Feminism from Sukumary characters to Tessa in 22 FK- part-2

 Feminism from Sukumary characters to Tessa in 22 FK- part-2
[നാലാമിടത്തിൽ നടന്ന ഒരു ചർച്ചയുടെ ഭാഗമായി എഴുതിയതാണ് ഈ രണ്ടു ഭാഗങ്ങളും.  ഇതിന്റെ എഡിറ്റഡ് രൂപങ്ങളാണ് നാലാമിടത്തിൽ പ്രസിദ്ധീകരിച്ചത്]

part-1 ഇവിടെ വായിക്കാം. കേരളത്തിൽ ഫെമിനിസം എങ്ങനെ വെറുക്കപ്പെട്ട ഒരു വക്കായി എന്നും അതിന്റെ യദ്ധാർദ്ധ അർത്ഥത്തേക്കുറിച്ചും ആശയങ്ങളെക്കുറിച്ചും പൊതുവായി ഒന്നാം ഭാഗത്തിൽ പറയുന്നു. part-2ൽ പാശ്ചാത്യ ഫെമിനിസം പല വളർച്ചാ ഘട്ടങ്ങളിലൂടെ  ഇന്നെത്തിച്ചേർന്നു നിൽക്കുന്ന അവസ്ഥയെക്കുറിച്ചു പറയുന്നു.  കൂടാതെ, നിയോലിബറൽ ഗ്ലോബലിസത്തിൽ ഫെമിനിസം എങ്ങനെ കുത്തകമുതലാളീമാരുടെ കച്ചവടബ്രാൻഡ് -  ‘ബ്രാൻഡു ഫെമിനിസം‘ - ആയി രൂപം കൊണ്ടു എന്നും കേരളത്തിൽ ഈ ട്രെൻഡ് എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നുള്ളത് രണ്ടുദാഹരണങ്ങളെ മുന്നിർത്തി  അഭിപ്രായപ്പെടുകയും 
ചെയ്യുന്നു.

(ഒന്നാം ഭാഗത്തു നിന്നു തുടരുന്നു)
 
പാശ്ചാത്യ ഫെമിനിസം.


എന്നാൽ പാശ്ചാത്യഫെമിനിസം യാത്രചെയ്ത വഴി തുലോം വ്യത്യസ്ഥമായിരുന്നു. എന്നു പറഞ്ഞാൽ പാശ്ചാത്യ ഫെമിനിസം വിജയിച്ചു വെന്നിക്കൊടി പാറി എന്നല്ല.  എന്റെ അഭിപ്രായത്തിൽ അതു ചിലതൊക്കെ നേടിയപ്പോൾ ചിലതൊക്കെ വിദൂരലോകത്തേക്കു നഷ്ടമായി.  പക്ഷെ പാശ്ചാത്യ ഫെമിനിസ്റ്റുകൾ സ്ത്രീ പ്രശ്നങ്ങളോട് ആത്മാർത്ഥത കാണിച്ചിരുന്നു; വർഗ-വർണ-ലിംഗ അതിരുകൾ പൊളിച്ച് ജനാധിപത്യത്തിന്റേയും മാനവികതയുടേയും മൂല്യങ്ങൾ ഒരു യദ്ധാർത്ഥ്യമാക്കുന്നതിന് അവർ ശ്രമിച്ചു.


അഖില ഹെൻറി എഴുതിയതു പോലെ പാശ്ചാത്യ സംസ്കാരത്തിൽ ഫെമിനിസം മൂന്നു കാലഘട്ടങ്ങളിലെ അവസ്ഥകളായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.


ഒന്നാം വേവ് ഫെമിനിസം.
പാശ്ചാത്യ എൻലൈറ്റെൻമെന്റ്-ലിബറൽ ആശയങ്ങളെ മുൻ നിർത്തി സ്ത്രീയും പുരുഷനും പരസ്പര പൂരക ശക്തികളാണ് എന്നു വാദിച്ചിരുന്ന ഒരു കാലമായിരുന്നു.


രണ്ടാം വേവ്
ലോക മഹായുദ്ധ ശേഷ കാലഘട്ടത്തിലെ സ്ത്രീയുടെ അവകാശാധിഷ്ഠിധമായ നീക്കങ്ങളും പ്രവർത്തനങ്ങളുമായാണ് ഇതിനെ അടയാളപ്പെടുത്തുന്നത്. ലിബറൽ, സോഷ്യലിസ്റ്റ്/ കമ്യൂണിസ്റ്റ് ആശയങ്ങളെ മുൻ നിർത്തി വർണ-വർഗ്ഗീയ-ലിംഗ- രാഷ്ട്രീയ അടിസ്ഥാനത്തിൽ സ്ത്രീകൾ നേരിട്ടിരുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്ക് കൂട്ടായ ശ്രമങ്ങളിലൂടെ നിയമനിർമ്മാണങ്ങൾക്കു വേണ്ടി അവർ ശ്രമിച്ചു. സാധിച്ചു. സ്ത്രീക്കു അധികാരം രാഷ്ട്രീയമായി സ്ഥാപിച്ചെടുത്ത ഈ ഫെമിനിസത്തെ റാഡിക്കൽ ഫെമിനിസം എന്നും പറയുന്നു.


