mk top 2012

Sunday, August 26, 2007

ഈ ഉത്രാട രാത്രിയില്‍

പണ്ട്‌ ഓണത്തപ്പനെ കാണാന്‍ ഞങ്ങള്‍ കുട്ടികള്‍ കാത്തിരിയ്ക്കുമായിരുന്നു‌, ഉത്രാട രാത്രിയില്‍ (തിരുവോണത്തിന്റെ തലേന്ന്)‍. അന്നു രാവിലെ മുതല്‍ക്കാണ് ഉപ്പേരി വറുക്കുന്നതും ഊഞ്ഞാലു കെട്ടുന്നതും. ഊഞ്ഞാലിലാടിയാടി ഉപ്പേരി തിന്നു തിന്ന് തലയ്ക്കൊരുതരം മത്തു പിടിച്ച അവസ്ഥയിലാണ്, പടികടന്നു വരുന്ന മാവേലിയെ കാണാന്‍ സന്ധ്യയാകുമ്പോഴേക്കും ഞങ്ങള്‍ വീടിന്റെ ഉമ്മറത്തു കാത്തിരിയ്ക്കുമായിരുന്നത്.

എപ്പോഴാണ് മാവേലി വരുന്നത് എന്നു ചോദിയ്ക്കുമ്പോള്‍ അമ്മ പറയും “അങ്ങനെ പറയാന്‍ പറ്റില്ല, ഏതു നിമിഷവും വരാം".

അപ്പോള്‍ അമ്മയോടു പറയും, ‘ഞങ്ങളീ രാത്രി മുഴുവന്‍ കാത്തിരിയ്ക്കും‘ എന്ന്.


പക്ഷെ പിറ്റേ ദിവസം ഉണരുമ്പോഴായിരിക്കും പിന്നെ മാവേലിയേക്കുറിച്ചോര്‍ക്കുന്നത്.


ഉറക്കച്ചടവൊടെ ‘മാവേലി വന്നോ‘ എന്നന്വേഷിക്കുമ്പോള്‍, ‘ഞങ്ങള്‍ കണ്ടുവല്ലോ’ എന്നമ്മ പറയും. ഒരു ചെറിയ പുഞ്ചിരി തൂകി അച്ഛന്‍ അമ്മയെ അനുകൂലിയ്‍ക്കും‍. അപ്പോള്‍ മനസ്താപത്തോടെ ഞങ്ങള്‍ വീണ്ടും ശപഥം ചെയ്യും, ‘അടുത്ത ആണ്ടു വരട്ടെ ഞങ്ങളുറങ്ങാതിരിയ്ക്കും‘.അമ്മ പറഞ്ഞതു നേരാണോ എന്ന സംശയം, ഏയ് ഒരിയ്ക്കലുമുണ്ടായിട്ടില്ല മനസില്‍. സംശയം ബാല്യത്തിനു പറഞ്ഞിട്ടുള്ളതല്ലല്ലോ. ആരാനുമെങ്ങാന്‍ സംശയിച്ചാല്‍, സംശയത്തിന്റെ മരം വയറ്റില്‍ വളര്‍ന്ന്, അതിന്റെ കൊമ്പുകള്‍ വായിലൂടെ വളര്‍ന്ന് കണ്ണിലും മൂക്കിലും കൂടി ഇറങ്ങി, ഹൊ, എന്തൊരു വൃത്തികേട്, ആളുകളെന്തു പറയും വലിയവരെ സംശയിയ്ക്കുന്ന കുട്ടി, ഛേ!

പക്ഷെ ഞങ്ങള്‍ വളര്‍ന്നപ്പോള്‍ മാവേലിയും വളര്‍ന്നു.

‍ പഠിച്ച പുസ്തകങ്ങളില്‍, കേട്ടറിഞ്ഞ അറിവുകളില്‍, പ്രസംഗങ്ങളില്‍, കോളേജു ഡിബേറ്റുകളില്‍, ഒക്കെക്കൂടി, ഒരണുവില്‍ നിന്നും വളര്‍ന്നു വലുതായ പ്രപഞ്ചം പോലെ മാവേലിയും ഞങ്ങള്‍‍ക്കു വലുതായി. കടംകഥകളുടെ വ്യാളിക്കുപ്പികളില്‍ നിന്ന് അപ്പോഴേക്ക് മാവേലി സ്വതന്ത്രമായിരുന്നു.

പകരം, കാലത്തിനു തിരശ്ചീനമായി ഇന്നിനെ ശുദ്ധീകരിയ്ക്കാന്‍ പിന്നില്‍ നിന്നുതിര്‍ക്കുന്ന നന്മയുടെ ഒരു വന്‍ പ്രവാഹമായി, കേരളക്കരയുടെ കൂട്ട മനസാക്ഷിയായി, നാളെയുടെ ആവിഷ്കാരമായി, മനസിന്റെ അനുഭവമായി, മാവേലി മാറി.

കുറേക്കൂടി വളര്‍ന്നപ്പോള്‍, മാവേലി ഒരു ചോദ്യമായി, അധിനിവേശത്തിന്റെ വാമന സ്വരൂപങ്ങള്‍ക്കു മുന്‍പില്‍ സ്വയം ബലിയായ നാടിന്റെ ചരിത്രമായി. അന്നു തൊട്ട് ഓണത്തിന്റെ ഒരുക്കങ്ങള്‍ മരിച്ചുപോയ ചരിത്രപിതാമഹനര്‍പ്പിയ്ക്കുന്ന ദര്‍ഭയും ബലിച്ചോറുമായി.

ഉത്രാടരാത്രിയില്‍ പിന്നീടു മാവേലിയെ കാത്തിരുന്നിട്ടില്ല, നഷ്ടമായ ബാല്യത്തിന്റെ കാത്തിരിപ്പ് മധുരമായ ഒരു വേദനയായി ഉള്ളില്‍‍ അവശേഷിച്ചു.

എന്നിട്ടും ഞങ്ങളുടെ മക്കളോടെ അവരുടെ ബാല്യത്തില്‍ ഞാന്‍ പറഞ്ഞത്, എന്റെ അമ്മ ബാല്യത്തില്‍ പറഞ്ഞുതന്ന അതേ കഥകളായിരുന്നു.

പക്ഷെ അവര്‍ മാവേലിയെ കാത്തിരുന്നത്, കേരളത്തിന്റെ ഓണത്തുമ്പികള്‍ പാറിനടന്ന, മരക്കൊമ്പില്‍ ഊഞ്ഞാലും, മുറ്റത്തെ അവസാന ചപ്പും തൂത്തുവാരി വെള്ളം തളിച്ച് മൂശേട്ട ഭഗവതിയെ ഉച്ചാടനം ചെയ്ത, ഉത്രാട സന്ധ്യയിലെ ഉമ്മറത്തായിരുന്നില്ല.

അച്ചനുമമ്മയും പ്രവാസികളായിരുന്ന ആഫ്രിയ്ക്കയിലായിരുന്നു.

കോളോണിയല്‍ കാലഘട്ടത്തിന്റെ ബാക്കിപത്രമായി നിന്ന കോളജു കാമ്പസിലെ വിക്റ്റോറിയന്‍ വീടിന്റെ ഉമ്മറത്ത്, പടിയ്ക്കലെ കൂറ്റന്‍ ഇരുമ്പു കവാടം കടന്നു വരുന്ന മാവേലിയെ കാത്ത്. പക്ഷെ എന്നേപോലെ അവരും ‘രാത്രിയില്‍ വന്നിരുന്ന’ മാവേലിയെ കണ്ടീല്ല.

അവിടെ ആഫ്രിക്കന്‍ മണ്ണു കുഴച്ചവര്‍ ഓണത്തപ്പനെ ഉണ്ടാക്കി. തെക്കന്‍ കേരളത്തിന്റെ വടക്കു നിന്നുള്ള എനിയ്ക്ക് ഓണത്തപ്പന്‍ അപരിചിതനായിരുന്നെങ്കിലും മദ്ധ്യകേരളത്തില്‍ നിന്നുള്ള അവരുടെ അച്ഛന് ഓണത്തപ്പന്‍ പ്രിയനായിരുന്നു.

