mk top 2012

Saturday, February 18, 2017

വിപ്ലവ പ്രസ്ഥാവനകളുടെ വിലയില്ലായ്മവിവാഹവും മതവും സ്വകാര്യങ്ങളാണ്  എന്നുള്ളത്   അടുത്ത കാലത്തൊന്നും  ദൈവത്തിന്റെ സ്വന്തം നാട്ടിൽ അംഗീകരിക്കപ്പെടുകയില്ല. അതായത് ഒരു വ്യക്തി, ആരെ വിവാഹം കഴിക്കണമെന്നും,   മതത്തെ എവിടെ നിർത്തണമെന്നും  തീരുമാനിക്കുന്നത്  ആവ്യക്തിയുടെ സ്വയം തീരുമാനങ്ങളായി  അവിടെ ൯൯ ശതമാനവും അംഗീകരിക്കില്ല,   

അതായത് വിവാഹം സമൂഹത്തിന്റെ മൈക്രൊരുപമായ  കുടുംബത്തിന്റെയും, മതത്തിന്റെയും, ജാതിയുടെയും ചട്ടകൂട്ടുകളിൽ  നിന്നേ തീരുമാനിക്കപ്പെടാവൂ, നിലനിർത്താനാകൂ.


ഇതൊക്കെ അറിയാതെയാണോ, ചിന്താ ജെറോമിനെ പോലെയുള്ള യുവ രാഷ്ട്ര്രിയ വിപ്ലവക്കാർ,  അതിനെതിരായ രീതിയിൽ പ്രസ്ഥാവനകൾ ഇറക്കുന്നത് . മറ്റുള്ളവരുടെ മതവിശ്വാസത്തെ നിരുപണ  വിധേയമാക്കുകയും തനിക്കു തൻറെ/ മമ്മി-ഡാഡിയുടെ മതബോധനങ്ങളനുസരിച്ച് വിവാഹം കഴിക്കാമെന്നും പറയുന്നതിൽ എന്തു വിപ്ലവം , എന്താദർശം.


പിന്നെ വിപ്ലവ പ്രസംഗങ്ങൾ അങ്ങനെ നടക്കും, അതു വഴി പ്രശസ്ഥി  കിട്ടും, അന്നത്തിനുള്ള വകകിട്ടും എന്നു വിചാരിച്ച് പറയുന്നതൊക്കെ ചെയ്യണമെന്നുണ്ടോ എന്നുള്ളതു  കേരളത്തിലെ രാഷ്ട്രരിയക്കാരുടെ നിലയാണല്ലോ.

അതായത്, ഒരു യുവ രാഷ്ടിയക്കാരിയുടെ പ്രസ്ഥാവന  മതമൗലിക  ജിർണ്ണത നില നിൽക്കുന്ന ഒരു രാജ്യത്ത്, അവരുടെ വിപ്ലവചിന്തയുടെ  ഉരകല്ലായി എടുക്കുന്നതിൽ എന്താണ് നീതി?

ഇതെഴുതുമ്പോൾ, ഞാൻ പണ്ട് സൗത്താഫ്രിക്കയിലെ ഒരു രാഷ്ട്രീയ നേതാവിനകുറിച്ചെഴുതിയ ഒരു പോസ്റ്റ്  ഓർമ്മയിൽ വരുന്നു. What is Our Skin Colour Logic  അത്  കേരളത്തിലെയും സൗത്താഫ്രിക്കയിലെയും വർണ -വർഗ പശ്ചാത്തലത്തിൽ എഴുതിയ ഒരു പോസ്റ്റായിരുന്നു.

മുസി മയമാനെ  ഒരു കറുത്ത വർഗക്കാരനാണ്. വിവാഹം കഴിച്ചു ജിവിക്കുന്നത്  ഒരു വെള്ളക്കാരിയുമായി. മതവും വിവാഹവും ഇവിടെ സ്വകാര്യതകളാകയാൽ, ആരെ അല്ലെങ്കിൽ, ഏതു മതത്തിലോ വർഗത്തിലോ ഉള്ളവരെ  ഒരാൾ വിവാഹം കഴിക്കുന്നു എന്നുള്ളത്  അയാളുടെ/ അവരുടെ സ്വന്തം തീരുമാനമാണ്. അതു തൻ്റെ രാഷ്ടിയ വിപ്ലവ മേന്മകളായി എടുത്തു പറയേണ്ട കാര്യമില്ല. എന്നു തന്നെയുമല്ല, ഒരു വ്യക്തിക്കങ്ങനെ ഒരു പ്രസ്ഥാവനയിറക്കി നേരിടാൻ കഴിയുന്നതൊന്നുമല്ല, മത വ്യവസ്ഥകളെ. അതത്രക്കു ജീർണ്ണവും സങ്കിർണവുമാണ്.  അതു മനസിലായിട്ടും കേരളത്തിലെ വിപ്ലവരാഷ്ട്രീയ നേതാക്കൾ എന്തിനാണാവോ ഈ വേഷം കെട്ടിന് പോകുന്നത് .


.
https://weddingsandmarriages.blogspot.in/2015/04/how-easy-to-recognise-persons-race.html

http://www.azhimukham.com/chintha-jeroms-matrimonial-advertisement/

http://www.azhimukham.com/sindhu-joy-about-marriage/

Read more »

Wednesday, July 10, 2013

Wednesday, February 20, 2013

കേരളത്തിലെ സ്ത്രീ നിശബ്ദതക്കു കൊടുക്കേണ്ടി വരുന്ന വില-മില്യനോ, ബില്യനോ?-ഭാഗം-1

കേരള-ഗ്ലൊബലിസ്റ്റ്- കാപ്പിറ്റലിസവും-സ്ത്രീയും- കപടധാർമ്മികതയും.

 ഗ്ലോബലിസ്റ്റ് കപ്പിറ്റലിസത്തിന്റെ വരവോടെ കേരളത്തിലുണ്ടായ ക്ലാസ് പൊതുബോധ നിർമ്മിതിയും അതിൽ സ്ത്രീയുടെ സമൂഹ്യ അവസ്ഥകളിൽ ഉണ്ടായ മറ്റങ്ങളും, അതിനെ സ്ത്രീകൾ എങ്ങനെ നേരിടുന്നു എന്നും ഉള്ള ഒരു അന്വേഷണ ചിന്ത.

കാര്യേഷു മന്ത്രീ കരണേഷു ദാസീ
രൂപേഷു ലക്ഷ്മീ ക്ഷമയാ ധരിത്രീ
സ്നേഹേഷു മാതാ ശയനേഷു വേശ്യാ
ഷട്‌കര്‍മ്മനാരീ കുലധര്‍മ്മപത്നീഒരു കാലത്ത് കേരളത്തിലെ സംസക്കാര-മത നായകന്മാർ  നടത്തിയിരുന്ന പുരുഷാധിപത്യ സ്ത്രീ ബോധവൽക്കരണ-മൂല്യബോധന പ്രഭാഷണത്തിന്റെ പ്രധാന ഭാഗമായിരുന്നു ഈ വരികൾ.

അതായത് ആദർശ ഭാര്യ എങ്ങനെയായിരിക്കണം എന്നുള്ളതാണ് ഈ മൂല്യ ബോധനം ശഠിക്കുന്നത്. അവൾ മന്ത്രിയേപോലെ ഭരണപ്രാപ്തിയുള്ളവരായിരിക്കണം, പ്രവൃത്തിയിൽ ദാസിയായിരിക്കണം. (മന്ത്രി ചവിട്ട് കൊള്ളൂകയും അടിമകളെ പോലെ ദാസ്യപ്പണി ചെയ്യുകയും വെണം); രൂപത്തിൽ സുന്ദരിയായിരിക്കണം, (ചവിട്ടുന്നതും സുന്ദരിയെ ആയിരിക്കണം), സ്നേഹത്തിൽ മാതാവാകണം, പിന്നെയോ, കിടക്കയിൽ കാമശാസ്ത്രത്തിലെ 64 കലയും പിന്നെ സ്വന്തം കലയും വരുത്തണം.

ഈ പ്രകാരത്തിൽ ‘ഒരാഭിജാത്യ‘ സ്ത്രീ പ്രൊഫൈൽ തയ്യാറാക്കിയവൻ ആരെടാ എന്ന് കേരളത്തിലെ എത്ര സത്രീകൾ ചോദിച്ചിട്ടുണ്ട് എന്നൊന്നുമെനിക്കറിഞ്ഞുകൂടാ. ചോദിച്ചിരുന്നെങ്കിൽ, അവളെ ചവിട്ടിക്കൊഴച്ചിട്ടുമുണ്ട്;  കാമറക്കണ്ണുകളുടെ മുന്നിലാണെന്ന ബോധമുണ്ടായിട്ടും ഇന്നത്തെ പുരുഷ നായകന്മാർ പെൺചോദ്യങ്ങൾ കേൾക്കുമ്പോൾ താറും പാച്ചി ഡബ്ലിയു.ഡബ്ലിയു ഗുസ്തിക്കാരെ പോലെയും ആഭാസന്മാരെപോലെയും പെരുമാറുമ്പോൾ  അവരുടെ പിതാമഹന്മാർ എന്തായിരിക്കണം? അതു കൊണ്ട് ആരും ചോദിച്ചിട്ടില്ല; മറിച്ച് ആ പ്രൊഫൈൽ അനുസരിച്ച് തങ്ങളുടെ ‘ആഭിജാത്യം‘ നാഴിക്കും ചങ്ങഴിക്കും അളന്നെടുത്ത് പുരുഷന്റെയും പുഷാധിപത്യത്തിന്റെ കാലാൾപടകളായ സ്ത്രീകളുടെയും മുൻപിൽ വണക്കത്തോടെ ഒതുക്കത്തോടെ കാഴ്ച്ച വച്ചു കൈപൂപ്പി  അനുഗ്രഹം നേടാൻ ശ്രമിച്ചിട്ടുള്ളതേ ഉള്ളൂ. അങ്ങനെ കുലസ്ത്രീകളായി ജീവിച്ചു വന്ന ഭാരത/കേരളസ്ത്രീകളുടെ ഭാവശുദ്ധിയെ കുറിച്ച് പാശ്ചാത്യ വനിതകൾ പോലും അത്ഭുതപ്പെട്ടിട്ടുമുണ്ട്. പിന്നെന്തു വേണം?

അങ്ങനെ കേരളത്തിലെ സ്ത്രീകൾ, ഭാവശുദ്ധി ഗാംഭീര്യത്തോടെ ഫോറിൻ ഇന്റെർഫെറൻസു ഒന്നും കൂടാതെ ഓരോ പത്തു മിനിട്ടിനുള്ളിലും തങ്ങളുടെ അന്തർ വാഹിനികളീലൂടെ അകത്തേക്കു കടന്നു വരുന്ന ഒരു പറ്റം സ്പേമുകളെ സംരക്ഷിക്കാൻ ഇരുന്നും കിടന്നും നടന്നും, ഓടുകയോ ചാടുകയോ ചെയ്യാതെ,  പാട്രിയാർക്കിയുടെ പെൺജാരന്മാരുടെ മേൽമോട്ടത്തിൽ ജീവിച്ച് ആൺ തരികളെ നാളെയുടെ നിലനിൽ‌പ്പിനായി മൺ തരികൾ പോലെ പ്രോഡൂസ് ചെയ്തു സായൂജ്യമടഞ്ഞു വരവേ ഒരു ദിവസം അദ്ദേഹം വന്നു -ഗ്ലോബലിസം.

കൊണ്ടുവന്നതീ കവിത പാടിയോന്മാരു തന്നെ. പക്ഷെ, പെണ്ണിന്റെ പുറത്തുള്ള കടിഞ്ഞാൺ നിയന്ത്രണം വിട്ടുപോകില്ല എന്നു കണക്കു കൂട്ടി. കണക്കു കൂട്ടിയത്, അഭിനവ ചാത്തന്മാരായതിനാൽ പതിവു പോലെ തെറ്റി.

ഗ്ലോബലിസ്സം എന്നു പറയുന്നത് ഒരു പുതിയ ലോകക്രമമാ‍ണ്.  അതു കേവലം മുതലാളിത്ത കൈയ്യേറ്റം മാത്രമല്ല; അതിൻ ജനകീയ പാർട്ടിസിപ്പേഷൻ ഒരു പ്രധാന വ്യവസ്ഥയാണ്;  സമൂഹ്യ, ജനാധിപത്യ തുല്യതയിലധിഷ്ഠിധമായ മാനവിക മൂല്യങ്ങൾ ജനങ്ങൾ  മനസിലാക്കിയാൽ മാത്രമേ കച്ചവട വ്യവസ്ഥയിൽ അവർക്കു ചുമതലാബോധത്തോടെ പങ്കെടുക്കാനാകൂ എന്ന് മുതലാളിത്തം തത്വത്തിൽ ഒരു ക്ലോസ് വച്ചിട്ടുണ്ട്. ഇതൊന്നും പക്ഷെ ഇന്ത്യയിലെ സോഷ്യലിസ്റ്റ്- ക്ലാസ് -പ്രൊട്ടെക്ഷനിസത്തിൽ അർമ്മാദിച്ച മേലാളന്മാർക്കു. അത്ര ദഹിച്ചിട്ടില്ല; അല്ലെങ്കിൽ മനസിലായിട്ടില്ല. ജനങ്ങളങ്ങനങ്ങു സ്വാതന്ത്യം കൊള്ളേണ്ട എന്നവർ സ്വയമങ്ങു തീരുമാനിച്ചു ;പകരം അതൊക്കെ ഞങ്ങൾ അറിഞ്ഞാൽ മതി എന്നും. അതിനാൽ അവർ ഗ്ലോബലിസത്തെ കേവലമൊരു  മൂലധന- ഇന്വെസ്റ്റെമെന്റ്-ലാഭ- അധികാര-രാഷ്ട്രീയ- ക്ലാസ് മുന്നേറ്റത്തിൽ കവിഞ്ഞ ഒന്നുമായി  കാണാൻ തയ്യാറായില്ല.  അവരുടെ പേനയുന്തി ഉദ്യോഗസ്ഥർക്കും മാറ്റം എന്നു പറഞ്ഞാൽ അത്ര രസിക്കാത്ത ഒന്നായി. 

