ഈ ഉത്രാട രാത്രിയില്‍
പണ്ട് ഓണത്തപ്പനെ കാണാന്‍ ഞങ്ങള്‍ കുട്ടികള്‍ കാത്തിരിയ്ക്കുമായിരുന്നു, ഉത്രാട രാത്രിയില്‍ (തിരുവോണത്തിന്റെ തലേന്ന്). അന്നു രാവിലെ മുതല്‍ക്കാണ് ഉപ്പേരി വറുക്കുന്നതും ഊഞ്ഞാലു കെട്ടുന്നതും. ഊഞ്ഞാലിലാടിയാടി ഉപ്പേരി തിന്നു തിന്ന് തലയ്ക്കൊരുതരം മത്തു പിടിച്ച അവസ്ഥയിലാണ്, പടികടന്നു വരുന്ന മാവേലിയെ കാണാന്‍ സന്ധ്യയാകുമ്പോഴേക്കും ഞങ്ങള്‍ വീടിന്റെ ഉമ്മറത്തു കാത്തിരിയ്ക്കുമായിരുന്നത്. എപ്പോഴാണ് മാവേലി വരുന്നത് എന്നു ചോദിയ്ക്കുമ്പോള്‍ അമ്മ പറയും “അങ്ങനെ പറയാന്‍ പറ്റില്ല, ഏതു നിമിഷവും വരാം". അപ്പോള്‍ അമ്മയോടു പറയും, ‘ഞങ്ങളീ രാത്രി മുഴുവന്‍ കാത്തിരിയ്ക്കും‘ എന്ന്. പക്ഷെ പിറ്റേ ദിവസം ഉണരുമ്പോഴായിരിക്കും പിന്നെ മാവേലിയേക്കുറിച്ചോര്‍ക്കുന്നത്. ഉറക്കച്ചടവൊടെ ‘മാവേലി വന്നോ‘ എന്നന്വേഷിക്കുമ്പോള്‍, ‘ഞങ്ങള്‍ കണ്ടുവല്ലോ’ എന്നമ്മ പറയും. ഒരു ചെറിയ പുഞ്ചിരി തൂകി അച്ഛന്‍ അമ്മയെ അനുകൂലിയ്‍ക്കും. അപ്പോള്‍ മനസ്താപത്തോടെ ഞങ്ങള്‍ വീണ്ടും ശപഥം ചെയ്യും, ‘അടുത്ത ആണ്ടു വരട്ടെ ഞങ്ങളുറങ്ങാതിരിയ്ക്കും‘. അമ്മ പറഞ്ഞതു നേരാണോ എന്ന സംശയം, ഏയ് ഒരിയ്ക്കലുമുണ്ടായിട്ടില്ല മനസില്‍. സംശയം ബാല്യത്തിനു പറഞ്ഞിട്ടുള്ളതല്ലല്ലോ. ആരാ...