ആഫ്രിക്കന്‍ പൂക്കള്‍ പറിച്ചെടുത്ത് അവര്‍ വീടിന്റെ തിരുമുറ്റത്ത് ഓണപ്പൂവിട്ടു. ഒരിക്കല്‍ കൊളോണിയലിസത്തിന്റെ പൊങ്ങച്ചച്ചുവടുകളും പിന്നെ ആഫിയ്ക്കന്‍ നൃത്തത്തിന്റെ വന്യതാളങ്ങളും പതിഞ്ഞിരുന്ന ആ മുറ്റത്ത് മലയാളത്തിന്റെ അടയാളങ്ങളും വീണപ്പോള്‍, കാലത്തിന്റെ ക്ഷേത്രത്തില്‍ ഒരു പുതിയ പൂജ തുടങ്ങുകയായിരുന്നു.

അവിടെയും മലയാളിക്കൂട്ടായ്മകള്‍ ഓണത്തിന്റെ ചമയങ്ങള്‍ ഒരുക്കി. അവരൊരുക്കിയ ഓണത്തിന്റെ വേദികളില്‍ മറ്റു മലയാളിമക്കളോടൊപ്പം ഞങ്ങളുടെ മക്കളും മാവേലിയുടെ കഥകള്‍ കേട്ടു, മറ്റുള്ളവര്‍ക്കു പറഞ്ഞു കൊടുത്തു.

അത്തരം കൂട്ടായ്മകളില്‍ മുതിര്‍ന്നവര്‍ പൊതുവെ പരാതി പറഞ്ഞു , ‘ഇതെന്ത് ഓണമാ, വീട്ടിലൊക്കെ എന്തായിരുന്നു, ആര്‍പ്പും കുരവേം, തുമ്പിതുള്ളലും, കടുവാകളിയും, ഊഞ്ഞാലാട്ടവും. ഇതിപ്പോ....’പക്ഷെ ഒരു കാര്യം പറയാനും ഓര്‍മ്മിക്കാനും അവര്‍ പൊതുവെ താല്‍‌പര്യം കാണിച്ചില്ല, തങ്ങളേക്കാള്‍ നഷ്ടം തങ്ങളുടെ മക്കള്‍ക്കാണെന്ന്.

എന്നിട്ടും മക്കള്‍ക്കായിരുന്നു കൂടുതല്‍ സന്തോഷം, അവര്‍ക്ക് ഓണം ഒരാചാരത്തേക്കാള്‍ വലുതായി ഒരാഘോഷമായിരുന്നു.

കാലം കടന്നു പോയപ്പോള്‍, ഞങ്ങളുടെ മക്കള്‍ക്കും, മാവേലി വളരുന്ന ഒരു പ്രപഞ്ചമായി. അവരും സ്വയം മനസിലാക്കി, മാവേലി ഒരു രാജാവിന്റെ കഥയല്ല, ഒരു ദേശത്തിന്റെ കഥയാണ്, ചരിത്രമാണ് എന്ന്. ചരിത്രമറിയാത്ത പമ്പരവിഡ്ഡികള്‍, അറിവുള്ളവര്‍ പണ്ടു ത്രിവിക്രമനെന്നു വിശേഷിപ്പിച്ച സൂര്യനെ വിഷ്ണുവാക്കി, അവതാരത്തിന്റെ കെട്ടുകഥ ചമച്ച്, ആ ദേശത്തിന്റെ ചാരുതയില്‍ കളങ്കം ചാര്‍ത്തി എന്നും.

അങ്ങനെ മാവേലി അവരുടെയും മനസിന്റെ ഒരനുഭവമായി, അന്ത:ക്കരണത്തിന്റെ ശ്രീകോവിലില്‍ മിന്നുന്ന ഒരു സ്വര്‍ണ്ണമുത്തായി അതു തിളങ്ങി.

നാളെ അവരുടെ മക്കള്‍ക്കും അവര്‍ പറഞ്ഞുകൊടുക്കും, മാവേലിയുടെ കഥ. ആ കഥകള്‍ കേട്ട് ഉമ്മറത്തു ഉറങ്ങാതിരിക്കും അവരും മാവേലിയെ കാത്ത്, വളരുമ്പോള്‍ അവരും തിരിച്ചറിയും മാവേലി ഒരു ദേശത്തിന്റെ കഥയായിരുന്നു എന്ന്. അങ്ങനെ ചരിത്രം ഒരാചാര‍ത്തിലൂടെ സത്യത്തിന്റെ അന്വേഷണമാകുന്നു, ഒരനുഭവമാകുന്നു.

അവരെപ്പോലെ എത്രയെത്ര മക്കള്‍ എവിടെയെല്ലാം കാത്തിരിക്കുന്നുണ്ടാവും മാവേലിയെത്തേടി, ഇന്നത്തെ ഈ ഉത്രാട രാത്രിയില്‍....

വാല്‍ക്കഷണം

കേരളക്കരയുടെ ചരിത്രത്തെ വൈകാരികമായ ഒരനുഭവമാക്കാന്‍ കഴിയുന്ന ഏതൊരാള്‍ക്കും ഓണം ഒരു മതേതര ആഘോഷമായി കാണാന്‍ കഴിയും. ചിന്തിയ്ക്കാന്‍ കഴിവുള്ള ആര്‍ക്കും മാവേലിയെ മിത്തിന്റെ (കെട്ടുകഥയുടെ) വേലിക്കെട്ടില്‍ നിന്നു പുറത്തെടുത്ത് നാടിന്റെ ചരിത്രമായി കാണാനും കഴിയും.

ഓണാശംസകള്‍
ഈ മലയാളം ബ്ലോഗു കൂട്ടായ്മയില്‍ കൂടി അനേകം ആളുകളെ പരിചയപ്പെടുവാന്‍ കഴിഞ്ഞു. എല്ലാവര്‍ക്കും എപ്പോഴും കമന്റുകള്‍ എഴുതാന്‍ കഴിഞ്ഞില്ലെങ്കിലും അവരെ എല്ലാവരേയും തന്നെ അവരുടെ ആശയത്തിലൂടെ അറിയാന്‍ കുറെയൊക്കെ കഴിഞ്ഞു.

ഈ ഓണാഘോഷവേളയില്‍, ഈ മലയാളം ബ്ലോഗു കൂട്ടായ്മയില്‍ ഉള്ള എല്ലാവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കൂട്ടുകാര്‍ക്കും, ഈ ഉത്രാട സന്ധ്യയില്‍ ഓണത്തപ്പനെ കാത്തിരിയ്ക്കുന്ന അവരുടെ മക്കള്‍ക്കും, ‍സൌത്താഫ്രിക്കയില്‍ നിന്നുള്ള ഞങ്ങളുടെ ഓണാശംസകള്‍.


ആവനാഴി, മാവേലി, പ്രിയ, പ്രഭRead more »

Sunday, August 12, 2007

ദേവദാസി-സംബന്ധ സമ്പ്രദായങ്ങളും ഇന്‍ഡ്യന്‍ സ്ത്രീത്വവും

കേരളത്തിന്റെ വേശ്യാസംസ്കാരത്തിനൊരാധാരം എന്ന എന്റെ പോസ്റ്റില്‍ കണ്ണൂസു ചോദിച്ച ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഈ പോസ്റ്റില്‍ കൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. അതിലേക്കു കടക്കുന്നതിനു മുന്‍പ്‌ ചില സംഗതികള്‍ വ്യക്തമാക്കന്‍ താല്‍പര്യപ്പെടുന്നു.

1 ജാതിയേക്കുറിച്ചെഴുതുന്നവരെല്ലാം ജാതിഭ്രാന്തന്മാരാണ്‌ എന്നു ധരിയ്ക്കുന്നത് ‍ ശരിയല്ല. ജാതി മത ഉച്ചനീചത്വങ്ങള്‍ ഇന്ത്യയുടെ അഥവാ കേരളചരിത്രത്തിന്റെ അടയാളങ്ങളാണ്‌. ചരിത്രത്തെ സത്യസന്ധമായി അനേഷിയ്ക്കുന്ന ഏതൊരാള്‍ക്കും അതിനെ തള്ളിക്കളയാനാവില്ല. അതില്‍ ആര്‍ക്കെങ്കിലും ഇഷ്ടക്കേടുണ്ടാകുന്നെങ്കില്‍, അതില്‍ അന്വേഷിയെ കുറ്റം പറയുന്നതില്‍ അര്‍ഥമില്ല.