പക്ഷെ കാലക്രമേണ ഇന്ത്യയിലെ കാപ്പിറ്റൽ മുതലാളിമാർക്കു ചില കാര്യങ്ങൾ തലവേദനയായി മാറാൻ തുടങ്ങി- വർഗ്ഗിയ ലിംഗ കാരണങ്ങളാൽ  പുരോഗതിയുടെ അരികുചേർത്തു നിർത്തിയിരുന്നവർ പതിയെ സ്വന്തമായ അഭിപ്രായങ്ങൾ രൂപീകരിക്കാനും സാമ്പത്തികമായി പുരോഗമിക്കാനും തുടങ്ങി.  സ്ത്രീകളുടെ ഒരു വിഭാഗം അതിൽ ഉൾപ്പെട്ടത് അതിലും വലീയ തലവേദനയായി.

ഗ്ലോബലിസത്തിന്റെ വ്യ്വവസ്ഥകളിൽ കാര്യങ്ങളൊക്കെ കൃത്യമായി പറഞ്ഞിരുന്നു, നിങ്ങളീ പെണ്ണുങ്ങളെ തല്ലി പഠിച്ച സംസ്കാരമൊക്കെ ഒന്നു മാറ്റണമെന്ന്. എന്നു തന്നെയുമല്ല,  മാനുഷിക മൂല്യങ്ങളും, സ്ത്രീ-പുരുഷ സമത്വവും ഒക്കെ വ്യവസ്ഥയാക്കുന്നതിനു വേണ്ടി അന്താരാഷ്ട്ര കോൺഫറൻസു വരെ -ബീജിംഗ് കോൺഫറൻസു-  സംഘടിപ്പിച്ചിരുന്നു.  അതിന്റെ ഫലമായി സ്ത്രീ-സമത്വ കേന്ദ്രീകൃത നിയമ നിർമ്മാണങ്ങൾക്കൊക്കെ ധാരണയായിരുന്നു. പക്ഷെ പീഡനം പീഡനം എന്നൊക്കെ അവിടെ സംസാരമുണ്ടായപ്പോൾ, ഇതൊന്നും ഞങ്ങട നാട്ടിൽ ക്ലാസുള്ളവർക്കിടയിൽ ഇല്ല, ക്ലാസില്ലാത്ത അലവലാതികൾക്കിടയിൽ അങ്ങനൊക്കെയുണ്ട്; ഞങ്ങൾ ഭാരതാംബേട കൊടിയുള്ളവർ അതൊന്നും അത്ര മൈൻഡു ചെയ്യാറില്ല എന്നൊക്കെ പറഞ്ഞ് നാട്ടിലെ ആണുങ്ങട അഭിമാനം(?) കാത്തു സൂക്ഷിക്കയായിരിന്നു പൊതുവെ ഭാരതത്തിന്റെ പ്രതിനിധികൾ ചെയ്തത്.


എന്തായാലും സ്ത്രീ പീഠന നിരോധന നിയമങ്ങൾ ഒക്കെ കുറെ പടച്ചുണ്ടാക്കി, ഗ്ലോബലിസ്റ്റുകളെ സമാധാനിപ്പിച്ചു. പക്ഷെ ഗ്ലോബലിസ്റ്റുകൾ ഒരു കാര്യം കൂടി ചെയ്തു, അവരുടെ സ്വന്തം ഏജന്റുമാരെ അവരുടെ പ്രത്യേക താല്പര്യമനുസരിച്ചാണെങ്കിലും നാടുമുഴുവൻ വിന്യസിപ്പിച്ചു-എൻ.ജി യോകൾ.  പൊതുവെ ഇന്ത്യയിലെ സ്ത്രീ സങ്കടങ്ങളും അവർ അനുഭവിക്കുന്ന അതിക്രൂരവും മൃഗ്ഗീയവുമായ അവസ്ഥകളുടെ യദ്ധാർഥ്യങ്ങളും പുറത്തു കൊണ്ടു വരുന്നതിൽ അവർ ഒരു വലിയ പങ്കു വഹിച്ചു; അതോടൊപ്പം ഇന്ത്യയിലെയും ചുരുക്കമായ സ്ത്രീ ആക്ടിവിസ്റ്റുകളും ഇതിനു കാരണമായി.

ഗ്ലോബലിസത്തിലെ ശ്രീ ശാക്തീകരണം

ഗ്ലൊബലിസത്തിന്റെ വരവോടെ കേരളത്തിൽ സ്ത്രീ സാമ്പത്തിക ശാക്തീകരണത്തിന്റെ ഒരു നേരിയ അവതാരമുണ്ടായി എന്നു ഞാൻ മുകളിൽ പറഞ്ഞുവല്ലോ. ബ്രാഹ്മാണിസത്തിന്റെ ചാതുർവർണ്യത്തോടെ അടിച്ചമർത്തപ്പെട്ടു കിടന്നിരുന്ന കേരള സ്ത്രീകൾ കൊളോണിയൽ- പള്ളീ വിദ്യാഭ്യാസത്തോടെ കുറച്ചു യോഗ്യതാ സർട്ടിഫിക്കേറ്റുകൾ ഒക്കെ നേടീയെടുത്തിരുന്നുവല്ലൊ.  എന്നാൽ ഗ്ലോബലിസ്റ്റ്-കാപ്പിറ്റലിസ്റ്റ് വ്യവസ്ഥ വിദ്യാഭ്യാസത്തെ മതത്വ സ്ഥാപനങ്ങൾക്കു വിറ്റു വ്യവസായവൽക്കരിച്ചു.  മുക്കിനു മുക്കിനു വിദ്യാഭ്യാസസ്ഥാപനങ്ങളും, സാമ്പത്തിക വായ്പകളുടെ സൌകര്യങ്ങളും, യോഗ്യതയിൽ വെള്ളം ചേർക്കലും വന്നതോടെ വിവരത്തിനു വേണ്ടി താല്പര്യം കാട്ടിയ ഒരു ജനത കൂടുതൽ ഉദ്യോഗ യോഗ്യരായി മാറി.  പുതിയ കമ്പോള അവസരങ്ങൾ അവർക്കു ജോലികൾ ഒരുക്കി; ഇങ്ങനെ യോഗ്യത നേടിയ ധാരാളം ഉദ്യോഗാർത്ഥികൾ കര കടന്ന് മറ്റു രാജ്യങ്ങളിലെ കമ്പോള കച്ചവട അവസരങ്ങൾ പ്രയോജനപ്പെടുത്തി ജോലികൾ നേടി.

വളരെ പെട്ടെന്നു തന്നെ കേരളത്തിൽ  ഒരു ക്ലാസ് പൊതു ബോധം രൂപം കൊണ്ടു.  ഭരിക്കുന്നവരും സംസ്കാരനായകന്മാരും,  മത മൌലിക വാദികളും, രാഷ്ട്രീയ  വ്യഭിചാരത്തിലൂടെ അധികാരം നേടിയവരും, പുതിയതും പഴയതുമാ‍യ കാപ്പിറ്റലിസ്റ്റുകളും,  അവരുടെ ഓരം ചേർന്ന് അനുസരണയൊടെ നിന്ന സ്ത്രീ സംഘടനകളും, ഗ്ലോബലിസ്റ്റ് കുട്ടിക്കൊടുപ്പുകാരും പരസ്പരം സഹകരിച്ച ഒരു ന്യൂനപക്ഷ ക്ലാസ്; അങ്ങനെ പരസ്പര സഹകരണമോ ധാരണകളോ ഇല്ലാത്ത ബാക്കി വന്ന ഭൂരിപക്ഷത്തിന്റെ മറ്റൊരു ക്ലാസ്.

ഈ ഭൂരിപക്ഷത്തിലെ രണ്ടു പ്രധാന വിഭാഗങ്ങൾ  വർഗീയ-ജാതി-വിവേചനത്താൽ അന്നു വരെ വികസനത്തിന്റെ അവസരങ്ങൾ നിഷേധിച്ചു നിർത്തിയിരുന്നവരും സ്ത്രീകളും ആയിരുന്നു. 
നീണ്ട വൈദേശീയ ആധിപത്യ കാലഘട്ടങ്ങൾക്കു ശേഷം ഈ മജോരിറ്റിയുടെ അല്പമായതെങ്കിലും സാമ്പത്തിക ശാക്തീകരണത്തിനു ഗ്ലോബലിസം വഴിയൊരുക്കുകയായിരുന്നു.

എന്നാൽ അവരുടെ സാമ്പത്തിക ശാക്തീകരണം ഒട്ടും തന്നെ സാമൂഹ്യ -രാഷ്ടീയ ശാക്തീകരണത്തിലേക്കു വഴി തെളിച്ചില്ല.

കാരണം, മുകളിൽ പറഞ്ഞ മൈനോരിറ്റി ക്ലാസ് തങ്ങളുടെ ധാരണകളിൽ പുതിയ ഒരു ഏകീകൃത രാഷ്ടീയ അധികാര സ്വഭാവം കൈവരുത്തി, മൈനോരിറ്റി വികസനത്തിനു കടിഞ്ഞാണിട്ടു.  സ്റ്റേറ്റിന്റെ എല്ലാ രാഷ്ടീയ- സാമ്പത്തിക അധികാരങ്ങളും അവർ പരസ്പരം വീതീച്ചെടുത്തു. കേരള ലേജിസ്ലേറ്റീവ് അസംബ്ലിയുടെ ഭരണാധികാര സ്ഥാനങ്ങൾ ഈ മൈനോരിറ്റികൾ ലേലം വിളിച്ചു പകുത്തെടുക്കുന്ന രാഷ്ടീയ വ്യവസ്ഥ  ഇതിന്റെ പ്രധാന തെളിവാണ്;  ഇതിനെ ഒരു മത-രാഷ്ടീയ കപ്പിറ്റൽ-ജുഡീഷ്യൽ- സംസ്കാരിക- ഭരണ അധികാര ബെൽറ്റ് എന്നു വിളിക്കാം.  
ഇവരുടെ അധികാരത്തിൽ കേരളം ഇന്ന് അനീതിയുടെ ഒരു ചവറ്റു കൂമ്പാരമായി മാറിയിരിക്കയാണ്. നാട്ടിൽ നടക്കുന്ന അനീതികളും അന്യായങ്ങളും നീതിന്യായ വ്യവസ്ഥകൾ ഉപയോഗിച്ച് പരിഹരിച്ച് ജനജീവിതം മെച്ചപ്പെടുത്തുന്നതിനു പകരം ഈ വ്യവസ്ഥകളെ അവർ തങ്ങളുടെ ക്ലാസ് താല്പര്യങ്ങൾക്കു വേണ്ടി ദുർവിനിയോഗം ചെയ്യുകയാണ്.

സ്ത്രീ സ്വാതന്ത്ര്യത്തിനും സാമൂഹ്യ വികസനത്തീനും ഇവർ വിലങ്ങുതടിയാകുന്നത് മേല്പറഞ്ഞ അധികാര-അനീതികളിൽ കൂടി മാത്രമല്ല, സ്ത്രീ ജീവിതരീതിയിൽ കഠിന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുമാണ്. വിദ്യ നേടി കാശൊക്കെ ഉണ്ടാക്കുന്നതു കൊള്ളാം, അന്തിക്കു മുൻപേ കൂരേലെത്തണം, പുറത്തു പോകുമ്പോൾ  ആണൂങ്ങളെ ഭ്രമിപ്പിക്കുന്ന അഥവാ അവരിൽ കാമമുണർത്തുന്ന രീതിയിൽ വസ്ത്രധാരണങ്ങളോ അലങ്കാരങ്ങളോ പാടില്ല, പാരമ്പര്യാധിഷ്ഠിധമല്ലാതെ വേഷം അണിഞ്ഞു നടക്കുന്നവർ ആണുങ്ങളുടെ കാമവെറീ മനപൂർവം ഉത്തേജിപ്പിക്കുക വഴി അവരുടെ കാമാ‍ക്രമണങ്ങൾക്കു കാരണക്കാരാകുന്നു; അതിനാൽ അത്തരം ആക്രമണങ്ങൾ രാജ്യത്തെ നീതി-നിയമ സംവിധാനങ്ങളുടെ സംരക്ഷണപരിധിയിൽ പെടുന്നില്ല,  എന്നിങ്ങനെയുള്ള തിയറികൾ ഇവർ മത ഗ്രന്ധങ്ങളെ പിടീച്ചാണയിട്ടും അല്ലാതെയും പ്രസ്ഥാവനകളിലൂടെയും പ്രവൃത്തികളിലൂടെയും പുറത്തു വിട്ടു. മീഡിയകൾ അതു പരസ്യപ്പെടുത്തി. സ്ത്രീകൾക്കു നേരെയുള്ള ലൈംഗിക ആക്രമങ്ങളുടെ നിസംഗത ഇവർ ഒരു പൊതു ബോധമാക്കി.  ഇതിനെതിരെ ആരെങ്കിലും പ്രതിഷേധിച്ചു എങ്കിൽ അവരെ എല്ലാ ക്ലാസ്-അധികാര ഉപാധികളും ഉപയോഗിച്ച് അടിച്ചമർത്തി.  ഭരണത്തിന്റെ കോലു തിരിക്കുന്നവരാണ് രാജ്യത്തു നടക്കുന്ന ക്രമസമാധാന ഭേദനത്തിനുത്തരവാദികൾ എന്ന കുഞ്ഞുകുട്ടികളുടെ ബോധം പോലും അവർക്കില്ലതായി. 