മൂന്നാം വേവ്


ഇതിനെക്കുറിച്ച് ഞാൻ മനസിലാക്കിയത്  ചുരുക്കി എഴുതുന്നു:


1990ന്റെ ആദ്യഘട്ടത്തിൽ തുടങ്ങിയ മൂന്നാം വേവിന്റെ പശ്ചാത്തലം നിയോലിബറൽ മാർക്കറ്റ് വ്യവസ്ഥയുടെ ചൂഷണ ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായ ഒരു പാശ്ചാത്യ, പ്രത്യേകിച്ച് അമേരിക്കൻ സാമ്പത്തിക, രാഷ്ട്രീയ, ടെക്നോക്രാറ്റ്, പരിതസ്ഥിതി ആണ്.


വ്യക്തിപരമായതു തന്നെയാണ് രാഷ്ട്രീയമെന്ന ('The Personal Is Political) പ്രമാണത്തിൽ അടിയുറച്ചു നിന്നു പ്രവർത്തിച്ച  തങ്ങളുടെ അമ്മമാർ നേടിക്കൊടുത്ത അവകാശങ്ങൾ അനുഭവിച്ചുകൊണ്ട്,  മൂന്നാം തലമുറയിലെ ഫെമിനിസ്റ്റുകൾ, പക്ഷെ കൂട്ടായ രാഷ്ടീയ ശാക്തീകരണത്തെ തള്ളിപ്പറഞ്ഞു,   പകരം വ്യക്തിനിഷ്ഠമായ ആശയങ്ങളും വികാരങ്ങളും ലൈംഗികതയും ഒളിപ്പിച്ചു വക്കാതെ പ്രകടിപ്പിച്ചുകൊണ്ട് വ്യക്തിസ്വത്വവും അധികാരവും സ്ഥാപിച്ചെടുക്കുകയായിരുന്നു അവരുടെ മാർഗവും ലക്ഷ്യവും.  അതായിരുന്നു പാരമ്പര്യാധിഷ്ഠിത-സ്ഥാപനങ്ങളുടെ വിലക്കുകളിൽ നിന്നും അനീതികളിൽ നിന്നും മോചനം നേടാൻ അവർ ഉപയോഗിച്ച മെത്തഡോളജികൾ.  പാ‍രമ്പര്യത്തിന്റെ ഭാരവും അതിരും വിട്ട് സാമൂഹ്യ പരിതസ്ഥിതികളിൽ (social situatedness) രൂപം കൊള്ളുന്ന അവസ്ഥകളായാണ് അവരുടെ വ്യക്തി അടയാളങ്ങളെ, പ്രത്യേകിച്ചു  ലൈംഗിക അടയാളങ്ങളെ (identity) അവർ കണ്ടത്.   


അമ്മമാർ മിസ് വേൾഡ് പാജന്റുകളെ മർദ്ദകമായ (oppressive)  മാർക്കറ്റ് ചൂഷണമെന്നു പറഞ്ഞ് ബഹിഷക്കരിച്ചുവെങ്കിൽ  വ്യക്തിത്വ പ്രകടനത്തിലൂടെ, ഫെമിനിസ്റ്റ് അധികാരങ്ങൾ കൈയ്യാളുന്നതിനു വേണ്ടി മക്കൾ മാർക്കറ്റ് ഉൽ‌പ്പന്നങ്ങൾ ശരീരത്തിൽ വാരിയണിഞ്ഞു.  ലിപ്‌സ്റ്റിക്കും പ്ലക്കിംഗും വാക്സിംഗും ബോട്ടോക്സും റിവീലിംഗും ലോവേയ്സ്റ്റും പങ്ക് സ്റ്റൈലും (punk) -ശരീരം തുളക്കൽ, അസാധാരണ ഹെയർ സ്റ്റൈലുകൾ, അക്രമാസക്ത റോക്ക് സംഗീതം, ശരീര വസ്ത്ര മേക്കപ്പുകൾ- അവരുടെ വ്യക്തിഗത അധികാരത്തിന്റെ (individualistic empowerment) ഭാഗങ്ങളായി.  കന്യകയും വേശ്യയും കേവലം  രൂപപ്പെടലുകൾ മാത്രമായതിനാൽ 'I am a slut' എന്നു പറയുന്നതും അധികാരം കൈയ്യാളലായി.  തങ്ങളുടെ ശരീരം കൊണ്ടും ലൈംഗികത കൊണ്ടും തങ്ങൾ കാണിക്കുന്നതെന്തും അധികാര-സ്ഥാപനത്തിനായതിനാൽ  അതിൽ മറ്റുള്ളവർ ഇടപെടരുത് എന്നായി അവരുടെ യുക്തി. അതിനാൽ തങ്ങളുടെ അപ്പിയറൻസ് (വേഷധാരണം, മേക്കപ്പ്) ബലാൽ സംഗ സംസ്കാരത്തിനു കാരണമാകുന്നു എന്നുള്ളത് യുക്തിക്കു നിരക്കാത്ത ഒരാരോപണമായി അവർ പുച്ഛിച്ചു, എതിർത്തു.   അത്തരം ആരോപണങ്ങൾക്കെതിരെ ശക്തമാ‍യ ഫെമിനിസ്റ്റ് ആക്റ്റിവിസം പ്രയോഗിച്ചു. (slut walk)