2കഴിഞ്ഞതൊക്കെ കാലത്തിന്റെ ചാരം കൊണ്ടു മൂടിക്കിടക്കണം എന്നാരെങ്കിലും ശഠിയ്ക്കുന്നുണ്ടെങ്കില്‍ അതു സ്വാര്‍ഥതയുടെ സൗകര്യമാണെന്നേ എനിയ്ക്കു പറയാനുള്ളു.

3 മൂന്നോ നാലോ നൂറ്റാണ്ടുകളല്ല, മൂന്നോ നാലോ സംവല്‍സരങ്ങള്‍ക്കു മുന്‍പു തന്നെ നടന്നിട്ടുള്ള കാര്യങ്ങള്‍ ഇന്നും ഇന്ത്യയുടെ അല്ലെങ്കില്‍ ഇന്ത്യാക്കാരുടെ ആഗോളപ്രതിച്ഛായയെ വേട്ടയാടിക്കൊണ്ടിരിയ്ക്കുന്നു. അതില്‍ വേദനയുള്ള നഷ്ടബോധമുള്ള ഏതൊരിന്ത്യാക്കാരനും (കേരളീയനും)കേരള-ഇന്ത്യാചരിത്രം അവഗണിയ്ക്കാനാകുന്ന ഒന്നല്ല. കേരളത്തിന്റെ ജാതിചരിത്രം ആ മഹാചരിത്രത്തിന്റെ ഒരു ഭാഗമാണ്‌.

4. ലോക സംസ്കാരത്തില്‍ പ്രഗല്‍ഭമെന്നു പേരുണ്ടെങ്കിലും ഇന്ത്യന്‍ സംസ്കാരം ഇന്ന് ഏറ്റവും അവഗണിയ്ക്കപ്പെടുകയാണ്. അതിനുള്ള ഒരു കാരണം, ജാതിവിവേചനം, സ്ത്രീ പീഡനം തുടങ്ങിയവ ഒക്കെ ഇന്ത്യയില്‍ ഭൂരി‍പക്ഷത്തിന്റെയും മുഖമുദ്രയാണെന്നുള്ള പുറത്തുള്ളവരുടെ ധാരണയാണ് (ഉദാ: അമേരിയ്ക്കന്‍ റ്റോക്ക് ഷൊ ക്വീന്‍ ഓപ്ര വിന്‍ഫ്രീയുടെ ഷോകള്‍). ഇത്തരം ധാരണകള്‍ തിരുത്താന്‍ ഇന്ത്യയിലാരും ഇതുവരെ ശ്രമിച്ചിട്ടുണ്ടോ എന്നു തന്നെ സംശയിക്കുന്നു. ഇതിന്റെ പേരില്‍ കുറ്റം ചെയ്യാത്ത അനേകം പേര്‍ നാണം കെടേണ്ടി വരുന്നു.

5.സ്വന്തം പൂര്‍വ്വീകര്‍ ചെയ്ത തെറ്റുകളെ മുഖാമുഖം കാണാന്‍ തയാറാകാത്ത ഒരു രാജ്യവും വ്യക്തിയും സമൂഹവും പുതിയ കാഴ്ചപ്പാടുകളെ മനസിലാക്കി പുരോഗമിയ്ക്കന്‍ പ്രാപ്തരാകുന്നില്ല. പുരോഗതിയുടെ ഈ കാഴ്ച്ചപ്പടുണ്ടായെങ്കില്‍ ഒരുമിച്ചു മുന്നേറാന്‍ കഴിയുമായിരുന്ന ഒരു ജനത ഒന്നുമല്ലാതെ പോകുന്നതിലുള്ള വ്യസനം ഈ ലേഖനമെഴുതാനുള്ള ഒരു പ്രചോദനമാണ്‌.

6.ദൈവത്തിന്റെ പേരില്‍ ആസൂത്രണം ചെയ്ത മത-ലൈംഗിക പീഡനത്തില്‍ അടിമപ്പെട്ട് എല്ലാം നശിക്കേണ്ടി വന്ന സ്ത്രീകള്‍. സ്വന്തം ശരീരം വിറ്റ് ആഢ്യതയുടെ കൂറത്തുണീ മന:പൂര്‍വം വാങ്ങി കെട്ടിയണിഞ്ഞവര്‍. ഭാരത (കേരള) സ്ത്രീത്വത്തിന്റെ ഈ രണ്ടു തീവ്രഭാവങ്ങള്‍ക്കുമിടയില്‍ അതിന്റെ യധാര്‍ഥമുഖത്തെ തേടുന്ന ആര്‍ക്കും അവ രണ്ടിനേയും മനസിലാക്കാതിക്കാന്‍‍ കഴിയില്ല. തന്നെയുമല്ല, ആ രണ്ട് വ്യവസ്ഥകളുടേയും സാമൂഹ്യ, രാഷ്ട്രീയ, മന:ശാസ്ത്ര, ധാര്‍മ്മിക, അനുഭവങ്ങളില്‍ നിന്ന് ഭാരതസ്ത്രീ ഇന്നും മോചിതയുമല്ല.

7. നമ്മുടെ ചരിത്രത്തിന്റെ ഭാഗമായിരുന്ന/ഇരിയ്ക്കുന്ന ഈ സത്യങ്ങളൊക്കെ ഇന്നത്തെ തലമുറ അറിയേണ്ടിയിരിയ്ക്കുന്നു. അറിഞ്ഞിട്ട്‌? അതിന്റെ ശേഷശരീരത്തില്‍ ശേഷക്രിയകള്‍ അര്‍പ്പിച്ച്‌ മാനവികതയുടെ പുതിയ പരികര്‍മ്മികള്‍ക്ക്‌, ഇന്നു പീഡിതമായിരിയ്ക്കുന്ന ഇന്ത്യന്‍ സംസ്കാരത്തിനൊരു പുതിയ മുഖം കൊടുക്കാന്‍ കഴിയുന്നെങ്കില്‍ അതാവട്ടെ.

ഈ പശ്ചാത്തലത്തിലാണ്‌ ഞാന്‍ കണ്ണൂസിന്റെ ചോദ്യങ്ങള്‍ക്കുത്തരം കൊടുക്കാന്‍ ശ്രമിയ്ക്കുന്നത്.
(മുത്തപ്പന്റെ പോസ്റ്റില്‍ എഴുതിയതിന്റെ അടിസ്ഥാനത്തില്‍ എനിയ്ക്കു മറുപടി പറയാന്‍ കഴിയില്ല എന്നും അറിയിയ്ക്കട്ടെ. വേറൊരാളുടെ ചിന്താഗതി കടമെടുക്കുന്നതു ശരിയാവില്ല. എനിയ്ക്കെഴുതാനുള്ളതു മാത്രമാണ് ഞാന്‍ എഴുതുന്നത്)

ചോദ്യം ഒന്ന്:"ദേവദാസി/കൂത്തിച്ചി/തേവിടിച്ചി സമ്പ്രദായത്തില്‍ സമൂഹത്തില്‍ ഉന്നതസ്ഥാനം ലഭിച്ചവര്‍ ഒക്കെ സവര്‍ണ്ണര്‍ ആയിരുന്നു എന്ന ഊഹമാണ്‌ മുത്തപ്പന്റ പോസ്റ്റിലും തുടര്‍ന്നുണ്ടായ ചര്‍ച്ചകള്‍ക്കും വഴിവച്ചത്‌. ഇതീല്‍ എന്തെങ്കിലും അധാരമുണ്ടോ?"