അതായത്, ഗ്ലൊബലിസ-കമ്പോള-കാപ്പിറ്റലിസത്തിന്റെ എല്ലാ നല്ല ഉദ്ദേശങ്ങളെയും അനുഭവങ്ങളെയും മാറ്റി നിർത്തിയാൽ, കേരളത്തിൽ/ഇന്ത്യയിൽ ബ്രാഹ്മണ കാലഘട്ടം തൊട്ടു തുടങ്ങിയ വൈദേശീയ മതത്വ ആധിപത്യങ്ങൾക്ക്, അത്, ഒരു  പുതിയ കൂട്ടുകെട്ടും ഉണർവും പകരുകയാണ് ഉണ്ടായത്. ഈ കൂട്ടുകെട്ടിനോടും അതിനോട് ഇണചേർന്നു നിൽക്കുന്നവരും കൂടുന്നതാണ്  ഇന്ന് പൊതുവെ കേരളത്തിന്റെ കാപ്പിറ്റൽ ഉടമസ്ഥർ; ജനാധിപത്യവവസ്ഥകളെ ചൂഷണം ചെയ്തു സ്വന്തം താല്പര്യം നടത്തുമ്പോഴും പക്ഷെ ഇവർ സ്ത്രീകൾക്കു മതാധിപത്യ അടിമത്വമേ  കൽ‌പ്പിക്കുന്നുള്ളൂ. ഇവരുടെ ആയുദ്ധങ്ങളാണ് മീഡിയകൾ-മാമൂലും-ഭാഗികമായി വെർച്വലും സോഷ്യലും. 

ഇവയിൽ പ്രധാനപ്പെട്ട, കപ്പിറ്റലിസത്തിന്റെ മറ്റൊരു വില്പനച്ചരക്കായ ചെറുസ്ക്രീനുകൾ ഇതിനോടകം കേരളത്തിലെ എല്ലാ ഇരിപ്പുമുറികളിലും സ്ഥാനം പിടിച്ചു കഴിഞ്ഞിരിക്കുന്നു.  മാനസികോല്ലാസത്തിനു വേണ്ടി എല്ലാം തരികിടകളും ഈ സ്ക്രീനുകളിൽ വിളമ്പാൻ തുടങ്ങിയതു കാപ്പിറ്റലിസ്റ്റുകൾ തന്നെയായിരുന്നു.  പല ചാനലുകൾക്കും പരസ്യങ്ങളാണ് പ്രധാനം.  പരസ്യം കാപ്പിറ്റലിസത്തിന്റെ പുതിയ അടവാണ്. തങ്ങളെക്കുറിച്ച് മതിയായ ആത്മബോധമില്ലാത്ത ഒരു ജനതയിൽ തങ്ങളുടെ പോരായ്മകളെ കുറിച്ച് ബോധമുണ്ടാക്കി അതിനുള്ള പരിഹാരം പുതിയ ഉൽ‌പ്പന്നങ്ങളിലുണ്ട് എന്നു വരുത്തിത്തീർക്കയാണ് എല്ലാ പരസ്യങ്ങളും ചെയ്യുന്നത്. കാപ്പിറ്റലിസ്റ്റ് മാർക്കറ്റിൽ ഉൽ‌പ്പന്നങ്ങളെ  ഉത്തരവാദിത്തബോധത്തോടെ തിരഞ്ഞെടുക്കുന്നതിനു ജനങ്ങളെ ബോധവൽക്കരിക്കേണ്ടതുണ്ട്, എന്നു ഞാൻ നേരത്തേ പറഞ്ഞുവല്ലോ.  ഈ ബോധവൽക്കരണത്തിന് ഉത്തരവാദികൾ ഭരണാധികാരികളാണ്.  എന്നാൽ ഈ ബോധവൽക്കരണം കേരളത്തിൽ ഉണ്ടാക്കിയിട്ടില്ല, വിദ്യാഭ്യാസത്തിലൂടെയാണ് ഈ ബോധവൽക്കരണം പ്രധാനമായും നടപ്പാക്കേണ്ടത്. എന്നാൽ ഈ വിദ്യാഭ്യാസം കേവലം കച്ചവടം മാത്രമാണ് കേരളത്തിൽ. ഈ സാഹചര്യത്തിൽ കേരളത്തിലെ ജനത ഒരു ഭാഗത്ത് കപ്പിറ്റലിസത്തിന്റെ സാമ്പത്തിക നേട്ടങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിലും തെറ്റായ തീരുമാനങ്ങളിലൂടെ തെറ്റായ തിരഞ്ഞെടുപ്പുകൾ നടത്തുന്നുണ്ട് എന്നത് മജോരിറ്റിയെ കൂടുതൽ അധ:പ്പതനത്തിലെക്ക് തള്ളിയിടുന്നുണ്ട്. ഇതു വളരെ തീവ്രമായ ഒരു പ്രശ്നമാണ്..

അതു പോലെ കേരളത്തിന്റെ മുകളിൽ പറഞ്ഞ ക്ലാസ്  വ്യവസ്ഥക്ക് മറ്റു ചില മനശാസ്ത്ര പ്രത്യേകതകൾ കൂടീ ഉണ്ട്.  ഇതു മുകളീൽ പറഞ്ഞ ഭൂരിപക്ഷത്തിന്റെ തെറ്റായ തീരുമാനത്തിനൊരുദാഹരണമാണ്.  ഭൂരിപക്ഷത്തിന് തങ്ങൾ ന്യൂനപക്ഷ ക്ലാസിന്റെ ഇരകളാണ് എന്ന ബാഹ്യമായ ബോധമുണ്ട്.  അതിനാൽ ഇതിനെതിരെ അവർ ബാഹ്യമായി പ്രതികരിക്കുന്നുമുണ്ട്; എന്നാൽ അകതാരിൽ ഈ ന്യൂന പക്ഷത്തോട് അവർക്കാരാധനയാണ്; ചരിത്രപരമായി അവരിൽ അടിച്ചേൽ‌പ്പിച്ച  അടിമബോധമാണ് ഇതിനു കാരണം. ഇതിനു ഭൂരിപക്ഷത്തിന്റെ ജാതി-സംസ്കാരിക നേതാക്കളാണ് നല്ല ഒരു പങ്കും ഉത്തരവാദികൾ എന്നു പറയാതെ വയ്യ; കാരണം, ഈ ഭൂരിപക്ഷത്തിനു സ്വന്തമായ ഒരു സംസ്കാരിക-ചരിത്ര-സമൂഹ്യ വ്യക്തിത്വം നേടിയെടുക്കുന്നതിൽ ഇവർ പരാജയപ്പെട്ടു. കേരളത്തിന്റെ അടിസ്ഥാന പാരമ്പര്യത്തിൽ ബ്രാഹമണ-ക്ഷേത്ര-പ്രതിഷ്ഠ അനുഷ്ഠാനങ്ങൾ ഇല്ലായിരുന്നെങ്കിലും വളരെ പ്രതിഭാശാലിയായ ശ്രീ നാരായണഗുരു പോലും ബ്രാഹമണ വിവേചനത്തിനെതിരെ ഈഴവ ശിവനെ പ്രതിഷ്ഠിക്കയാണ് ഉണ്ടായത്. അതായത് ഇരയുടെ വ്യക്തിത്വം വേട്ടക്കാരന്റെ വ്യാകരണമുപയോഗിച്ച് തിട്ടപ്പെടുത്തുന്ന രീതി. 

എന്നു പറഞ്ഞാൽ ഈ ഭൂരിപക്ഷത്തിന്റെ ഒരു വികസിത വിഭാഗം, ന്യൂന പക്ഷ ക്ലാസിലേക്ക് സ്വയം കടത്തപ്പെടുവാനാണ് ശാഠ്യം പിടിക്കുന്നത്.  ഈ ശാഠ്യത്തിന്റെ വിജയം കപ്പിറ്റലിസ്റ്റ് ഉൽ‌പ്പന്നങ്ങളുടെ ഉടമസ്ഥത കൈവരിച്ചുകൊണ്ടാണ് തീരുമാനിക്കപ്പെടുന്നത്.  തന്നെക്കാൾ സാമ്പത്തികമായി ഉയർന്ന ക്ലാസിനെയും അതിലെ വ്യക്തികളെയും അനുകരിക്കുക അങ്ങനെ ഒരു കാസ്ക്കേഡ് (താഴേക്കുള്ള വെള്ളമൊഴുക്കു പോലെ) സ്വാഭാവമായി സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടു വരെ നിലനിൽക്കുന്നു.

അതായത് കാപ്പിറ്റലിസത്തിൽ ഉൽ‌പ്പന്നങ്ങളുടെ ഉമസ്ഥതയിൽ കേരളത്തിലെ മുകളിൽ പറഞ്ഞ മജോരിട്ടി/ഇരകൾ തികച്ചും എല്ലാ അർഥത്തിലും തങ്ങളുടെ വേട്ടക്കാരായ അധികാര ക്ലാസിന്റെ കേവലം അനുവർത്തികളായി മറുന്നു. അഥവാ അധികാര ക്ലാസുമായി ഇവർ എതിർക്കുന്നത്, ധാർമ്മികമായ മാറ്റത്തിനോ നീതിക്കുവേണ്ടിയോ അല്ല, മറിച്ച് അവരൊടൊപ്പം ഉല്പന്നങ്ങളുടെ ഉടമസ്ഥത കൈവരിക്കുന്നതിനു വേണ്ടി മാത്രമാണ്. കേരളത്തിൽ മുറക്കു നടക്കുന്ന സമരങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്.

ഈ അവസ്ഥ ശരിക്കും  ചൂഷണം ചെയ്യുകയാണ് കേരളത്തിലെ മൈനോരിട്ടി-അധികാര ക്ലാസ്.. അവിടുത്തെ എല്ലാം കാപ്പിറ്റൽ ഉടമസ്ഥതകളൂം പൊതുവെ ഈ ക്ലാസിന്റെ കൈകളിലാണെന്നു പറഞ്ഞുവല്ലൊ, അതായത്, കേരളത്തിലെ സ്ത്രീകൾ എന്തിനു ട്രൌസറിടുന്നു എന്നു ചോദിച്ച്, അത് പാശ്ചാത്യ സംസ്കാരത്തിന്റെ അന്ധമായ അനുകരണമാണ് എന്നു പറഞ്ഞാക്ഷേപിക്കുമ്പോൾ, ഈ ട്രൌസറുകൾ വിൽക്കുന്നതിന്റെ ലാഭം കൊയ്യുന്നത് ഈ കാപ്പിറ്റലിസ്റ്റുകൾ ആണ്. അതുപോലെ കിലോക്കണക്കിനു സ്വർണാഭരണങ്ങൾ തങ്ങളുടെ ക്ലാസ് പ്രമോഷന് ഒരുപാധിയായി ഭൂരിപക്ഷത്തിലെ സ്ത്രീകൾ ധരിക്കുമ്പോൾ, അതിന്റെ നേട്ടം കൊയ്യുന്നത്, സ്വർണം വിൽക്കുന്ന മൈനൊരിറ്റി കളാസാണ്.  ഒരു പക്ഷെ ഈ സ്വർണത്തിനു വേണ്ടി സ്വന്തം കിടപ്പാടം വിൽക്കേണ്ടി വരുമ്പോഴും ഈ ക്ലാസാണ് അതു സ്വന്താമാക്കുന്നതും.

ഇനി പീഠനത്തിലേക്കു വരാം.  മുകളിൽ പറഞ്ഞു സ്ത്രീകളുടെ പുറത്ത് ഏൽ‌പ്പിക്കുന്ന ന്യൂനപക്ഷത്തിന്റെ നിയന്ത്രണത്തെ കുറിച്ച്.  ഒരു ഭാഗത്ത് കാപ്പിറ്റൽ ഉൽ‌പ്പന്നങ്ങൾ വിറ്റു ലാഭമുണ്ടാക്കുന്ന ന്യൂന പക്ഷം ആ ഉൽ‌പ്പന്നങ്ങൾ അണിഞ്ഞതിന്റെ പേരിൽ മറുഭാഗത്ത് സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുന്നു.. ഈ ഉൽ‌പ്പന്നങ്ങൾ ധരിക്കുന്നവർക്കു നേരെ ധാർമ്മികമായി ഒരു കപട യുദ്ധം അഴിച്ചു വിടുകയാണ് ഈ ക്ലാസിന്റെ തന്ത്രം.  അതോടെ പാരമ്പര്യ വസ്ത്രം ധാരിക്കാത്ത സ്ത്രീകളെ വീടിനകത്തും പുറത്തും ലൈംഗികമായി വേട്ടയാടുന്നവരും അവരെ അനുകൂലിക്കുന്നവരും മത-ധർമ്മ സംസ്ഥാപകരാകുന്നു. അങ്ങനെ ധാർമ്മികത= സ്ത്രീ ലൈംഗിക ആക്രമണം എന്ന ഒരു കപട ധാർമ്മിക ബോധം ഉരുത്തിരിഞ്ഞു വരുന്നു.

ഈ കപട ധാർമ്മിക രൂപീകരണത്തിൽ, കേരളത്തിലെ സ്ത്രീകൾ എവിടെ നിൽക്കുന്നു എന്നു നോക്കിയാൽ; അവർക്കു ഒരേകീകൃത സംഘടന നിലവിലില്ല. എന്നു പറഞ്ഞാൽ ഈ കപട ധാർമ്മിക യുദ്ധത്തിനെതിരെയും അവർക്കൊരു ഏകീകൃത പോരാട്ടം സാദ്ധ്യമാകുന്നില്ല. കാരണം അവരിലെ സാമൂഹ്യ-സംസ്കാരിക-വികസിത വിഭാഗം ന്യൂന പക്ഷ ക്ലാസിനോടോപ്പമാണ്.  ഇവരും അതി ക്രൂരമായി സ്വന്തം ക്ലാസിലെ പുരുഷന്മാരാൽ കപട ധാർമ്മികതയുടെയും, പാരമ്പര്യത്തിന്റെയും പുരുഷാധിപത്യത്തിന്റെയും പേരിൽ പീഠിപ്പിക്കപ്പെടുന്നുണ്ട്, എങ്കിലും ഇവരും പലവിധമായ കാരണങ്ങളാൽ ഈ ക്ലാസിന്റെ സാമ്പത്തിക-സമൂഹ്യ ഐഡീന്റിറ്റിയോട്ടു ചേർന്നു നിൽക്കുന്നു.  ഇവരിൽ പക്ഷെ, ഒരു സ്ത്രീവ്യക്തിത്വാ‍ധിഷ്ഠിധ ലിംഗ നീതിക്കു വേണ്ടി പ്രവർത്തിക്കാൻ കഴിവുള്ളവരുണ്ടെങ്കിലും അതിനു തയ്യാറാകാതെ, അവർ പുരുഷ ലോകത്തിന്റെ അരുകും വഴിയും വൃത്തിയാക്കി, അവരെ ന്യായീകരിച്ചു വെറും പാരസൈറ്റുകളായി ജീവിക്കുന്നു. പക്ഷെ ഇവർ ഈ ക്ലാസിന്റെ പേരിൽ സംരക്ഷിതരാണ്. ഇവരിൽ ചിലരൊക്കെ  ഇടക്കിടക്കെന്തൊക്കെയോ സ്ത്രീകൾക്കു വേണ്ടി സ്വപ്നാടനത്തിലെന്ന പൊലെ പറയുന്നുണ്ട് എന്നതു മറക്കുന്നില്ല. 

