ലാത്തതിനാല്‍ സി.ബി.എ.സ്.ഇ. ബോര്‍ഡിന്റെ അക്രഡറ്റിഷേന്‍ അവയ്ക്ക് കിട്ടാതെ വന്നു. ഈ പ്രശ്‌നം പരിഹരിക്കാനാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവയില്‍ സര്‍ക്കാരിന്റെ എന്‍.ഒ.സി. ഇല്ലാത്തവയ്ക്ക് അവ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കാന്‍ ഇത് സഹായകരമാകുമെന്ന വിമര്‍ശനമുയര്‍ന്നതാണ് സര്‍ക്കാരിന്റെ പിന്മാറ്റത്തിന് പ്രധാന കാരണം.

എതിര്‍പ്പ് ശക്തമായപ്പോള്‍ പുതിയ സ്‌കൂളുകളെ പരിഗണിക്കേണ്ടെന്നും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും കോടതിവിധി അനുകൂലവുമായവയെ മാത്രം പരിഗണിച്ചാല്‍ മതിയെന്നും കഴിഞ്ഞ യു.ഡി.എഫ്. യോഗവും തീരുമാനിച്ചിരുന്നു. ചൊവ്വാഴ്ച അധ്യാപക സംഘടനകളുമായി വിദ്യാഭ്യാസ മന്ത്രി നടത്തിയ ചര്‍ച്ചയിലും ഈ തീരുമാനത്തില്‍നിന്നുള്ള പിന്മാറ്റത്തിന്റെ സ്വരമാണ് അദ്ദേഹം പ്രകടിപ്പിച്ചത്.

Comments

Popular posts from this blog

ദേവദാസി-സംബന്ധ സമ്പ്രദായങ്ങളും ഇന്‍ഡ്യന്‍ സ്ത്രീത്വവും

വിഷു

മലപ്പുറത്തെ 33 സ്കുളുകളും കേരള ജനാധിപത്യവും