ചര്‍ച്ചകളില്‍ പങ്കെടുത്തവരുടെ ഊഹത്തേക്കുറിച്ചു പറഞ്ഞാല്‍, ഞാന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഒരാളാണ്. പക്ഷെ ഞാന്‍ അങ്ങനെ ഊഹിച്ചിട്ടില്ല. ഊഹം എന്നു പറഞ്ഞാല്‍ അടിസ്ഥാനമില്ലാത്ത കാര്യങ്ങളേക്കുറിച്ച് ഉഹാപോഹങ്ങള്‍ നടത്തുക എന്നതാണ്. എന്റെ അറിവനുസരിച്ച്‌ അവിടെ കമന്റിട്ടവര്‍ അവരവരുടെ ആശയ സാധൂകരണത്തിലേക്കു ആധാരങ്ങള്‍ ഏറെക്കുറെ കൊടുത്തിരുന്നു. അപ്പോള്‍ പിന്നെ അതിനെ ഊഹാപോഹമായി എടുക്കുന്നതില്‍ വിഷമമുണ്ട്‌.

ഇനി 'സവര്‍ണര്‍' എന്ന പ്രയോഗവും ഈ സന്ദര്‍ഭത്തില്‍ വിഷമമുണ്ടാക്കുന്നു. കാരണം സവര്‍ണര്‍ എന്ന പദപ്രയോഗം കൊണ്ട്‌ ഉദ്ദേശിയ്ക്കുന്നതു ബ്രാഹ്മണരേക്കൂടിയാണല്ലോ. ബ്രാഹ്മണരുടെ കുടുംബവ്യവസ്ഥ പാട്രിയാര്‍ക്കിയാണ്‌, മാട്രിയാര്‍ക്കി അല്ല. ബ്രാഹ്മണ സ്ത്രീകള്‍ സംബന്ധസംസ്കാരം അനുഷ്ടിച്ചിരുന്നു എന്ന് കേരളചരിത്രത്തിലില്ല. ബ്രാഹ്മണര്‍ കേരളത്തിന്റെ സ്വത്തു സ്വന്തമാക്കിയത്‌ വ്യാജമായ അധികാരപദവി ഉപയോഗിച്ചാണ്‌ എന്നാണ് ആക്ഷേപം.

പിന്നെ 'ദേവദാസി/കൂത്തിച്ചി/തേവിടിച്ചി സമ്പ്രദായങ്ങള്‍' എന്നെഴുതിയതില്‍ നിന്ന് മൂന്നും ഒന്നിന്റ പര്യായമാണ് എന്നാണു വിവക്ഷിയ്ക്കുന്നത്. അതിലുമുണ്ട്‌ പ്രശനങ്ങള്‍. കാരണം ദേവദാസി സമ്പ്രദായം ഇവിടെ ചര്‍ച്ചാവിഷയമായിരിയ്ക്കുന്ന 'കൂത്തിച്ചി/തേടിച്ചി' സമ്പ്രദാത്തില്‍ നിന്ന് വേറിട്ടു നില്‍ക്കുന്ന ഒന്നാണ്‌.

ഇനിയും അവ എങ്ങനെ വേറിട്ടു നില്‍ക്കുന്നു എന്നുള്ളതു വ്യക്തമാക്കാന്‍ ശ്രമിക്കട്ടെ.

ദേവദാസി സമ്പ്രദായം എന്നു പറഞ്ഞാല്‍ എന്ത്?

ദേവദാസി എന്നു പറഞ്ഞാല്‍ ദൈവത്തിന്റെ ദാസികള്‍, ദൈവവേല ചെയ്യുന്നവര്‍, സന്യാസിനി എന്നൊക്കെയാണല്ലോ‍. അതു പരിശുദ്ധമായ ഒരു ജോലിയും സേവനവും ഒക്കെയാണ്. അത്തരം ജോലി ചെയ്യുന്നവര്‍ക്കു സമൂഹത്തില്‍ ഉന്നതമായ സ്ഥാനവും ഉണ്ടാകും. എന്നാല്‍ അത്തരം സ്ഥാനമുണ്ടായിരുന്നവര്‍, കാലക്രമത്തില്‍ ദൈവത്തിന്റെ പ്രതിപുരുഷന്മാരെന്നവകാശപ്പെട്ട ക്ഷേത്രബ്രാഹ്മണ പൂജാരികളുടെ ലൈംഗിക വസ്തുക്കളും, നാട്ടുകാരുടെ പരിശുദ്ധ വേശ്യകളും (sacred prostitutes) ആയിത്തീര്‍ന്നു എന്നുള്ളതാണ് ദേവദാസി സമ്പ്രദായത്തിന്റെ ഉള്ളടക്കം.

ഈ ഉള്ളടക്കത്തിന്റെ ഏടുകള്‍ തിരയുന്ന ഡോ. കെ. ജെംനദാസ് അഭിപ്രായപ്പെടുന്നത് ദേവദാസികള്‍‍ ഒരു കാലത്തു ബുദ്ധഭിക്ഷുകികളായിരുന്നു എന്നാണ്. അനേകം ആധാരങ്ങളെ അടിസ്ഥാനപ്പെടുത്തി അദ്ദേഹം തയ്യാറാകിയ, 'Devadasis Were Degraded Budhist Nuns' എന്ന പഠനത്തില്‍, ദേവദാസി സമ്പ്രദായത്തിന്റെ അനേകം ശോചനീയമായ അവസ്ഥകളേക്കുറിച്ചുള്ള വേളിപ്പെടുത്തലുകളുണ്ട്.

ആ വെളിപ്പെടുത്തലുകളെ ഒരു പ്രധാന ആധാരമാക്ക്കൊണ്ട്, ഇന്ത്യയിലെ ദേവദാസി സമ്പ്രദായത്തേക്കുറിച്ചും കേരളത്തിലെ സംബന്ധസംസ്കാരത്തേക്കുറിച്ചും ഞാന്‍ മനസിലാക്കിയ കാര്യങ്ങള്‍ താഴെപ്പറ്യുന്നവയാണ്

1 ബുദ്ധമതം പ്രചാരത്തിലിരുന്ന കാലത്ത് പെണ്‍കുട്ടികളെ ബുദ്ധഭിക്ഷുകികളാക്കുക എന്നൊരു സമ്പ്രദായം നിലനിന്നിരുന്നതായി കാണാം. അക്കാലത്തു സ്ത്രീകള്‍ക്കു സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനവും ഉണ്ടായിരുന്നു. അന്ന് ഉപനയന അവകാശം സ്ത്രീകള്‍ക്കും ഉണ്ടായിരുന്നു. എല്ലാ അറിവുകളും നേടിക്കഴിഞ്ഞ രണ്ടാം ജന്മമാണല്ലോ ഉപനയനം. ഇന്ത്യന്‍ മതങ്ങളിലും വേദ-ശാസ്ത്രങ്ങളിലും പാണ്ടിത്യം കൂടാതെ സ്ത്രൈണകലകളായ, നൃത്തം, സംഗീതം, ചിത്രമെഴുത്ത് ഇവയൊക്കെ വികസിപ്പിയ്ക്കുകയും അവരുടെ ചുമതലയില്‍ നടന്നിരുന്നു.

2. ബുദ്ധ മതത്തിനു ശേഷം ഉടലെടുത്ത ബ്രാഹ്മണമതം (ഇതിന്റെ ഒരു പതിപ്പാണ് ഇന്നു ഹിന്ദു മതം എന്നറിയപ്പെടുന്നത്), മനുവിന്റെ സംഹിതാനുസരണം സ്തീകളുടെ ഉപനയനം, വിദ്യാഭ്യാസത്തിനുള്ള അവകാശം തുടങ്ങി അനേക അവകാശങ്ങളെ‍ ഇല്ലാതാക്കി (500-1800AD). കൂടാതെ പെണ്‍കുട്ടികള്‍ക്കു ശൈശവവിവാഹം ഏര്‍പ്പെടുത്തി. വിധവകളുടെ പുനര്‍വിവാഹം നിരോധിക്കുകയും, സ്ത്രീകള്‍ക്കു പര്‍ദസമ്പ്രദായം ഏര്‍പ്പെടുത്തുകയും ചെയ്തു. ചാതുര്‍വര്‍ണ്യ ഇടപെടലുകളോടെ സ്ത്രീകളെ ‘ശൂദ്രര്‍ക്കു‘ തുല്യരായി തരം താഴ്ത്തി. വിദ്യ അഭ്യസിയ്ക്കുന്നതില്‍ നിന്നും, വേദകര്‍മ്മങ്ങളില്‍ നിന്നും അവര്‍ക്കു വിലക്കുകളും കല്‍പ്പിച്ചു.