ബാക്കിയുള്ള സ്ത്രീകൾ കൂടുതൽ ഇരകളാവുകയാണ്.  ഒന്നമതായി, കപടധാർമ്മികകതയുടെ പേരിൽ ഇവർ സമൂഹത്തിലെ എല്ലാ പുരുഷന്മാരുടെയും ആക്രമണത്തിനു വിധേയരാകുകയാണ്.  (കപടധാർമ്മികതയുടെ പേരിൽ പുരുഷന്മാർ പൊതുവെ ഒറ്റക്കെട്ടാണല്ലോ). കൂടുതൽ ആക്രമണത്തിനു വിധേയരാകുമ്പോൾ ഇവർ കൂടുതൽ പ്രതികരണ ശേഷിയുള്ളവർ ആകുന്നു. കൂടുതൽ പ്രതികരിക്കുമ്പോൾ ഇവരെ കൂടുതൽ അടിച്ചമർത്തുന്നു.  പുരുഷനുമായി ഒരു ലിംഗ സമത്വ ബന്ധം രൂപീകരിക്കാൻ ഇവർക്കു താല്പര്യമുണ്ട്, എങ്കിലും ഇവരാണ് ഇന്ന് അധാർമ്മികതയുടെ ചൂട്ടുപിടിക്കുന്നവർ എന്നാണ് പൊതുവെ പുരുഷ വർഗവും മുകളീൽ പറഞ്ഞ സ്ത്രീ വിഭാഗവും വിശ്വസിക്കുന്നത്.  ഇന്നത്തെ സാഹചര്യത്തിൽ വീടിനകത്തും പുറത്തും ഇവരാണ് കൂടുതൽ ലൈംഗിക ആക്രമണങ്ങൾക്കു വിധേയരാകുന്നത്. അഥവാ ഇവരെ ആക്രമിക്കുന്നത് എല്ലാ മത ധർമ്മ സസ്ഥാപനങ്ങൾക്കും ആവശ്യമാണ് എന്ന ഒരു പൊതു ബോധ നിർമ്മിതി കൂടുതൽ കൂടുതൽ ശക്തമാകുന്നു.

ഇനി നമ്മുടെ കുടുംബങ്ങളുടെ ഉള്ളിലേക്ക് ധാർമ്മികയുടെ അന്വേഷണവുമായി ഒന്നു കടന്നു ചെല്ലാം. അപ്പോഴാണ് മനസിലാക്കുന്നത്, നമ്മുടെ കുടുംബങ്ങൾ നമ്മുടെ രാഷ്ട്രത്തിന്റെയും സ്റ്റേറ്റിന്റെയും ഒരു ചെറുരൂപമാണെന്ന്. എന്നു പറഞ്ഞാൽ മുകളിൽ പറഞ്ഞ, ക്ലാസ്, വ്യവസ്ഥകളൂം, ക്ലാസ് ധൃവീകരണങ്ങളും, വേട്ടക്കാരൻ- ഇര സമ്പ്രാദായവും, കച്ചവട വ്യവസ്ഥകളൂം, ലിംഗ അതിക്രമണങ്ങളും, ലിംഗ അനീതികളൂം, അധർമ്മങ്ങളും അടിമബോധവും എല്ലം ആണ് അവിടെയും നിലവിലുള്ളത്. എന്നു പറഞ്ഞാൽ, കുടുംബം, സമൂഹം, സ്റ്റേറ്റ്, രാജ്യം ഇതെല്ലാം ഒരേ അവസ്ഥകൾ തന്നെയാണ് എന്ന്.  അതേതു രാജ്യത്തും അങ്ങനെ തന്നെയായിരിക്കും. അതുകൊണ്ടാണ് ജനങ്ങൾക്കു പറ്റിയ നേതാക്കന്മാർ എന്നും മറിച്ചും പറയുന്നത്.

കുടുംബങ്ങളിൽ എങ്ങനെയെങ്കിലും പണം നേടുകയെന്നുള്ളതാണ് വ്യവസ്ഥ. ധാർമ്മികതയില്ലാത്ത ബന്ധങ്ങൾ വെറും അഭിനയങ്ങളാണ്. രക്ഷകർത്താക്കൾക്കു മക്കളോടോ മക്കൾക്കു തിരിച്ചോ അതു പോലെ മറ്റു ബന്ധങ്ങളിലോ ധാർമ്മികത പാലിക്കുന്നവർ ചുരുക്കമാണ് എന്ന അവസ്ഥയാണ്. സമൂഹത്തിന്റെ ഈ ധർമ്മച്യുതിയിൽ മതസ്ഥാപനങ്ങൾ പുതിയ വേഷത്തിലാണ് വരുന്നത്; ധർമ്മ പരിപാലനത്തിന്റെയും സമാധാനത്തിന്റെയും ദാദാക്കളായി; അതും അവർക്കൊരു  കച്ചവടമാണ്. 

വ്യക്തികൾക്കു സമാധാനപരവും സ്നേഹപൂർവവുമായ അന്തരീക്ഷം കുടുംബത്തിലും സമൂഹത്തിലും ആവശ്യമാണ്. അതില്ലാതെ വന്നാൽ, അവരുടെ മനസിൽ പകയും വെറൂപ്പും വിശ്വാസക്കുറവും, കൂടിച്ചേർന്ന് ക്രിമിനൽ സ്വഭാവങ്ങളിലേക്ക് വഴിതെളിക്കും.

ഇന്നത്തെ ബലാൽസംഗ സംസ്കാരത്തിന്റെ  പ്രധാനമായ ഒരു കാരണം ഇതു തന്നെയാണ്.  ഡെൽഹിയിലും സമാനമായ റേപ്പു സാഹചര്യങ്ങളിലും ലൈംഗികതയാണ് കാരണം എന്നു വരുത്തികൂട്ടാൻ ശ്രമിക്കുന്നത് ഈ കപടധാർമ്മികക്കാരാണ്. മറിച്ചു മുകളിൽ പറഞ്ഞ കാരണങ്ങൾ ഒന്നിനോടൊന്നു ചേർന്നു നിന്നു പ്രവർത്തിക്കുമ്പോൾ സമൂഹത്തിൽ സ്ത്രീയുടെ നേർക്കുണ്ടാകുന്ന പുരുഷന്റെ വെറുപ്പാണ് അതിനു കാരണം.  

ഈ സാഹച്യത്തിൽ പ്രശ്നങ്ങളിലേക്ക് അടിമുടിയുള്ള ഒരു വീക്ഷണത്തിനും പുനരവലോകത്തിനും അതിനു ശേഷം പ്രശ്ന പരിഹാരത്തിനും സമൂഹവും രാഷ്ട്രവും വ്യക്തികളും തയ്യാറാക്കേണ്ടതുണ്ട്. ഈ വീക്ഷണത്തിൽ വിട്ടുപോകരുതാത്ത ഒന്ന് എല്ല വ്യക്തികളുടെയും സാമ്പത്തിക സാമൂഹ്യ സ്വാതന്ത്ര്യമാണ്.

സ്ത്രീയുടെ പുരോഗതി, അവരുടെ സാമ്പത്തികവും സാമുദായികവുമായ സ്വാതന്ത്ര്യത്തിൽ അധിഷ്ടിധമാണ്.  സ്ത്രീ പുരോഗമിക്കാത്ത ഒരു രാജ്യവും പുരോഗമിക്കയില്ല. ഇതു ഞാൻ പറയുമ്പോൾ, കേരളത്തിലെ സ്ത്രീകൾക്ക് ബോൾഡ് ആൻഡ് ബൂട്ടിഫുളിലെ ഇഷ്ടപ്പെട്ട ഏതാണിനെയും കുടുംബത്തിൽ നിന്നു വലിച്ചിറക്കി സ്വന്തമാക്കനുള്ള സാതന്ത്ര്യമല്ല ഉദ്ദേശിക്കുന്നത്. സ്ത്രീ-പുരുഷ ബന്ധത്തിൽ ധാർമ്മികത ഉണ്ടായിരിക്കണം ആ ധാർമ്മികതയുടെ നിർമ്മിതിയിൽ  അവർ പരസ്പരം ഭാഗഭാക്കാക്കേണ്ടതുണ്ട്. മറ്റുള്ളവരല്ല അതു നിർമ്മിക്കേണ്ടത്; പാരമ്പര്യമോ മതപാഠങ്ങളൊ അല്ല; ഇതിൽ സ്ത്രീയും പുരുഷനും തമ്മിലുള്ള വർത്തമാനവും കമ്മൂണിക്കേഷനും അത്യാവശ്യമാണ്; ഒരു സ്ത്രീ-പുരുഷ ബന്ധം ആത്യന്തികമായി അവർക്കു വേണ്ടിയുള്ളതാണ്; അവരുടെ കുടുംബങ്ങൾ അതിന്റെ ഭാഗമാകേണ്ടതുണ്ട്; എന്നു വിചാരിച്ച ഇന്നു പൊതുവെ ചിന്തിക്കുന്നതു പോലെ കുടുംബങ്ങൾ അവരുടെ ബന്ധത്തെ നിയന്ത്രിക്കുന്നത് ആശാവഹമല്ല.

 സ്ത്രീ സ്വാതന്ത്ര്യ, എന്നു കേൾക്കുമ്പോൾ തന്നെ കുടുംബത്തെ മറന്ന്, കുട്ടികളെ മറന്ന്, തോന്ന്യാസം നടക്കുന്നവൾ എന്ന ധാരണയാണ് സ്ത്രീ സ്വാതന്ത്ര്യത്തെ എതിർക്കുന്നവർ വച്ചു പുലർത്തുന്നത്. ഇതു പാശ്ചാത്യരീതികളുടെ കണ്ണടച്ച അനുകരണമാണ് എന്നൊക്കെ പറയുന്നവർ, കേരളത്തിന്റെ ചരിത്രത്തിലേക്കൊന്നു നോക്കേണ്ടതുണ്ട്.  സ്ത്രീകൾ മാറു മറച്ചു പൊതു ഇടങ്ങളിൽ നടക്കരുത് എന്നു ശഠിച്ചിരുന്ന ഒരു പാരമ്പര്യമുണ്ടായിരുന്നു കേരളത്തിൽ.  അതു പോലെ ഇഷ്ടമുള്ള ആണിന്റെ കൂടെ കിടന്ന് സമ്പത്തും ഭൂമിയും നേടിയെടുക്കുന്ന ഒരു അധാർമ്മിക- കച്ചവട -ജാതി വ്യവസ്ഥ നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു. അതുപോലെ കൂടെക്കിടക്കാൻ തയ്യാറാകുന്ന പെണ്ണീൽ  (താണ ക്ലാസിൽ ഇവളെ വിളിക്കുന്നത് വേശ്യ എന്നാണ്), മക്കളെ ഉണ്ടാക്കിയിട്ട് തന്തയുടെ ചുമതലകളിൽ നിന്നും ഒഴിഞ്ഞുമാറിയിരുന്ന രീതിയും മറ്റൊരു ജാതി അംഗീകരിച്ചിരുന്നു.  വായ് ഉള്ളവന് ഇരകൽ‌പ്പിച്ചോളും എന്നു പറഞ്ഞ് പത്തു മിനിട്ടുകൊണ്ട് ജനിപ്പിച്ച മക്കളെ വഴിയിൽ ഉപേക്ഷിച്ചു ഓടിപ്പൊയ വരരുചിയെ ഈ വ്യവസ്ഥയുടെ അംബാസിഡറായി കരുതുന്നവരും ഉണ്ട്, എന്നു മറക്കരുത്.

ഇവരൊന്നും നല്ല പരമ്പര്യമല്ല കേരളത്തിലുണ്ടാക്കിയതെന്നും,  അഛനുമമ്മയും തങ്ങളൂടെതായ അധികാര-അവകാശ സ്ഥാനങ്ങളിൽ നിന്നു പ്രവർത്തിക്കുന്ന കുടുംബങ്ങളിലേ ആരോഗ്യപരമായ ധാർമ്മിക- മാനവിക- മൂല്യങ്ങൾഉണ്ടാകൂ എന്നുമുള്ള പൊതു ബോധം കേരളത്തിൽ ഉണ്ടാകേണ്ടതുണ്ട്.

ഭാഗം- 2 തുടരും

Read more »

Thursday, February 7, 2013

ഐറ്റം ഡാൻസിനു സെൻസർ ബോർഡിന്റെ വിലക്ക് ആവശ്യമാണോ

‘സിനിമകളിലെ ഐറ്റം ഡാന്‍സുകള്‍ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ പിടിവീഴുന്നു. ഐറ്റം ഡാന്‍സ് ഉള്‍പ്പെടുന്ന സിനിമകള്‍ക്കെല്ലാം എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ബോര്‍ഡ് തീരുമാനിച്ചു കഴിഞ്ഞു. ടെലിവിഷനില്‍ സിനിമ പ്രദര്‍ശിപ്പിക്കുമ്പോള്‍ ഐറ്റം ഡാന്‍സ് രംഗം പൂര്‍ണമായി ഒഴിവാക്കണമെന്നാണ് മറ്റൊരു സുപ്രധാനമായ ഉത്തരവ്. തിയേറ്റുകളിലെ പ്രദര്‍ശനം കഴിഞ്ഞ് വീടുകളിലെ സ്വീകരണമുറിയിലേക്കെത്തുമ്പോള്‍ ഐറ്റം ഡാന്‍സിന് ടെലിവിഷനില്‍ പോലും ഇടം കിട്ടില്ലെന്ന് ചുരുക്കും. സിനിമയില്‍ ഐറ്റം ഡാന്‍സിന് മാത്രം കോടികള്‍ വാങ്ങി വിലസുന്ന ഐറ്റം നര്‍ത്തകിമാര്‍ക്കും ഇനി കാര്യങ്ങള്‍ പഴയതുപോലെയാവില്ല. ഐറ്റം ഡാന്‍സ് രംഗങ്ങള്‍ സമൂഹത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നുണ്ടെന്ന നിഗമനത്തിലാണ് ബോര്‍ഡിന്റെ തീരുമാനങ്ങള്‍‘.