പുരാണങ്ങള്‍ എഴുതിയതും ജനകീയമാക്കിയതും ഏതാണ്ട് ഇതേ കാലഘട്ടത്തി തന്നെയാണ് എന്നനുമാനിയ്ക്കാം. പുരാണ കഥകളിലെ സ്ത്രീ കഥാപാത്രങ്ങളെ നിരത്തി ഉത്തമസ്ത്രീകള്‍ എങ്ങനെയായിരിയ്ക്കണം എന്നു സ്ത്രീകളല്‍ മിഥ്യാധാരണകള്‍ വളര്‍ത്തുക വഴി അവര്‍ യുക്തിചിന്ത വെടിഞ്ഞ് ഭ്രാന്തമായ ഭക്തിയിലേക്ക് ആനയിക്കപ്പെട്ടു. ഇതോടെ ദിനം പ്രതി ക്ഷേത്രസന്ദര്‍ശകരായ സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടേതില്‍ നിന്നു പതിന്മടങ്ങു വര്‍ദ്ധിയ്ക്കാന്‍ തുടങ്ങി. അമ്പല ദൈവങ്ങളെ സന്ദര്‍ശിച്ചു പ്രസാദിപ്പിച്ചു കിട്ടുന്ന ‘പുണ്യം ’ ഒരു സ്ത്രീഗുണമായി കൊട്ടിഘോഷിക്കപ്പെട്ടതോടെ അവരില്‍ അന്നുവരെ ഉണ്ടായിരുന്ന യധാര്‍ഥ ഗുണങ്ങള്‍ക്കും മേന്മകള്‍ക്കും വിലയില്ലാതായി.

"Thus the very women whom religion had once considered as outcastes, were also the most faithful custodians of its spirit and traditions (1973: 176)" [Jagan Shankar, p. 9]

സ്ത്രീകളെ ഇത്തരം ഭക്തിഭ്രമത്തിലേക്കു തരം താഴ്ത്തിയ കലത്തിലെവിടെയോ ആണ് ദേവദാസികള്‍ക്ക് ദൈവപ്രതിപുരുഷനനെന്നവകാശപ്പെട്ട ബ്രാഹ്മണന്റെ ലൈംഗികദാസിയായി മാറേണ്ടി വന്നത് എന്നനുമാനിയ്ക്കാം.

3 ദേവദാസി സമ്പ്രദായം കൂടുതല്‍ പ്രബലമായത് ഇന്നു ദ്രാവിഡസംസ്ഥാനങ്ങള്‍ എന്നറിയപ്പെടുന്ന തെക്കെ ഇന്‍ഡ്യയിലാണ്. എന്നാല്‍ ഇതില്‍ നിന്നും ഇതൊരു ദ്രാവിഡസംസ്കാരമായി കണക്കാക്കുന്നതു ശരിയല്ല. കാരണം ദ്രാവിഡസംസ്കാരത്തിന്റെ ആദി സംസ്കാരമായ സിന്ധു നാഗരികതയുടെ കാലഘട്ടത്തില്‍ ദേവദാസിസംസ്കാരം നിലനിന്നിരുന്നില്ല.

4 ആര്യസംസ്കാരത്തിന്റെ ചരിത്രമെടുത്താല്‍, വേദകാലഘട്ടം മുതല്‍ക്കേ പൊതുവേശ്യകളെ പറ്റി ധാരാളം പരാമര്‍ശനങ്ങള്‍ കാണാം. “A marathi scholar, "Itihasacharya" V. K. Rajwade, who had taken a vow not to write in English, has described many sexual practices of Aryas, whom he always referred to as "our savage ancestors". They used to have free sex openly in front of fire.”

റിഗ്വേദം ആ കാലഘട്ടത്തിലെ വ്യഭിചാരരീതികളെ വ്യക്തമാക്കുന്നുണ്ട്.

പുരാണങ്ങളില്‍, സത്വഗുണ പ്രധാനികളായ ബ്രാഹ്മണ ശ്രേഷ്ഠന്മാരുടേയും കുലഗുരുക്കളായ മഹര്‍ഷിവര്യന്മാരുടേയും ലൈംഗികാ‍ഭാസങ്ങളെ ദൈവീകപരിവേഷം കലര്‍ത്തി വിസ്തരിയ്ക്കുന്നുണ്ട്. ‘പുത്രകാമേഷ്ടി യജ്ഞം’, ‘ലജാഹോമം’, ‘അനംഗദാന പ്രദാനം’ ഇവയൊക്കെ ഇത്തരം ആചാരങ്ങളായിരുന്നു എന്ന് ശ്രീ രാജാസിനെ ഉദ്ധരിച്ച്, ജംനദാസ് പറയുന്നുണ്ട്.
“Use of sex by brahmins to keep domination over the masses is not a new thing. Shri Rajas gives many examples like 'putra kameshti yadna', the rite of 'laja hom' during Vedic marriages where the 'devas' give up their right over the bride, an old tradition of offering of wife to the guest for the night, the tradition of rajpurohit spending time with the queen in king's absence on war or hunting - the rite called 'anang dana pratana'....., [Vasant Rajas, p. 4 ff.].“

ഹിന്ദു ശാസ്ത്രത്തില്‍ ഉള്‍പ്പേടുത്തിയിരുന്ന ‘ചക്രപൂജ’ എന്ന ആചാരത്തെക്കുറിച്ചു താഴെപ്പറയുന്ന കൊട്ടേഷനില്‍ നിന്നു മനസിലാക്കാം.

“It is described in the Hindu sastras as 'chakrapuja'. M.M. Dr. P. V. Kane has described it in his 'dharma sastra cha itihas'. He describes that, an equal number of men and women assemble secretly in the night, without any consideration of caste or relationship, and sit around a paper on which 'chakra' is drawn as a symbol of goddess. All the women remove their cholis and put it in a pot, and every man picks up a choli at random and selects his partner for the night. A Hindu Tantrika text, "Kularnava Tantra", he says, mentions that God has ordered that, what ever good or bad transpires that night must never be disclosed. Kane had heard in his childhood that this puja was practiced in some cities in Maharashtra. [Marathi translation by Y. B. Bhat, p. 430, second edition, 1980, Maharashtra Rajya Sahitya Sanskruti Mandal, Mantralaya, Mumbai] “

5 ബുദ്ധന്റെ കാലഘട്ടത്തിലും‍ നിലനിന്നിരുന്നു വേശ്യകള്‍. കൌടില്യന്റെ അര്‍‌ത്ഥശാസ്ത്രത്തിലും വേശ്യകളെക്കുറിച്ചു(ഗണികകള്‍) പറയുന്നുണ്ട്.

6. വാത്സ്യായനന്റെ കാമശാസ്ത്രത്തിലും വേശ്യകളുടെ പരാമര്‍ശമുണ്ട്. ക്രിസ്തുവിനു ശേഷം ഏഴാം നൂറ്റാണ്ടിലെഴുതിയ ‘മൃഛകടികം‘ എന്ന സംസ്കൃത നാടകത്തിലും കൊട്ടാരവേശ്യകളെക്കുറിച്ചു പറയുന്നുണ്ട്. അതേ കാലഘട്ടത്തിലോ അതിനു ശേഷമോ എഴുതപ്പെട്ട ദ്രാവിഡ കൃതികളായ ‘മണിമേഖലയിലും’ ‘ചിലപതികാരത്തിലുമുണ്ട് പാട്ടിലും നൃത്തത്തിലും നിപുണകളായ സ്ത്രീകളെക്കുറിച്ചുള്ള വര്‍ണ്ണനകള്‍ (മാ‍ധവി)

7 എന്നാല്‍ മുകളില്‍ പറഞ്ഞതൊക്കെ മാംസക്കച്ചവടത്തിന്റെയും ആളുകള്‍ പരസ്പര ധാരണയോടെ നടത്തിയിരുന്ന കാമകേളികളുടേയും സമ്പ്രദായങ്ങളായിരുന്നു. അവയൊന്നും ദേവദാസി സമ്പ്രദായങ്ങള്‍ ആയിരുന്നില്ല.