Read more »

Thursday, January 31, 2013

ഐറ്റം ഡാൻസും ബലാൽ സംഗങ്ങളൂം


 കഴിഞ്ഞ ദിവസം മാതൃഭൂമിപത്രത്തിൽ കേരളത്തിന്റെ  എഴുത്തുകാരി സാറാജോസഫ് പറഞ്ഞതു വായിച്ചു ‘സിനിമകളിലെ ഐറ്റം ഡാന്‍സുകളില്‍ കൂട്ടബലാത്സംഗത്തിന്റെ തുടക്കമുണ്ടെന്ന്.

എന്നു പറഞ്ഞാൽ, ഐറ്റം ഡാൻസുകൾ തുടങ്ങിയതു മുതൽക്കാണോ കൂട്ടബലാൽ സംഗങ്ങൾ തുടങ്ങിയത് ; പക്ഷെ എന്താണീ ഐറ്റം ഡാൻസുകൾ? അതു ഹിന്ദി സിനിമയിൽ നായിക തന്നെ ചെയ്യുന്ന ഡാൻസുകളാണ്; അതു യുവാക്കളുടെയും കുട്ടികളുടെയും മനസിൽ കാമാർത്തമായ ഒരന്തരിക്ഷം ഉണ്ടാക്കുന്നു; അതാണ് ഡെൽഹി റേപ്പിനു കാരണം എന്നാണ് സാറാ ജൊസഫ് പറയുന്നത്.

ഹിന്ദിയിൽ മാത്രമല്ല മലയാളത്തിലുമുണ്ട്-ഐറ്റം ഡാൻസുകൾ; പക്ഷെ കുറവായിരിക്കാം;എന്നാലും മലയാളത്തിൽ റേപ്പിനു കുറവൊന്നുമില്ല.

കഴിഞ്ഞ് ദിവസം  NDTV ,യിലെ ബർക്ക ദത്തയുടെ ‘ We the People‘എന്ന പ്രോഗ്രാമിൽ
ഈ ഐറ്റം ഡാൻസിനെ ക്കുറിച്ച് ഒരു ചർച്ച കണ്ടിരുന്നു:‘Do films celebrate women or 'item'ise them?'
(സിനിമ, സ്ത്രീത്വത്തെ ആഘോഷിക്കുന്നുവോ അതോ വസ്തുവൽക്കരിക്കുന്നുവോ?)
ഈ ചർച്ചയിൽ  ഐറ്റം ഡാൻസിന്റെ പല വശങ്ങൾ കടന്നു വന്നിരുന്നു.  ചില ഐറ്റം ഡാൻസുകൾ അസ്ലീലമായ ലീറിക്സുകളുടെ പശ്ചാത്തലത്തിൽ പ്രത്യേക രീതിയിൽ കാമറ ചലിപ്പിച്ചു  സ്ത്രീ അവയവങ്ങളെ പ്രദേശിപ്പിക്കുന്നത്,  സ്ത്രീത്വത്തിന്റെ ആഘോഷമല്ല, ചരക്കുവൽക്കരണമാണ് എന്നു എന്നു ഹിന്ദി നടി ഷബ്നാ ആസ്മി പറഞ്ഞിരുന്നു. ജയ്പൂർ ലിറ്റററി ഫെസ്റ്റിവലിൽ അവർ പറഞ്ഞത് ഇവിടെ വായിക്കാം

എന്നാൽ മറ്റൊരു ഹിന്ദി നടിയായ പ്രിയങ്കാ ചോപ്ര പറയുന്നതിങ്ങനെയാണ്; ഒരുസ്ത്രീ നഗ്നയായി എന്നത്, അവളെ റേപ്പു ചെയ്യാനുള്ള അനുവാദമല്ല, റേപ്പു ചെയ്യുന്നവന്റെ രോഗാതുരമായ മനസു കാരണമാണ്.

ഡൽഹി റേപ്പ് ഇന്ത്യൻ സാമൂഹ്യതയുടെ ഒരു നാഴികക്കല്ലാകുന്നതിന്റെ അടയാളങ്ങളാണ് ഇത്തരം ചർച്ചകൾ.  അഭിപ്രായമില്ലാത്ത ഒരു സമൂഹമാണ് നമ്മുടേത്, അതായത്  ജാതി, സാമ്പത്തിക, ജെൻഡർ അടിസ്ഥാനത്തിൽ പിന്നാക്കം തള്ളപ്പെട്ട അതിലെ ഭൂരിപക്ഷത്തിനും അഭിപ്രായങ്ങളില്ല, ശബ്ദവുമില്ല;  ഈ ഭൂരി പക്ഷത്തിൽ തന്നെ വരുന്ന് ഭൂരിപക്ഷമാണ് സ്ത്രീകൾ.  ബക്കിയുള്ളവർ സംസാരിക്കുന്നുണ്ട്, അതു സെൻസിബിളായിട്ടല്ല- കാരണം സ്വന്തം താല്പര്യത്തിൽ ലോകത്തെ ക്രമീകരിക്കമാത്രമാണ് അവരുടെ താല്പര്യം. ഇവർ ഒരു മൈനോരിട്ടി മാത്രമാണ്. 

ഈ പിന്നാക്ക ഭൂരിപക്ഷത്തിന്റെ വായ പെട്ടെന്നു തുറന്നു വന്ന ഒരനുഭവമാണ് ഡെൽഹി സംഭവം. ഒരു ജീവൻ അതിനു വിലകൊടുക്കേണ്ടി വന്നു എന്നതു നിർഭാഗ്യകരമാണ്.
പക്ഷെ ഇതൊരു തുടക്കം മാത്രമാണ്; അതിന്റെ ഉയർച്ച വളർച്ച ഇതൊക്കെ നിർണയിക്കുന്നതിൽ ഇത്തരം ചർച്ചകൾ പ്രാധാനപ്പെട്ട ഒരു പങ്കു വഹിക്കുന്നുണ്ട്.

എന്നിരുന്നാലും, സാറാജോസഫും, എൻ.ഡി,ടിവിയും, അതു പോലെ കേരളത്തിലെയും ഇന്ത്യയിലെയും മറ്റു ചാനലുകളും ഇവിടെ പണ്ടേ ഉണ്ടായിരുന്നു; റേപ്പും; ഭൂരിപക്ഷത്തിനു വേണ്ടി സംസാരിക്കയാണ് ഞങ്ങളുടെ ധാരിമ്മികത എന്നു ഭാവിച്ചിരുന്നവരാണ് ഇവരൊക്കെ; പക്ഷെ റേപ്പിനെതിരായ ഒരു സാമൂഹ്യ മനസ് സൃഷ്ട്ടിച്ചെടുക്കുന്നതിൽ പരാജയപ്പെട്ടവരാണ് ഇവരൊക്കെ. അതുകൊണ്ടു തന്നെ,  ഇവരൊക്കെ ഇപ്പോൾ രൂപീകരിക്കുന്ന അഭിപ്രായങ്ങൾ അങ്ങനെ മുഖവിലക്കു വാങ്ങേണമോ എന്നുള്ളതു ചിന്തിക്കേണ്ടതുണ്ട്,

അതായത് ഡെൽഹിയിൽ നടന്ന സംഭവം കേരളത്തിലെ ഒരു വീട്ടിൽ ഒരു വ്യക്തിയിൽ എന്തു മാറ്റങ്ങളുണ്ടാക്കി എന്നുള്ളതാണ് സമയത്തിന്റെ ആവശ്യം. റ്റി.വി. മാദ്ധ്യമങ്ങളിൽ വരുന്നതും സംസ്കാരനായകന്മാ‍രും നായികമാരും പറയുന്നതും വെള്ളം തൊടാതെ വിഴുങ്ങുന്നത് നമ്മുടെ സമൂഹത്തിന്റെ പ്രത്യേകതയാണ്.
ഈ സാഹചര്യത്തിലാണ് ഇവരുടെ അഭിപ്രായങ്ങളിലേക്ക് ഒന്നിറങ്ങിച്ചെന്ന് അന്വേഷിക്കുന്നത് ആവശ്യമാകുന്നത്.

ഐറ്റം ഡാൻസ് എന്നത് ആനുകാലികമായ ഒരു പ്രയോഗമാണ്. (ഐറ്റം ഡാൻസ് സ്ത്രീയെ ചർക്കുവൽക്കരിക്കുന്നുവോ എന്നത് വേറൊരു വിഷയമാണ്).  അതായത് ഇന്നത്തെ കച്ചവട കാലം സ്ത്രീശരീരത്തെ വിനോദനത്തിനു വേണ്ടി ഉപയോഗിക്കുന്നത് ഇപ്പോൾ ഈ രീതിയിലാണ്. ഇനി ഈ കച്ചവടകാലത്തിനു പുറകിലേക്കു പോയാലോ ഒരോ കാലഘട്ടത്തിനും സ്ത്രീ ശരീരത്തെ വിനോദത്തിനും കച്ചവടത്തിനും വേണ്ടി ഉപയോഗിക്കുന്ന ഓരോ രീതികളെ പരിചയപ്പെടാൻ കഴിയും.  അതായത്, ഏതാണ്ട് ബി.സി. ആറാം നൂറ്റാണ്ടോടു കൂടി ഇന്തയിൽ ചാതുർവർണ്യ രാജഭരണ വ്യ്വസ്ഥിതി വന്നതോടെ സ്ത്രീയുടെ ചരക്കുവൽക്കരണം തുടങ്ങുകയായി.  സ്ത്രീശരീരത്തിന്റെ കമനീയതയും അന്തസും ഉൾക്കൊണ്ട് വിനോദകലയെ ആസ്വദിച്ചിരുന്ന ഒരു കാലഘട്ടത്തിന്റെ സമൂഹ്യതയെ ചാതുർവർണ്യം ചവിട്ടി മെതിച്ചു അശുദ്ദമാക്കിയ  രൂപമാണ് ദേവദാസികൾ. സ്ത്രീ ശരീരത്തിന്റെ ചർക്കുവൽക്കരണവുമായിരുന്നു അത്.

സ്ത്രീ ശരീരത്തിന്റെ കാമാതുരമായ വർണനകളായിരുന്നു/ഇന്നും ആണ് കേരളത്തിൽ നല്ലൊരു പങ്കും കലാ സൃഷ്ടികൾ; അതു കഥയായാലും, കവിതയായാലും, ചിത്രമായാലും കൊത്തു പണീയായാലും. ഈ വർണനകൾ വായനക്കാരിൽ കാമാതുരത ഉണർത്തിയിരുന്നില്ലെ?  അതും പോകട്ടെ കേരളത്തിലെ ക്ഷേത്രങ്ങളിലെ ശില്പങ്ങൾ കാമാതുരത ഉണ്ടാക്കുന്നവയല്ലേ?   കാമശാസ്ത്രം കാമത്തെക്കുറിച്ചല്ലേ പറയുന്നതും കാണിക്കുന്നതും; പെണ്ണിന്റെ ശരീരത്തെയും ലൈംഗികതയെയും കാണിച്ച മാർക്കറ്റ് തേടുന്ന എഴുത്തുകാർ പിന്നെ എന്താണ് ചെയ്യുന്നത്?

ചില കേരള മൂറലുകൾ ഇവിടെ കാണാം

ഇതു കൂടാതെ ചിലർക്കു പെണ്ണിനെ കണ്ടാൽ മതി, പെണ്ണിന്റെ പടം കണ്ടാൽ മതി,  പെണ്ണിന്റെ അവയവങ്ങൾ കണ്ടാൽ മതി,  കാമാതുരത ഉണ്ടാകും. അപ്പോൾ ഇതൊക്കെ ബലാൽ സംഗത്തിന്റെയോ  അല്ലെങ്കിൽ കൂട്ട ബലാൽ സംഗത്തിന്റെയോ കാരണങ്ങളാകാമല്ലോ? ഐറ്റം ഡാൻസുകൾ ഈ കാമാതുരത ജനിപ്പിക്കുന്ന വിനോദകലയുടെ ആനുകാലിക രൂപം മാത്രമാണ്; നാളെ ഈ റ്റൂപം മാറി മറ്റൊന്നാകും.  പിന്നെ സിനിമ ഈ വിനോദത്തെ ജനകീയവൽക്കരിച്ചിരിക്കുന്നു. അതുകൊണ്ട് ഏത് ക്ലാസിലുള്ളവർക്കും ഈ കാമാതുരത പ്രാപ്തമായിരിക്കുന്നു; പണ്ട് പ്രത്യേക ക്ലാസിൽ മാത്രം ഒതുങ്ങിയിരുന്നു; അതാണോ ഇനി പ്രശ്നമുണ്ടാക്കുന്നത്.

ഇവരുടെയൊക്കെ പറച്ചിലുകൾ കേട്ടാൽ തോന്നും കേരളം അല്ലെങ്കിൽ ഇന്ത്യ പെട്ടെന്ന് കാമാതുരമായി പോയി;പണ്ടുള്ളവർ എന്തു ഡീസന്റായിരുന്നു എന്നൊക്കെ. ഒരു പത്തു നൂറു വർഷങ്ങൾക്കു മുൻപുള്ള അനുഭവങ്ങൾ എനിക്കു കേട്ടറിവുണ്ട്; അന്നു ഫ്യുഡൽ പ്രഭുക്കളായിരുന്നു നാട്ടു ഭരിച്ചിരുന്നത്; നാട്ടിൽ ആരുടെയ്ങ്കിലും പറമ്പിൽ, ചേനയോ ചക്കയോ വാഴക്കുലയോ, പശുക്കളെയോ, പെണ്ണിനെയോ കണ്ടാൽ ഉടൻ അവകൾ സ്വന്തം വീട്ടിലേക്ക് കടത്താൻ ഉത്തരവിടുകയായി.  പെണ്ണിനെ കണ്ടു കാമാതുരനായി പോയതാണ് കാരണം( പശുവിനെ കണ്ടും അതു തന്നെയായിരുന്നോ എന്നിപ്പോൾ ഒരു സംശയം). അതുകൊണ്ട് അന്നു സ്ത്രീകൾക്കു വീടിനകത്തൊളിച്ചിരിക്കാനേ കഴിയുമായിരുന്നുള്ളൂ.  ഫൂഡലിസമൊക്കെ പോയി, സ്വാതന്ത്ര ഇൻഡ്യയിലെ അവസ്ഥ എന്തായിരുന്നു; പെൺകുട്ടികൾ വിദ്യാഭ്യാസത്തിനു പകൽ പുറത്തിറങ്ങിയിരുന്നു; അതുംവഴിയിൽ അങ്ങിങ്ങായി നിൽക്കുന്ന വായിനോക്കി മരങ്ങോടന്മാരുടെ എത്ര അസഭ്യവർത്തമാനം കേട്ടുകൊണ്ട്; ഇതു കേട്ടു കഥയല്ല; അനുഭവമാണ്. വൈകിട്ട് പ്രാക്റ്റിക്കൽ കഴിഞ്ഞു വൈകുന്ന ദിവസങ്ങളിൽ, ബസ് സ്റ്റോപ്പിൽ എന്റെ സ്വന്തം ആങ്ങളമാരെ കണ്ടില്ലെങ്കിൽ എന്റെ ചങ്കു വായിൽ വരുമായിരുന്നു; അതെ പേടികൊണ്ട്.  അങ്ങനെയെല്ലാവരും പേടിച്ചു പതുങ്ങി എസ്കോർട്ടോടെ നടന്നതു കൊണ്ട്; ബലാൽ സംഗത്തിന്റ് എണ്ണം കുറവായിരുന്നു; അല്ലാതെ മരത്തേലു തുണിചുറ്റിയതു കണ്ടാലും കാമാതുരരാകുന്ന കേരളത്തിലെ ആണൂങ്ങൾക്കു മാന്യതകൂടിയതുകൊണ്ടൊന്നുമായിരുന്നില്ല.

പക്ഷെ ഇപ്പൊഴത്തെ വ്യത്യാസം ഈ വിലക്കുകൽ ഒന്നും കണക്കെലെടുക്കാതെ സ്ത്രീകൾ പുറം ലോകത്തേക്കിറങ്ങുന്നു. എസ്കോർട്ടു കൂടാതെ, അവർ പൊതു ഇടങ്ങൾ രാത്രി പകൽ വ്യത്യാസം കൂടാതെ കൈയ്യേറുന്നു.


 അപ്പോൾ ചുരുക്കമായി പറഞ്ഞാൽ, വ്യക്തിയിൽ കാമാതുരത ഉണർത്തുന്ന വിധത്തിൽ സ്ത്രീശരീരത്തെ വിനോദകലക്കും കച്ചവടത്തിനും പലേ സാഹചര്യങ്ങൾക്കനുസരിച്ചും ഉപയോഗിച്ച ഒരു നാടാണ് നമ്മുടെത്.  അതു കൊണ്ട് ഈ ബലാൽ സംഗമൊക്കെ ഇപ്പോൾ ഈ ഐറ്റം ഡാൻസു തുടങ്ങിയപ്പോൽ മുതൽ ഉണ്ടായതാണ് എന്നൊക്കെ പറയുന്നത് പലതും മറച്ചു പിടിക്കാനുദ്ദേശിച്ചിട്ടുള്ളവയാകാനേ സാദ്ധ്യതയുള്ളൂ.

പ്രകൃതിയുടെ എല്ലാ അനുഭവങ്ങളിലും, സന്ദർഭങ്ങളിലും സൌന്ദര്യവും (ഇത് ആപേക്ഷികമാണ്), സ്നേഹവും, കാമവുമുണ്ട്; അതു വഴിയാണ് സൃഷ്ടി ഉണ്ടാകുന്നതും, പ്രകൃതി നിലനിക്കുന്നതും. ഇതിൽ സൌന്ദര്യവും സ്നേഹവും ഇല്ലാതായാൽ പിന്നെ കാമം മാത്രമാണുള്ളതു; അതാണ് റേപ്പ്; സൌന്ദര്യവും സ്നേഹവുമില്ലാതെ സ്ത്രീയെ കാമാത്തിനു മാത്രമായി കാണുന്നത് മാനസികമായ ഒരു രോഗാ വസ്ഥയാണ്.   അതിനു ദുഷിച്ച രാഷ്ടീയ സമൂഹ്യ മത പശ്ചാത്തലങ്ങളുണ്ട്.  രേപ്പ് എന്ന സമൂഹത്തിന്റെ രോഗാതുരമായ അവസ്ഥക്കു പരിഹാരം കാണുന്നതിന് ഈ ദുഷിച്ച പശ്ചാത്തലങ്ങളെയാണ് പരിശോധിക്കേണ്ടത്.

ഐറ്റം ഡാൻസ് ഒരു രോഗ ലക്ഷണം മാത്രമാണ്; എന്നു പറഞ്ഞാൽ രോഗം പ്രകടമാകുന്ന ഒരനുഭവം അല്ലെങ്കിൽ അടയാ‍ളം.  അതായത് ചാതുർവർണ കാലഘട്ടത്തിന്റെ രോഗ അടയാളമായ ദേവദാസികളൂടെ വളരെ വ്യത്യസ്ഥപ്പെട്ടതെങ്കിലും ഒരു സമാന്തര രൂ‍പമാണ് ഇന്നത്തെ ഐറ്റം ഡാൻസുകാരികൾ.  ഈ ഐറ്റം കാരു പക്ഷെ ഒരു സ്റ്റേജു കാഴ്ച മാത്രമാണ്; അതിന്റെ പിന്നിലെ കണ്ണികളെ നമ്മൾ കാണുന്നില്ല, സിനിമാമുതലാളിമാർ;  ഇവരുടെ കച്ചവട ലാഭക്കണ്ണിന്റെ മുൻപിൽ കീഴ്പ്പെട്ടു പോകാനേ ഈ ഡാൻസു കാരികൾക്കു കഴിയുന്നുള്ളൂ,  പ്രിയങ്കാ ചൊപ്ര NDTV ചർച്ചയിൽ ചൂണ്ടിക്കാട്ടിയതു പോലെ പക്ഷെ ഐറ്റം കാർക്കിന്നു സ്വാതന്ത്ര്യമുണ്ട്; ഈ റോളിൽ ഞാൻ ആടണമോ എന്നു തീരുമാനിക്കാൻ; പക്ഷെ ഈ പ്രിയങ്കാ ചോപ്രയും ആദ്യമൊക്കെ ഐറ്റം ഡാൻസുകളെ എതിർത്തു പറഞ്ഞു എങ്കിലും പിന്നീടവർക്കതു ചെയ്യേണ്ടി വന്നു; നിലനിൽ‌പ്പിനു വേണ്ടി തന്നെ ആയിരിക്കണം.  ഒരു പക്ഷെ  ഇവരുടെ സ്വാതന്ത്ര്യം കുറച്ചു കൂടി ഉറപ്പിക്കുന്നതിന്  ഇത്തരം ചർച്ചകൾ കാരണമായേക്കാം. അപ്പൾ ഐറ്റം ഡാൻസുകൾ രോഗ ലക്ഷണം മാത്രമാണ്; തലവേദനയാണ് ഫ്ലൂവിന്റെ കാരണം എന്നു പറയുമ്പോലെയാണ് സാറാജൊസഫ്,  ഐറ്റം ഡാൻസാണ് രേപ്പിനു കാരണമെന്നു പരയുന്നത്, എന്റെ കാഴ്ച്ചപ്പാടിൽ.

സൌന്ദര്യ്‌വും സ്നേഹവുമില്ലാത്ത കാമം ഹിംസാത്മകമാണ്; അതണ് ബലാൽ സംഗത്തിനു വഴിതെളിക്കുക; അതിൽ ലിംഗഭേദനമാണ്; ലൈംഗികതയല്ല; അതു ക്രിമിനൽ പ്രവൃത്തിയാണ്;  ലൈംഗികത അതിനു കാരണങ്ങളുമല്ല; ദെൽഹിയിലെ പെൺകുട്ടിയേ രേപ്പ് ചെയ്തത് ഐറ്റം ഡാൻസു കണ്ടിട്ടായിരുന്നോ, അവളെ കീഴെപ്പെടുത്തുന്നതിനു വേണ്ടിയായിരുന്നു; സ്ത്രീയോടുള്ള് അതി കഠനമായ വിരോധവും വൈരാഗ്യവുമാണ് അതിന്റെ പിന്നിൽ. അതിനു ശക്തമായ, സാമൂഹ്യ, രാഷ്ട്ര്രിയ, സംസ്കാരിക, ജെൻഡർ, മാനസിക കാരണങ്ങളാണുള്ളത്; അതെന്താനെന്നാണ് മനസിലാക്കേണ്ടത്.

തുടരും.....


Read more »

Tuesday, November 20, 2012

ശ്വേതയുടെ പ്രസവവും അച്ചുമനസുകളൂം

 [ഇതു നാലാമിടത്തിൽ  ‘മാറിയ പെൺജീവിതവും മാറാത്ത നമ്മുടെ മേൽമീശകളൂം‘ എന്ന പേരിൽ പ്രസിദ്ധീകരിച്ച പോസ്റ്റിന്റെ ഒറിജിനൽ കോപ്പിയാണ്.  ശ്വേതയുടെ പ്രസവത്തെക്കുറിച്ച് നമ്മുടെ ഗവണ്മെന്റ് നയം വ്യക്തമാക്കിയിരിക്കുന്നു; സ്പീക്കർ ജീ.കാർത്തികേയൻ പറഞ്ഞിരിക്കുന്നു; ശ്വേതയുടെ പ്രവൃത്തി ധാർമ്മികമായില്ല എന്ന്.  ഈ പശ്ചാത്തലത്തിൽ ഈ പോസ്റ്റ് എന്റെ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നു. ഇവിടെ ശ്വേതയുടെ മറുപടി]

Read more »

Saturday, July 14, 2012

ഇന്ത്യൻ, സൌത്താഫ്രിക്കൻ മദ്ധ്യ വർഗ്ഗവും B.O.T യും

 നവലിബറൽ മുതലാളിത്തം അംഗീകരിച്ച ഓരോ രാജ്യത്തിലും വർദ്ധിച്ചുവരുന്ന ഒരു ബൈപ്രോഡക്ട് ആണ്, വികസനം കൈവരിക്കുന്ന ഒരു മദ്ധ്യവർഗം.  ഈ മദ്ധ്യവർഗത്തിനു  രാഷ്ട്രത്തോട്  ഒരു രാഷ്ടീയ ചുമതല വേണോ അതോ വ്യക്തിഗതമായ സ്വാർഥ താല്പര്യങ്ങൾ മാത്രം മതിയാകുമോ? ഹൈവെ ടോൾപിരിവിനോട്  കേരളത്തിലെയും (ഇന്ത്യയിലെയും) സൌത്താഫ്രിക്കയിലെയും മദ്ധ്യവർഗത്തിന്റെ വേറിട്ട സമീപനത്തെക്കുറിച്ച് ഒന്നു മനസിലാക്കാൻ ശ്രമിക്കുന്നു.
 
കേരളത്തിൽ മണ്ണുത്തി- ഇടപ്പള്ളി നാഷനൽ ഹൈവേയിൽ ഏർപ്പെടുത്തിയിരിക്കുന്ന പാലിയക്കര ടോൾ പിരിവ് ഇപ്പോഴും വിവാദമായി കിടക്കുന്നത്, ആഗോള മുതലാ‍ളിത്തത്തിന്റെ പൌരാവകാശത്തിനു മേലെയുള്ള കടന്നു കയറ്റത്തിനൊരുദാഹരണമായി കാണാം.  അതു പോലെ കേരളത്തിന്റെ ഭരണവ്യവസ്ഥ-അഥവാ മൈനൊരിറ്റി രാഷ്ട്രീയം- എത്ര മാത്രം വൈദേശിക താല്പര്യാ‍ധിഷ്ഠിധമാണെന്നും.

നവ ലിബറൽ ഗ്ലോബലൈസേഷനും മാർക്കറ്റ് എക്കോണമിയും ഈ മുതലാളിത്തത്തിന്റെ  വൈദേശിക ആദർശങ്ങളും, പ്രയോഗങ്ങളുമാണ്.  എന്നുപറഞ്ഞാൽ അതു കേരളത്തെ സംബന്ധിച്ച് ഒരു ഗ്രാസ്-റൂട്ട് വളർച്ചയല്ല, മുകളീൽ നിന്നു താഴേക്കു വേരിറങ്ങുന്ന/ ഇറങ്ങിയ ഒന്നാണ്.  ഇതു രണ്ടും കേരളത്തിലെ സാധാരണക്കാരന് ഗുണമുണ്ടാക്കിയില്ല എന്നു പറയാതിരിക്കാൻ വയ്യ.  പണ്ടു, മതവിശ്വാസികൾ അവരുടെ ആഗോള -ബൈബിൾ-ഖുറാൻ- ആര്യ സാഹോദര്യ- കണക്ഷന്റെ ഒക്കെ പേരിൽ കടൽ കടന്നു വിദേശനാണ്യം നേടി പ്രഭുത്വം നേടിയിരുന്നത്   അവരൊക്കെ കണ്ടു കൊതിച്ചിരുന്നു എങ്കിൽ, ഇപ്പോൾ അവർക്കും അതൊക്കെ ആകാമെന്നായിരിക്കുന്നു. സ്വന്താമായുള്ള  ബൌദ്ധിക ജ്ഞാനം, കായിക കഴിവ്, പരമ്പരാഗത തൊഴിൽ- ഇതിന്റെയൊക്കെ പേരിൽ കടൽക്കടന്നു വിദേശപ്പണം (foreign money) വീട്ടിലെത്തിക്കാനവസരം അവർക്കുമുണ്ടായിരിക്കുന്നു.  ഇതൊടെ അറബിനാടുകളിൽ കേരളത്തിൽ നിന്നു ജോലിതേടിപോകുന്നവരുടെ എണ്ണം വളരെ കുടിയിരിക്കുന്നു.