8ബ്രാഹ്മണാധിപത്യം ഇന്ത്യയില്‍ വേരൂന്നുമ്പോള്‍ ഇന്ത്യയിലെ ജനങ്ങള്‍ എല്ലാവരും തന്നെ ബുദ്ധമതവിഭാഗക്കാരായിരുന്നു. കാലം കഴിയവേ ഈ ജനങ്ങള്‍ ജാതി/മത വിവേചനത്താല്‍ അധ:കൃതരും പിന്നോ‍ക്കക്കാരുമായി തരം താഴ്ത്തപ്പെട്ടു. ഈ ചെറുതല്ലാത്ത മാറ്റങ്ങള്‍ ബ്രാഹ്മണര്‍ നേടിയെടുത്തത് പുറത്തു നിന്നു കുടിയേറിയ യോധാ (ഉദ.രജപുത്ര) പടയാളി സഹായത്തോടെ അവര്‍ സൃഷ്ടിച്ചെടുത്ത രാജ-ഫ്യൂഡല്‍ ഭരണവ്യവസ്ഥകളിലൂടെയായിരുന്നു എന്നുള്ളതു പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിയ്ക്കുന്നു.
ഈ കാലഘട്ടത്തില്‍ ബുദ്ധമത വിശ്വാസികള്‍ ക്രൂരമായ പീഡനങ്ങള്‍ക്കു വിധേയമായി. ചിലര്‍ കൊല്ലപ്പെടുകയും ചിലര്‍ നാടുവിട്ടോടുകയും ചെയ്തു. ചിലര്‍ രണ്ടാംകിട ബ്രാഹ്മണരായി സ്വയം തരം താണു ബ്രാഹ്മണമതത്തില്‍ ചേര്‍ന്നു.

9പക്ഷെ ഒരുതരത്തിലും രക്ഷപെടാനാവാതെ അവശേഷിച്ച ബുദ്ധഭിക്ഷുകികള്‍ക്കെന്തു സംഭവിച്ചു?

അവര്‍ ബുദ്ധക്ഷേത്രങ്ങളില്‍ അവശേഷിച്ചു, പൂജാരികളായി അവതരിച്ച ബ്രാഹ്മണരുടെ അധീനതയില്‍. ആദികാലങ്ങളില്‍ അമ്പലദൈവങ്ങള്‍ക്കു ഭക്ഷണം കൊടുക്കുക, അവകള്‍‍ക്കു മുന്‍പില്‍‍ നൃത്തം ചെയ്യുക തുടങ്ങിയ പണികളില്‍‍ അവര്‍ ഏര്‍പ്പെട്ടു.

10.ക്രമേണ ബ്രാഹ്മണമതം അതിന്റെ ക്ഷേത്രവ്യവസ്ഥകളിലൂടെ വിപുലമാകാന്‍ തുടങ്ങി. അതോടെ ദേവദാസികളുടെ എണ്ണവും വിപുലമാക്കേണ്ടി വരുകയും അതിലേക്ക് പുതിയ രീതികള്‍ ആവിഷ്ക്കരിക്കേണ്ടതായും വന്നു. ബ്രാ‍ഹ്മണമതം ബുദ്ധമതാചാരങ്ങളെ സ്വന്തം ആശയങ്ങള്‍ക്കനുസരിച്ചു വളച്ചൊടിച്ചു വികൃതമാക്കിയായിരുന്നു തുടര്‍ന്നുപോന്നത് എന്നുള്ളത് ഇന്നലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണല്ലോ?

ദേവദാസികളെ ക്ഷേത്രത്തിലേക്കു കൊടുക്കുന്ന ബുദ്ധമതാചാരത്തേയും അവര്‍ മാറ്റിമറിച്ചു. പെണ്‍കുട്ടികളെ സന്യാസികളാക്കുന്നതിനു പകരം ദൈവത്തിന്റെ ഭാ‍ര്യമാരാക്കി. അതിനു പകരമായി അവര്‍ക്കും കുടുംബങ്ങള്‍ക്കും ദൈവപ്രീതിയും പുണ്യവും കിട്ടുമെന്നു പ്രചരിപ്പിച്ചു. പെണ്‍കുട്ടികളെ ദൈവത്തിനു വിവാഹം കഴിച്ചു കൊടുക്കുന്നത് ‘അര്‍പ്പണം‘ എന്ന ആചാരമാക്കി. ഇത്തരം അര്‍പ്പണങ്ങള്‍ക്കായി വലിയ അഘോഷങ്ങള്‍ ഒരുക്കപ്പെട്ടു. ദേവദാസികളുടെ സ്വന്തമായ ദേവതകളും (യെല്ലമ്മ) ആരാധനക്കുട്ടായ്മകളും ഉണ്ടാക്കി. എല്ലാത്തിനും ഉപോല്‍‍ബലകമായി കെട്ടുകഥകളും മിനഞ്ഞെടുത്തു.

ആര്‍ഭാടപൂര്‍വമായ അര്‍പ്പണങ്ങള്‍ക്കു ഭാരിച്ച ചിലവുകള്‍ വേണ്ടിവന്നു. ആ ചിലവുകള്‍ നടത്തുന്ന ആളിനായിരുന്നു പ്രധാനമായും ദേവദാസിയിലുള്ള ലൈംഗികാവകാശം. എന്നാല്‍ അമ്പല പ്രതിമയുമായുള്ള വിവാഹം കഴിയുന്ന ആദ്യരാത്രി‍ അവള്‍ പൂജാരിയുടെ കൂടെ ചിലവഴിച്ചു.

ദൈവവിവാഹത്തോടോപ്പം ഓരോ ദേവദാസിയും ചില പ്രതിജ്ഞകള്‍ എടുക്കേണ്ടത് ആവശ്യമായിരുന്നു: അവള്‍‍ക്കിനി ഒരു വിവാഹജീവിതത്തിനുള്ള അവകാ‍ശമില്ലെന്നു, ആഴ്ചയില്‍ വെള്ളിയാഴ്ച്ചയും ചൊവ്വാഴ്ചയും നിരാഹാരമിരിയ്ക്കാമെന്നും അന്നേദിവസം നാട്ടുതെരുവില്‍ ഭിക്ഷയെടുക്കാമെന്നും മറ്റും.

പക്ഷെ സ്വന്തമായി ഭര്‍ത്താവില്ലെങ്കിലും അവള്‍ ഗ്രാമത്തിലുള്ളവരുടെ മുഴുവന്‍ ഭാര്യയായി, അവള്‍ക്കു മക്കളുണ്ടായി, പക്ഷെ ജന്മം നല്‍കിയ പുരുഷന്റെ പേരോ സ്വത്തോ ആ മക്കള്‍ക്കു വിലക്കപ്പെട്ടിരുന്നു.

അഴകും ആരോഗ്യവും കുറയുന്നതോടെ, അവര്‍ക്കു ജീവസന്ധാരണത്തിനു വേണ്ടി ഭിക്ഷയെടുക്കേണ്ടി വരുക സാധാരണമായിരുന്നു. ചിലര്‍ പട്ടണങ്ങളിലെ വേശ്യാസദനങ്ങളിലേക്കു രക്ഷപെടുന്നതു പതിവാക്കി.പക്ഷെ എവിടെപ്പോയാലും ജീവിതത്തിന്റെ അന്ത്യ നാളുകളില്‍, ലൈംഗികരോഗങ്ങള്‍ക്കടിമപ്പെട്ട്, വെറുക്കപ്പെട്ട്, ഏകാന്തതകളുടെ തടവുകാരികളായി പൊലിഞ്ഞു തീരുക അവരുടെ ഗതിയായിരുന്നു.

11. അധ:കൃതരെന്നു മുദ്രകുത്തിയവരുടെ കുടുംബങ്ങളില്‍ നിന്നു മാത്രമായിരുന്നു ആ പെണ്‍കുട്ടികള്‍ ദേവദാസികളായി അര്‍പ്പിയ്ക്കപ്പെട്ടിരുന്നത് എന്നുള്ളതു മറ്റൊരു പ്രധാന വിഷയമാണ്. ആ കാലഘട്ടത്തിന്റെ മതപര, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പശ്ചാത്തലത്തേക്കുറിച്ചു മനസിലാക്കുവാന്‍ ഇതു ധാരാളം ഉപകരിയ്ക്കും.

12. ദ്രാവിഡ സംസ്ഥാനങ്ങളിലാണ് ദേവദാസി സമ്പ്രദായം കൂടുതല്‍ പ്രബലമായത് എന്നു മുന്‍പേ പറഞ്ഞിരുന്നുവല്ലോ. അതിനു കാരണമായി കാണുന്നത്, ആറാം നൂറ്റാണ്ടിനു ശേഷം, ആ സംസ്ഥാനങ്ങളില്‍ പ്രബലമായി തീര്‍ന്ന ബ്രാഹ്മണസാന്നിദ്ധ്യവും, രാജഭരണവും, എല്ലാത്തിനുമുപരി അവിടെ വര്‍ദ്ധിച്ചു വന്ന ബ്രാഹ്മണ ക്ഷേത്രങ്ങളുമാണ്. (അവിടെ ബ്രാഹ്മണക്ഷേത്രങ്ങളായി മാറിയ പല ക്ഷേത്രങ്ങളും ബുദ്ധക്ഷേത്രങ്ങളായിരുന്നു എന്നുള്ളതിനു ശക്തമായ തെളിവുകള്‍ ഇന്നുണ്ട്)

ഒരു തമിഴ് ലിഖിതമനുസരിച്ച് AD 1004ല്‍ തഞ്ചാവൂരില്‍ മാത്രമായി 400ഉം, ബ്രഹന്ദേശ്വര ക്ഷേത്രത്തില്‍ 450ഉം, കാശി സോമനാഥക്ഷേത്രത്തില്‍ 500ഉം ദേവദാസികള്‍ ഉണ്ടായിരുന്നു. 1139ലെ ഒരു ലിഖിതമനുസരിച്ച് അന്ധ്രയിലെ നാഗേശ്വരരാവു ക്ഷേത്രത്തില്‍ എട്ടു വയസു തൊട്ടുള്ള ദേവദാസികള്‍ ഉണ്ടായിരുന്നു. പുരിയിലെ ജഗന്നാഥക്ഷേത്രത്തില്‍ ദേവദാസികള്‍ അറിയപ്പെട്ടിരുന്നത് ‘മഹാരികള്‍’ എന്നായിരുന്നു. (മഹാരാഷ്ട്രയിലെ ഒരു പ്രമുഖ ‘അധ:കൃത വര്‍ഗമായിരുന്നു മഹാര്‍).

കേരളത്തിലും ദേവദാസികള്‍ ‘മഹാരികള്‍’ എന്നായിരുന്നു അറിയപ്പെട്ടിരുന്നത് എന്നു പറയുന്നു. ഗുജറാത്തിലെ 4000 ക്ഷേത്രങ്ങളിലായി 20.000 ദേവദാസികള്‍ ആ കാലഘട്ടത്തില്‍ ഉണ്ടായിരുന്നതായി അറിയുന്നു.

കൃഷ്ണ ക്ഷേത്രത്തിലെ സുരലോക സുന്ദരികളായ ദേവദാസികളേക്കുറിച്ചും വിവരങ്ങളുണ്ട്. പ്രേമാവതാര‍മായ കൃഷ്ണനും ദേവദാസികളും തമ്മിലുള്ള ബന്ധത്തെ മിസ്റ്റിക് ഭക്തിയുടെ പ്രേമരാഗലയത്തില്‍ ചുറ്റിത്തിരിച്ച് ആത്മീയതലത്തിലേക്കുയര്‍ത്തിയാണല്ലോ ഒരു കാലഘട്ടത്തിലെ ഇന്ത്യന്‍ ‍ സംസ്കാര-സാഹിത്യ കൃതികളെല്ലാം അവയുടെ നിലനില്‍പു സാദ്ധ്യമാക്കിയതു തന്നെ. വൃന്ദാവനത്തിലെ കൌമാരസഖികള്‍ക്കെല്ലാം ഒരുപോലെ കമിതാവായിരുന്ന കൌമാരകൃഷ്ണന്‍, പതിനായിരത്തെട്ടു ഭാര്യമാര്‍ക്കും ഒരു പോലെ ഭര്‍ത്താവായ ഭഗവാന്‍ കൃഷ്ണന്‍, ഇനി അങ്ങോട്ടു കടന്നിരുന്നെങ്കില്‍ ഭാരതനാരികള്‍ക്കെല്ലാം ഒരുപോലെ ഭര്‍ത്താവാകുമായിരുന്ന ദ്വാര‍കാ കൃഷ്ണന്‍, വാഹ്, വാഹ്, ഭാരതത്തിലെ പ്രേമകാണ്ഡത്തിന്റെ അടരുകളില്‍ എത്ര പ്രമാദമായാണ് കൃഷ്ണ-ദേവദാസീ സങ്കല്പം ഒരുക്കിയിട്ടിരിയ്ക്കുന്നത്.

കൃഷ്ണക്ഷേത്രത്തിലെ ദേവദാസികളെ ‘മുരളികള്‍’ എന്നായിരുന്നു വിളിച്ചിരുന്നത്.

13 കാലം മാറിയതോടൊപ്പം

കാലവും സമൂഹങ്ങളും മാറിയതോടൊപ്പം ദേവദാസി സമ്പ്രദായങ്ങല്‍ക്കും മാറ്റങ്ങള്‍ വന്നു.

വീരശൈവ പുരോഹിതരും, ബ്രാഹ്മണ പുരോഹിതരെപ്പോലെ ദേവദാസികളെ തങ്ങളുടെ ലൈംഗികാവശ്യത്തെലേക്കായി ഉപയോഗിക്കാന്‍ തുടങ്ങി. “At least during British times, Veera Shaivas did not lag behind the Brahmins and the kings in exploitation of these girls.“

രാജഭരണ വ്യവസ്ഥയില്‍ ദേവദാസികള്‍ രജാക്കന്മാരുടെ വരുമാനമാര്‍ഗമാകാന്‍ തുടങ്ങി. “The kings, however, make them a source of attraction to their subjects so that they may meet the expendicture of their armies out of the revenues derived therefrom..' (U.N Ghosal)

ക്രമേണ, ദേവദാസികളുടെ മേലുള്ള അവകാശത്തിനു വേണ്ടി രാജാക്കന്മാരും ബ്രാഹ്മണരും തമ്മില്‍ മത്സരം അരംഭിച്ചു. “Ultimately the conflict was resolved by an understanding and devadasis were branded on their chest with emblems of 'garuda' (eagle) and 'chakra' (discus) for kings and 'shankha' (conch) for brahmins. [Rajas: p. 2]“

ആ മാറ്റങ്ങളുടെ മറ്റൊരു പരിണാമമായിരുന്നു ദേവദാസികളെ വേശ്യകളാക്കി രാജകൊട്ടാരങ്ങളിലേക്കു കൊണ്ടു പോയത്.

"At a later stage, devadasis were asked to serve the king as in the case of God, since the king was considered to be God on earth. In fact Kings sponsored this cult. Temple dancers along with their traditional ritual functions started rendering their services to royal palaces and assisting Kings in the art of politic. They were use in espionage activities against enemy Kings and Court dancer..”.

രാജാവിന്റെ അത്തരം തീരുമാനങ്ങള്‍ക്കു ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടായി. രാജാവിന്റെ പ്രവൃത്തികള്‍ പ്രജകളും അനുകരിക്കാന്‍ തുടങ്ങി, പ്രത്യേകിച്ചു സമ്പന്നരും ആഢ്യന്മാരുമായ ഫ്യൂഡല്‍ പ്രഭുക്കള്‍.