 പണത്തോടുള്ള സമീപനം തന്നെ മാറിയിരിക്കുന്നു.  പണ്ട് പണം കെട്ടീപൊതിഞ്ഞുവക്കുവാനുള്ള ഒരു വസ്തുവായിരുന്നു. ഇന്നത് ക്രയവിക്രയത്തിനുള്ള്  മീൻസ് ആയിരിക്കുന്നു.  കൂടാതെ, ബാങ്കുകളുമായുള്ള അകൽച്ച കുറയുകയും കടം വാങ്ങൽ ഒരു ജീവിതരീതിയുമായിരിക്കുന്നു.  പണ്ട്, 100 രൂപാ വായ്പ മേടിക്കാൻ അയിലത്തെ മുതലാളീട അടുക്കൽ ചെന്ന് കണക്കില്ലാതെ നാണം കെട്ട് കശും കിട്ടാതെ തിരിച്ചു പോന്നിരുന്ന സ്ഥാനത്ത് ഇന്ന് ബാങ്കുകളുടെ അടുത്തു ചെന്ന് അത്രയും നാണം കെടാതെ വായ്പ്പ വാങ്ങാം.  വായപ എത്ര വേണമെങ്കിലും കിട്ടും എന്നു തന്നെയുമല്ല്, ഏത്രയും കൂടുതൽ കടമെണ്ടുത്ത് ദേഹത്തിട്ടിരിക്കുന്ന തുണി വരെ കടത്തിൽ വാങ്ങുന്നവരാണ് ഏറ്റവും കൂടുതൽ എക്കോണമി അറിയാവുന്നവൻ എന്നും ധാരണകൾ ഉണ്ടായിരിക്കുന്നു.  കണക്കിനു  നൂറിൽ പത്തു മാർക്കു കിട്ടിയ മക്കളെ വരെ സാശ്രയ സ്ഥാപനങ്ങളിൽ കാശുകൊടുത്തു എൻ ജിനീയറിങ്ങിനു വിടാമെന്നുമായിരിക്കുന്നു.  

സമുഹ്യമായി, ജാതി-മത രംഗത്തും മാറ്റങ്ങൾ ഉണ്ടായി. മാദ്ധ്യമങ്ങൾ ഇന്നും മൈനോരിട്ടി വാലുകളുടെ ബലത്തിൽ സാഹിത്യാഭിരുചികൾ നിർണയിക്കുമ്പോൾ, പുതുതായി വന്ന ഇ-മാദ്ധ്യമങ്ങളിലൊക്കെ പതിതന്മാർക്കു കൈവച്ച്, ആശയങ്ങൾ പരത്താമെന്നായിരിക്കുന്നു.  .  പതിതന്റെ സാഹിത്യമെന്നൊക്കെ പറയാറായിരിക്കുന്നു.

ഇതിലും കൂടുതലായി, പരിഷ്കൃത ലൈഫ് സ്റ്റൈലുകൾ ഇന്നിനി കൈക്കോള്ളാനാകാത്ത ദൂരത്തിലാണ് എന്നൊന്നും വിലപിക്കേണ്ട ആവശ്യമില്ല. ഉപകരണങ്ങൾ വിലക്കില്ലാതെ മാർക്കറ്റുകളിൽ എത്തിയതോടെയും ടി.വി മുതലായവ ഇരിപ്പുമുറിയിൽ എത്തി ഒരു കൻസൂമർ സംസ്ക്കാരം രൂപീകരിക്കാൻ തുടങ്ങിയതൊടെയും,  ജാതിക്കും മതത്തിനും ഇത്തിരി വെള്ളം ചേക്കലുകൾ ഉണ്ടായി.  സമ്പത്തായി ക്ലാസിന്റെ കർത്താവ്.  എങ്ങനെയും സമ്പത്തു സമ്പാദിക്കുകയായി എല്ലാ‍വരുടെയും ലക്ഷ്യം. 

കടൽ കടന്നു പോകാത്തവരും പോയവരും തമ്മിൽ ഒരു പാരലൽ സാമ്പത്തിക അവസ്ഥ തന്നെ രൂപീകൃതമായി. കടൽ കടന്നവരൊടു സാമ്പത്തികമായി ഒപ്പമെത്താ‍നും ലൈഫ് സ്റ്റൈൽ വർദ്ദിപ്പിക്കാനും, മക്കളുടെ വിദ്യാഭ്യാസ ചിലവുകൾക്കുമൊക്കെയായി സർക്കാരാഫീസുകളിൽ ക്രമീകരിക്കപ്പെട്ട ഒരു പരിപാടിയായി മാറി കൈകൂലി. 

ഈ പറഞ്ഞവയെല്ലാം കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ  കേരളത്തിലെ ഭൂരിപക്ഷം ജനങ്ങൾ നേടിയെടുത്തവയാണ്.  അഥവാ ഇവരാണ് കേരളത്തിന്റെ നിയോലിബറൽ പുരോഗമന മോഡലായ മദ്ധ്യവർഗം. ഈ മദ്ധ്യവർഗ്ഗം ലോകത്തിന്റെ പലഭാഗത്തുമുള്ള മദ്ധ്യവർഗത്തേക്കാൾ ബുദ്ധിയുള്ളവരും, കുടുംബമെന്ന ചുറ്റുപാടിൽ വളരുന്നവരും, സാമ്പത്തികമായി മെച്ചപ്പെടുന്നവരും, പരീക്ഷായോഗ്യതകൾ നേടുന്നവരും, അധ്വാനികളാകാൻ താല്പര്യമുള്ളവരും ആണ്.

ഇവരുടെ രാഷ്ട്രീയത്തെക്കുറിച്ചു പറഞ്ഞാൽ, പാർട്ടി രാഷ്ട്രീയത്തിൽ കവിഞ്ഞ് ഒരു രാഷ്ട്ര-നിർമാണത്തിൽ അധിഷ്ഠിധമായ രാഷ്ട്രീയ ബോധം ഇവരിൽ ഉള്ളതായി അവിടെ നടക്കുന്ന സംഭവങ്ങൾ തെളിയിക്കുന്നില്ല, എന്നാണ് എന്റെ വിനീതമായ അഭിപ്രായം.  അതിന്റെ കാരണങ്ങൾ പ്രധാനമായും മത വിഭാഗീയതയാണ്.  നവലിബറലിസത്തിന്റെ മറ്റൊരു ബൈപ്രോഡക്റ്റ് ആയി  കേരളത്തിൽ കടന്നു വന്നതാണ് മതങ്ങളുടെ അധികാര വിപുലീകരണം.  മതങ്ങളുടെ വിദ്യാഭ്യാ‍സത്തിലും രാഷ്ട്രീയത്തിലും ഉണ്ടായ ഒളിച്ചു കടത്തൽ ജനങ്ങളുടെ രാഷ്ട്രബോധത്തെ നിർവീര്യമാക്കുന്നു എന്നു പറയാം.

മതങ്ങളിലൂടെ, മതങ്ങളുടെ കുത്തകയായ വിദ്യഭാസത്തിലൂടെ, പരലോക സായൂജ്യത്തിനു സർവവും സമർപ്പിക്കപ്പെട്ട ഒരു മദ്ധ്യവർഗ്ഗം ഒരു ഏകീകൃത- രാഷ്ട്ര ദേശനിർമ്മിതിയിലേക്ക് നയിക്കപ്പെടുന്നില്ല, പകരം, സ്വാർഥതയുടെ പരിമിതികളിലേക്ക് കുഴിയാനകളെ പോലെ വലിയപ്പെടുന്നു. തങ്ങൾക്കാവശ്യമുള്ളതു ചെയ്തുകൊടുക്കുന്ന രാഷ്ട്ര്രിയപാർട്ടിക്കു വോട്ടുചെയ്യുകയെന്നതിൽ കവിഞ്ഞ് ഇവർക്കു മറ്റൊന്നും രാഷ്ടീയമല്ല.


സൌത്താഫിക്ക

ലോകത്തെ മുതലാളിത്ത ചൂഷണം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.  ഇന്ത്യയിൽ അതു ഏകദേശം മൂവായിരത്തിൽ പരം വർഷങ്ങൾക്ക് മുൻപു തുടങ്ങിയതാണ്  എന്നനുമാനിക്കാം. യൂറോപ്യൻ കൊളോണിയലിസം ഇതിനെ ആഗോളമക്കി.  കോളോണിയലിസത്തിനു പുണീലിട്ടു മാമോദിസ മുങ്ങി കടന്നു വന്നിരിക്കുന്ന ഇന്നത്തെ  ഗ്ലോബലിസം ഇതിനെ ആഗോളവില്ലേജുകൾ വരെ എത്തിച്ചു.   ഫൂഡൽ-സവർണ- പാശ്ചാത്യ സുപ്രിമസി- നിയോ ലിബറലിസം-മാർക്കറ്റിസം,  (feudal, racial, white supremacy) എന്നീ പദങ്ങളുപയോഗിച്ചാണ് വികസിത പാശ്ചാത്യ രാജ്യങ്ങളിലെ ആളുകൾ ഈ ചൂഷണങ്ങളെ ആദർശവൽക്കരിച്ചിരിക്കുന്നത്.  കോളണീ ഭരണം നിലനിനിരുന്ന ഇന്ത്യയിലും, സൌത്താഫ്രിക്കയിലും, അതുപോലെയുള്ള മറ്റാനേകം രാജ്യങ്ങളിലും, പാശ്ചാത്യ സാമ്രാജ്യങ്ങൾക്കു  മാത്രം കൈകാര്യം ചെയ്യാനറിയാ‍വുന്ന എണ്ണ മുതലായ ധാതുക്കൾ കിനിയുന്ന അറബ് രാജ്യങ്ങളിലും ആഫ്രിക്കയിലും ജീവിക്കാനിടയായ  ജനങ്ങളെല്ലാം ഇതിന്റെ കെടുതി അറിഞ്ഞിട്ടുണ്ട്, അനുഭവിച്ചിട്ടൂണ്ട്.പക്ഷെ  ഈ കോളണീകളെല്ലാം ഇന്നു ‘സ്വതന്ത്രമായി‘.  ഏറ്റവും അവസാനം സ്വതന്ത്രമായത് സൌത്താഫ്രിക്കയാണ്.  സ്വതന്ത്ര സൌത്താഫ്രിക്കയുടെ മിഡ് -വൈഫു തന്നെ നിയോലിബറൽ മാർക്കറ്റ് വ്യവസ്ഥ ആയിരുന്നു. ഇന്ത്യ സ്വതന്ത്ര്യായി 65 വർഷങ്ങൾ പിന്നിടുമ്പോൾ സൌത്താഫിക്ക 18 വർഷങ്ങൾ മാത്രം പിന്നിട്ടിരിക്കുന്നു. കഴിഞ്ഞ 20 വർഷങ്ങളോളമായി, സൌത്താഫ്രിക്കയിൽ ജീവിക്കുന്ന എന്നെ ഇന്ത്യകഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്വധീനിച്ചിട്ടുള്ള രാജ്യമാണ് സൌത്താഫ്രിക്ക.   രണ്ടും ഇന്ന് അന്താരാഷ്ട്രവേദിയിൽ ഒന്നിച്ച് , മുന്നോക്ക രാജ്യങ്ങളുടെ നീതീകരിക്കാനാകാത്ത തലക്കനമുതലാളിത്തത്തിനു ബദലുകൾ ഉണ്ടാക്കുന്നുണ്ട്.  എന്നാൽ    രണ്ടൂ രാജ്യങ്ങളേയും പരസ്പരം ഒന്നു താരതമ്യപെടുത്തിയാൽ പ്രത്യേകിച്ച് വിദ്യാഭ്യാസ മേഘലയിൽ സൌത്താഫ്രിക്ക വളരെ പിന്നോക്കം നിൽക്കുന്ന ഒരു രാജ്യമാണ് .  മാർക്കറ്റ് അവസരങ്ങൾ ഉണ്ടാകുമ്പോഴും രാജ്യത്തിന്റെ ന്യൂനപക്ഷത്തിനു മാത്രമേ അതുപയോഗപ്രദമക്കാൻ സാധിക്കുന്നുള്ളൂ.  ഈ ന്യൂനപക്ഷത്തെ നമുക്കു പെട്ടെന്നു തിരിച്ചറിയാം- അപ്പർത്തീഡ് കാലത്ത് സൌത്താഫ്രിക്കയുടെ നേട്ടം കൊയ്തിരുന്നവരാണ് അവർ.   

ഈ അടുത്ത കാലത്ത്  ഇന്ത്യൻ പ്രസിഡന്റ് പ്രതിഭ പട്ടിൽ സൌത്താഫ്രീക്കയിൽ വന്നപ്പോൾ , IOL വാർത്ത വന്നതിങ്ങനെയാണ്. 

‘’Zuma said South Africa would seek help from India in acquiring skills in engineering, information and communication technology, finance, economics, and accounting to boost the infrastructure programmes‘’.

എന്നു പറഞ്ഞാൽ ഈ മേഘലകളീലൊക്കെ ഇന്ത്യ സൌത്താഫ്രിക്കയേക്കാൾ വികസിച്ചിരിക്കുന്നു എന്നാണ്.

സൌത്താഫ്രിക്കയുടെ ജനാധിപത്യ വികസനം


പക്ഷെ, മത- വർഗ-വർണ-വിദേശീയ ആധിപത്യങ്ങളുടെ കൈയ്യൂക്കിൽ അമർന്നിരുന്ന സൌത്താഫ്രിക്ക ഈ 18 കൊല്ലം കൊണ്ട് എത്ര മാറ്റങ്ങൾ ജനാധിപത്യ ലക്ഷ്യത്തിൽ നടപ്പാക്കി എന്നു നോക്കുന്നത് നന്നായിരിക്കും.  മതം, ജാ‍തി(ethnicity), ദൈവം, വിശ്വാസം ഇവയൊക്കെ ഇവിടെ ഇന്നു സ്വകാര്യ ഇടങ്ങളിൽ കിടന്നു വിരാജിക്കുന്ന/ വിരാജിക്കേണ്ടുന്ന  സംഗതികളായി മാറിയിരിക്കുന്നു.  അതായത് ഇവിടെ മതത്തിന്റെയോ വർഗത്തിന്റെയോ പേരിലല്ല രാഷ്ട്രീയ പാർട്ടികൾ മന്ത്രിമാരെ ഉണ്ടാക്കുന്നത്.