"Kings started building temples and appointed devadasis to serve God in the temples and royal palaces. This development had a far reaching impact on popularization of the cult. Other lesser Kings, chieftains and feudals also emulated their superiors and started patronizing the cult. In rural areas feudals who possessed substantial land, exercised commandable authority over other socially and economically weaker sections of society. They were de facto owners of men and material of the region. The cult served as an instrument through which they could gain the accessability to desirable low caste and poor women. The field experience supports that this cult is prevalent only among scheduled caste women who are subjugated and suppressed by upper caste members since time immemorial." [Jogan Shankar, p.157 ]

ചുരുക്കത്തില്‍ ബ്രാഹ്മണാധിപത്യത്തോടെ ഇന്ത്യയില്‍ ജന്മമെടുത്ത ദേവദാസി സമ്പ്രദായം കാലത്തിനും മതവിവേചന-രാഷ്ട്രീയ- രാജ പ്രഭുത്വത്തിനുമൊപ്പം വളര്‍ന്ന് ഫ്യൂഡല്‍ വ്യവസ്ഥയുടെ ചേരിയിലെത്തിയപ്പോഴേക്ക് കുറേശെ ജനകീയമാകാന്‍ തുടങ്ങി.

ഇന്നു ഭരണഘടനാപരമായി ഫ്യൂഡല്‍ വ്യവസ്ഥയും ദേവദാസി സമ്പ്രദായങ്ങളും നിര്‍മ്മാര്‍ജനം ചെയ്യപ്പെട്ടിരിയ്ക്കുന്നു. നിയമപുസ്തകങ്ങള്‍ ദേവദാസിയെ സംരക്ഷിയ്ക്കാനുള്ള നിയമങ്ങള്‍ എഴുതിവച്ചു. പക്ഷെ മനുഷ്യന്റെ മനസില്‍ നിന്ന് ദേവദാസി പൂര്‍ണമായും ഉച്ചാടനം ചെയ്യപ്പെട്ടൊ? നിയമങ്ങള്‍ അവരെ സംരക്ഷിച്ചോ (ഉത്തരങ്ങള്‍ രണ്ടാം ഭാഗത്തേക്കു നീക്കി വയ്ക്കുന്നു)

14 ദേവദാസി സമ്പ്രദായവും സംബന്ധ സമ്പ്രദായവും

കണ്ണൂസിന്റെ ചോദ്യത്തിലേക്കു വീണ്ടും വന്നാല്‍‍‍, ദേവദാസി സമ്പ്രദായവും സംബന്ധസമ്പ്രദായവും രണ്ടു വ്യത്യസ്ഥങ്ങളായ സമ്പ്രദായങ്ങളായിരുന്നു.

ആദ്യത്തേത് വിദേശ ബ്രാഹ്മണ-യോദ്ധാ-രാജാധികാരക്കൂട്ടുകെട്ട്, എങ്ങനെ മതത്തിന്റെ ജഡിലതകളും ജാതി-വര്‍ഗ-വിവേചനങ്ങളും ദൈവത്തിന്റെ ശാസനങ്ങളാക്കി തെറ്റിദ്ധരിപ്പിച്ച് ഇന്ത്യന്‍ സ്ത്രീയുടെ സ്ത്രൈണഗുണങ്ങളേയും ചിന്താവിഷ്കാരശക്തിയേയും, അന്ധകാരത്തിലേക്കും, അന്തസില്ലായ്മയിലേക്കും കേവലം ശരീരക്കച്ചവടത്തിലേക്കും ബോധ;പൂര്‍വം കൊണ്ടു ചെന്നെത്തിച്ചു എന്നു വെളിപ്പെടുത്തുമ്പോള്‍, രണ്ടാമത്തേത്, എങ്ങനെ ആ അധര്‍മ്മങ്ങളെ ഉപയോഗിച്ച് ഒരു വിഭാഗം സ്തീകള്‍ സ്വന്തം കാര്യങ്ങള്‍ നേടി എന്നുള്ളതാണ്.

ഭാവസാന്ദ്രവും ചൈതന്യവത്തുമായ ഒരു പാരമ്പര്യത്തിനു ഒരു സംവത്സര‍ക്കാലത്തിന്റെ സമയം കൊണ്ട് എന്തൊക്കെ സംഭവിയ്ക്കാനുള്ള സാദ്ധ്യതകളുണ്ട് എന്നുള്ളതും ചിന്തിയ്കാന്‍ കഴിയുന്നവര്‍ക്ക് ദേവദാസി ചരിത്രം മനസിലാക്കി തരുന്നു. ജീവിതത്തിന്റെ വഴി സ്വന്തമായി തിരഞ്ഞെടുക്കാന്‍ കഴിയാതെ പോയ ഹതഭാഗ്യരുടെ കഥയാണ് ആദ്യത്തേത്. രണ്ടാമത്തെത് സ്വയം ചെയ്തതൊക്കെ സ്വന്തം ഇഛാശക്തി കൊണ്ടു തീരുമാനിച്ചവരാണ്.

ദേവദാസികളുടെ മക്കള്‍ക്ക് അവരുടെ അഛന്‍‍ ആരാണെന്നു വെളിപ്പെടുത്താന്‍ പാടില്ലായിരുന്നു. പ്ക്ഷെ കേരളത്തിലെ മാട്രിലീനിയല്‍ സമ്പ്രദായത്തില്‍ അങ്ങനെ അല്ലായിരുന്നു.

15ഇന്ത്യന്‍ സ്ത്രീത്വം

സിന്ധു നദീതട ദ്രാവിഡ സംസ്കാരം മാട്രിയാര്‍ക്കലോ മാട്രിലീനിയലോ ആയിരുന്നില്ല, അതു പാട്രിലീനിയല്‍ ആകാനാണു കൂടൂതല്‍ സാദ്ധ്യത. എന്നു പറഞ്ഞാല്‍ ദേവദാസി സമ്പ്രദായത്തിലും സംബന്ധസമ്പ്രദായത്തിലും പെടാതെ അവയുടെ മധ്യത്തിലൂ‍ടെ വളര്‍ന്ന അതിപുരാതനമായ ഒരു ദ്രാവിഡസംസ്കാരത്തിന്റെ അടരുകള്‍ ഇന്ത്യന്‍ സ്ത്രീത്വത്തിനു നിസംശയം അവകാശപ്പെടാനുണ്ട് എന്നര്‍ത്ഥം. അങ്ങനെയൊരു സ്ത്രീത്വം ഇന്‍ഡ്യന്‍ സ്ത്രീത്വത്തിന് അഥവാ കേരളാസ്ത്രീത്വത്തിന് അവകാശപ്പെടാനില്ല എന്നാരു വാദിച്ചാലും അതില്‍ യുക്തിയില്ല.

എന്നു പറയുമ്പോള്‍ അങ്ങേതിലെ നാരായണിയോ, ഇങ്ങേതിലെ, ത്രേസ്യാമ്മയോ, പാത്തുമ്മയോ വേശ്യാ വൃത്തിയില്‍ എര്‍പ്പെട്ടിരുന്നോ/ഇരിയ്ക്കുന്നുവോ എന്നുള്ളതല്ല ഇവിടെ പ്രശ്നം. വേശ്യാവൃത്തിയ്ക്കു മനുഷ്യന്റെ ചരിത്രത്തൊളം ഒരു പക്ഷെ പഴക്കം കാണും. പക്ഷെ അതിനു ജാതീയ/മതപരമായ ഒരു സ്വഭാവം നിലവിലിരുന്നോ എന്നുള്ളതാണ് ചോദ്യം.

14ഇനി വളരെ പ്രധാനപ്പെട്ട ഒരു വിഷയം കേരളത്തില്‍ ദേവദാസി സമ്പ്രദായം നില നിന്നിരുന്നുവോ?

എന്റെ അറിവില്‍ ഇല്ല. ജംനദാസും ഞാന്‍ വായിച്ച മറ്റനേകം ലേഖകരും കേരളത്തിലെ ദേവദാസി സമ്പ്രദായത്തെക്കുറിച്ച് ഒരു വിവരങ്ങളും കാണിയ്ക്കുന്നില്ല. ഇനി അരുടെയെങ്കിലും അറിവില്‍ അതിനേക്കുറിച്ചുള്ള വിവരങ്ങള്‍ ഉണ്ട് എങ്കില്‍ ദയവായി മുന്നോട്ടു വരുക.
Ref:

http://www.ambedkar.org/buddhism/Devadasis_Were_Degraded_Buddhist_Nuns.htm

(തുടരും)
Read more »