പകരം ഒരോവ്യക്തിയുടെയും സ്വത്വം പ്രാധാമാ‍യും രാഷ്ട-ദേശ-ബോധത്തിന്റെ അടിസ്ഥാനത്തിലാണ് ആഘോഷിക്കപ്പെടുന്നത്. 

തന്നേക്കാൾ പിന്നോക്കം നിൽക്കുന്നവരെ ഒരു കൈകൊടുത്തു സഹായിച്ച് തുല്യത -അതെത്ര ദൂരയായാലും- സാധിക്കുന്നതിനു വേണ്ടി ശ്രമിക്കുന്ന ഈ രാജ്യത്തെ കറുത്തവരും വെള്ളക്കാരും, ഇൻഡ്യാക്കാരും മറ്റും അടങ്ങുന്ന ജനതയെ കാണുമ്പോൾ എന്റെ പുണ്യ പുരാണഇന്ത്യാമഹാരാജ്യം ഇപ്പോഴും മജോറിട്ടി-മൈനോരിട്ടി-സവർണ ജട്ടികളുള്ളതു (അതും പല നിറങ്ങളിലുള്ളവ) കൊണ്ടുമാത്രമാണല്ലോ ഒലിച്ചു പോകാതിരുക്കുന്നത് എന്നൊർക്കുമ്പോൾ ലജ്ഞിച്ചു തലതാഴ്ത്താറുണ്ട്.

മീഡിയ ഉത്തരവാദിത്തം
എടുത്തു പറയേണ്ട മറ്റൊന്ന് ഇവിടുത്തെ മീഡിയയുടെ സമൂഹ്യ ഉത്തരവാദിത്തവും രാഷ്ടീയക്കളിയോടുള്ള വാച്ച്മാൻ ചുമതലകളൂം വച്ചു പുലർത്തുന്ന ഇടപെടലുകളാണ്.   മീഡിയകൾ ഇവിടെ ഗവണ്മെന്റിന്റെയോ പത്രമുതലാളിമാരുടെയോ അഭീഷ്ടമനുസരിച്ചല്ല പ്രവർത്തിക്കുന്നത്. ലോകത്തിലെ ഒന്നാമത്തെ ലിബറൽ ഭരണഘന എന്നു വിലയിരുത്തപ്പെട്ട ഇവിടുത്തെ ഭരണഘടന ജനങ്ങൾക്കു വാഗ്ദാനം ചെയ്യുന്ന ബിൽ ഓഫ് റൈറ്റ്സിന്റെ വ്യവസ്ഥകളിൽ അടിസ്ഥാനപ്പെടുത്തിയാണ് അവ പ്രവർത്തിക്കുന്നത്.

 B.O.T-കേരളം

പാലിയക്കര ടോൾപിരിവിൽ പ്രതിഷേധിച്ചവരെ കേരള പോലീസ് ചാക്കുകെട്ടുപോലെ വലിച്ചിഴക്കുന്നതു ഞാനും കണ്ടതാണ്, നാട്ടിലെ ഒരു ടി,വി, ചാനലിൽ. (അന്നു ഞാൻ നാട്ടിലായിരുന്നു)

ഇവിടെ വന്നതിനു ശേഷം  ടോൾപിരിവിനെന്തു പറ്റി എന്നൊന്നും മാനസിലാക്കാൻ ക്ഴിഞ്ഞില്ല. കാരണം മലയാള പത്രങ്ങൾ പൊതുവെ ഈ വാർത്തകൾക്കു പ്രാധാന്യം കൊടുത്തിരുന്നില്ല. .

എന്നാൽ,  ഈ വിഷയത്തിൽ  ആദ്യം തൊട്ടുള്ള എല്ലാവിവരങ്ങളും വീഴ്ച്ചകൂടാതെ പ്രസിദ്ധീക്കരിക്കുന്ന ഒരു ബ്ലോഗ് എന്റെ ശദ്ധയിൽ പെട്ടു. For Toll Free Democracy , ഈ ബ്ലോഗ്  വളരെ ശ്രദ്ധേയമായ വിവരങ്ങൾ കൊടുത്തിരുന്നു. Committee Against Privatisation of National Highways and Displacement കൺ വീനർ എന്നു പരിചയപ്പെടുത്തുന്ന T.L.Santhosh ആണ് ഈ ബ്ലോഗിന്റെ ഉടമ.

B.O.T-സൌത്താഫ്രിക്ക

അപ്പോഴാണ് ഇവിടത്തെ മാദ്ധ്യമങ്ങളിൽ ഹൌട്ടിങ്ങ് സ്റ്റേറ്റിലെ നാഷനൽ ഹൈവെയിൽ പ്രാവർത്തികമാക്കാൻ പോകുന്ന ബി.ഓ.ടി പിരിവീനെക്കുറിച്ചുള്ള വാർത്തകൾ കാണാനിടയായത്. 

അതനുസരിച്ച്, മെയ് ഒന്നിനായിരുന്നു ഇവിടെ ടോൾ തുടങ്ങാൻ ഉദ്ദേശിച്ചിരുന്നത്.  അതിനു മുൻപു തന്നെ ഇവിടുത്തെ ഭരണകക്ഷിയയ എ.എൻ.സി (African National Congress) യുമായി കൂട്ടുകെട്ടിലിരിക്കുന്ന ട്രേഡ് യൂണിയനുകളുൾപ്പെടെ ധാരാളം പൊതുജന സംഘടനകൾ ടോൾ പിരിവിനെതിരായി രംഗത്തു വന്നിരുന്നു. ജനാധിപത്യപരമായ പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കു നേരെ പക്ഷെ  പോലീസ് മർദ്ദനമൊന്നുമുണ്ടായില്ല.


ശക്തമായ ജനരോഷമുണ്ടായിട്ടും  ഗവ്ണ്മെന്റും, ഹൌട്ടിങ്  ഗതാഗത മന്ത്രിയും,  കേന്ദ്ര ധനകാര്യമന്ത്രിയും ടോൾ പിരിവിന് അങ്ങേയറ്റം അനുകൂലിച്ച നിലപാടുകൾ ആണ് എടുത്തിരുന്നത്.  പക്ഷെ ശനിയാഴച്,  മെയ് ഒന്നിന് രണ്ടൂദിവസം മാത്രം ബാക്കി നിക്കുമ്പോൾ  Opposition to Urban Tolling Alliance (Outa) ന്റെ  പബ്ലിക്ക് ഇന്റെരസ്റ്റ് ലിറ്റിഗേഷനനുകൂലമായ വിധിയുണ്ടായി.  മെയ് ഒന്നിലെ ടോൾ പിരിവു ലോഞ്ചിങ് തടഞ്ഞുകൊണ്ട് ഹൌട്ടിംഗ് ഹൈക്കോടതി ജഡ്ജ്, ബിൽ പ്രിൻസിലുവാണ് വിധി പറഞ്ഞത്

‘’Judge Bill Prinsloo granted an urgent interdict sought by the Opposition to Urban Tolling Alliance (Outa), to stop the launch of the system so that a full court review could be carried out to decide if it should be scrapped or not‘’

 Opposition to Urban Tolling Alliance (Outa)  നെക്കുറിച്ച്  കൂടുതൽ ഇവിടെനിന്നു വായിക്കാം.

ടോൾപിരിവിനെ എന്തു കൊണ്ട് എതിർക്കുന്നു എന്ന് ഈ പോർട്ടൽ വിശദമാക്കുന്നുണ്ട്.  ഈ എതിർപ്പിനെ മുൻനിർത്തുന്ന ബിസിനസ് അടക്കമുള്ള സൌത്താഫ്രിക്കൻ പൊതുജനത്തിന്റെ ഒരു പരിശ്ചേദമാണ് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്.  ഇതിനെ സൌത്താഫ്രിക്കൻ രാഷ്ട്രനിർമ്മിതിയോടു കടപ്പെട്ട ഒരു മദ്ധ്യവർഗത്തിന്റെ സജീവ മനസായി കാണാം. എന്തുകൊണ്ട് ഇ-ടോളിങ് എതിർക്കപ്പെടണം എന്നുള്ള വിശദീകരണത്തിന്റെ അവസാനമായി ഇതിൽ എഴുതിയിരിക്കുന്നത് താഴെക്കൊടുക്കുന്നു.

‘Understanding the logic and issues above, OUTA and its thousands of supporters are of the strong opinion that e-tolling of GFIP is fundamentally flawed, it is wrong and is a most unjustified action taken by the authorities. It is most certainly not in the best interests of the citizen and works against the ultimate role that governments need to play – i.e. to enhance (as opposed to detract from) the wellbeing of its citizens.

We value the support in this campaign as well as the ability to use our democratic right to take this matter to the judiciary, where we hope and trust the system will expose e-tolling as a plan which will grossly violate the rights of the citizens who make use of Gauteng’s freeways. Let’s keep them just that – FREEways.‘


ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ പരമമായ ചുമതലയാണ് അവിടുത്തെ ജനങ്ങളൂടെ ജനാധിപത്യ അവകാശ-അധിഷ്ടിധമായ ക്ഷേമം സംരക്ഷിക്കുക, അല്ലാതെ അതിനെതിരായി പ്രവർത്തിക്കയല്ല, എന്നാണ് ഇതിന്റെ ചുരുക്കം.  നീതിന്യായത്തിലുള്ള പരമമായ വിശ്വാസവും ഇതിന്റെ പിന്നിലുണ്ട്.

അതായത്, ജനങ്ങളുടെ റോഡുപയോഗിക്കാനുള്ള അടിസ്ഥാന അവകാശം അന്യായനിക്ഷേപത്തിനു വഴിവച്ചുകൊണ്ടല്ല, നിയോലിബറൽ മുതലാളിത്തത്തെ  ഭരണ വ്യവസ്ഥ പരിപോഷിപ്പിക്കേണ്ടത്.

കേരളത്തിൽ പാലിയക്കര ടോൾ  പിരിവിലും നിലനിൽക്കുന്ന അനീതി, സൌത്താഫ്രിക്കയിൽ OUTA ചുണ്ടിക്കാണിക്കുന്നതിൽ നിന്നു വ്യത്യസ്ഥമല്ല എന്ന് T.L. Santhosh ന്റെ ബ്ലോഗിൽ നിന്നു മനസിലാക്കാവുന്നതാണ്.  അനേക ആക്റ്റിവിസ്റ്റുകൾ അതിൽ പങ്കെടുക്കുന്നതായി കാണിക്കുന്നുണ്ട്.  പക്ഷെ എന്തുകൊണ്ട്  അതിന്  ഒരു പരിഹാരത്തിനായി രാഷ്ട്ര്രിയ പാർട്ടികൾ തയ്യാറാകുന്നില്ല? കാരണം വലതു-ഇടതു പക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയ പാർട്ടികൾ നിക്ഷേപ അനുകൂലികളാകാൻ ശ്രമിക്കുന്നതാണ്.

നിയോലിബറൽ നിക്ഷേപവ്യവസ്ഥകൾക്കു നല്ലതായ വശങ്ങളുണ്ട്. പക്ഷെ അതിൽ നിക്ഷേപകരുടെ അന്യായമായ ലാഭക്കൊതിക്ക് തടയിട്ടാൽ മാത്രമേ  ഒരു രാജ്യത്തു ജനാധിപത്യ സംരക്ഷണം സാധ്യമാകൂ.  ജനാധിപത്യം സംരക്ഷിച്ചില്ലെങ്കിൽ അതിനു ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും.  അതിനു തടയിടാൻ ആർക്കു കഴിയും?  കാപ്പിറ്റൽ മുതലാളിമാർക്കു എറാൻ മൂളി നടക്കുകയാണ് നിയോലിബറൽ വ്യവസ്ഥയിൽ ഗവണ്മെന്റുകളുടെ നിയോഗം.  അപ്പോൾ ശക്തമായ ഒരു മദ്ധ്യവർഗം ആ ചുമതല വഹിക്കനായി മുന്നോട്ടു വാരേണതുണ്ട്.  നിയോലിബറൽ കച്ചവട വ്യവസ്ഥയുടെ കാപട്യ നേട്ടങ്ങൾ  കോലിൽ കുത്തി കൊടിക്കൂറകളാക്കി ഉയരത്തിൽ പറക്കുന്ന പാശ്ചാത്യ മുതലാളിത്തക്കാർ, സ്വന്തം നാടു വരെ മുടിപ്പിച്ചു കുട്ടിച്ചോറാക്കി തലങ്ങും വിലങ്ങും ഓടി നടക്കുമ്പോൾ അവരുടെ മുന്നിൽ ആചാരപിണ്ടമിടുന്ന ഭരണവർഗത്തോടു ചേർന്നു നിന്നു പിണ്ടമിടുകയാണോ ഒരു മദ്ധ്യവർഗത്തിന്റെ രാഷ്ട്രീയ ചുമതല എന്നു സംശയിക്കേണ്ടിയിരിക്കുന്നു.


18 വർഷത്തെ ജനാധിപത്യ ഭരണത്തിനുള്ളിൽ അതിനു കഴിവുള്ള ഒരു മദ്ധ്യവർഗ്ഗം സൌത്താഫ്രിക്കയിൽ രൂപപ്പെട്ടെങ്കിൽ, 65 വർഷം പിന്നിട്ടിട്ടും ഇന്ത്യയിൽ അങ്ങനെയൊന്നുണ്ടായിട്ടില്ല എന്നു വിശ്വസിക്കേണ്ടിയിരിക്കുന്നു.  അതുകൊണ്ടു തന്നെ ഇന്ത്യ നിയോലിബറൽ കച്ചവടക്കാർക്ക് വളരെ പ്രിയപ്പെട്ട രാജ്യമാകുന്നു.  


അതാണ് എന്റെ അഭിപ്രായത്തിൽ പാലിയേക്കര നൽകുന്ന മോറൽ.

Read more »