They flaunt their femininity and seek to reclaim
formerly derogatory labels such as “slut” and “bitch,” while stubbornly venturing
into male-dominated spaces with third-wave confidence to claim positions
of power.... Third-wave feminists want to avoid stepping into mutually oppressive static categories, and they call for acceptance of a chaotic world, while simultaneously embracing ambiguity
and forming new alliances. Thus, third-wave feminisms are defined not by
common theoretical and political standpoint(s), but rather by the use of
performance, mimicry, and subversion as rhetorical strategies.






രണ്ടാം വേവിൽ നിന്ന് മൂന്നാം വേവിലേക്ക് എങ്ങനെ എത്തിച്ചേർന്നു എന്നുള്ളതു പാശ്ചാത്യലോകത്ത് ഫെമിനിസ്റ്റ് അക്കാദമീഷ്യൻസിന്റെ  പഠനവിഷയമാണ്.


സാമ്പത്തിക രംഗങ്ങളിൽ സ്വകാര്യവൽക്കരണം കൂടിയപ്പോൾ പാരമ്പര്യ സ്ഥാപനങ്ങളായ കുടുംബത്തിന്റേയും ഗവണ്മെന്റിന്റേയും ശക്തിയും സ്വാധീനവും കുറഞ്ഞു.  ഉയർന്ന വരുമാനക്കാരനും താണ വരുമാനക്കാരനും തമ്മിലുള്ള അന്തരം കൂടി. ഉയർന്ന വരുമാനക്കാരിൽ ആൺ-പെൺ തുല്യത ഇല്ലാതെയായി.  സ്വത്ത് എതാനും പേരുടെ കൈയ്യിൽ ഒതുങ്ങി.  പുരുഷാധിപത്യം മുതലാളിത്ത പുരുഷാധിപത്യത്തിന്റെ പേരിൽ ശക്തമായി. ഇതൊക്കെയാണ് അവയിൽ ചില പഠനങ്ങളുടെ വെളിപ്പെടുത്തലുകൾ.


പാരമ്പര്യ വ്യവസ്ഥകളിലെ അനീതികളോടുള്ള  കീഴ്വഴക്കങ്ങളില്ലാത്ത (unconventional) പ്രതിഷേധവും അവക്കു പകരം വന്ന പുരുഷാധിപത്യ-നിയോ-ലിബറൽ മാർക്കറ്റ് വ്യവസ്ഥയിലെ സാമ്പത്തിക പ്രശ്നങ്ങളും അതിനോടു ചേർന്നു വന്ന ടെക്നോക്രാറ്റിക് സംസ്കാരവും പശ്ചാത്തലമായി  രൂപം കൊണ്ട ഒരു കേവല ഭൌതിക (material), യാന്ത്രിക( mechanical) വ്യക്തിസ്വത്വമായിരിക്കാം മൂന്നാംവേവിന്റെ പ്രേരക ശക്തി.


ബ്രാൻഡ് ഫെമിനിസം.


മൂന്നാം വേവ് ഫെമിനിസത്തിന്റെ ഒരു കച്ചവട ചൂഷണ ആവിഷ്ക്കാരമാണ്, ബ്രാൻഡ് ഫെമിനിസം.


ബ്രാൻഡിംഗ് എന്നു പറയുന്നത്, ഒരു നിയോലിബറൽ കച്ചവടതന്ത്രമാണ്.  അതായത് പ്രോഡക്ട് വിൽ‌പ്പനയേക്കാൾ കൂടുതലായി പ്രോഡക്ടിന്റെ ലോഗോവിൽ‌പ്പന. ഈ ലോഗോയുടെ വിവിധതരം പ്രകടനങ്ങളിലൂടെയാണ്  മാർക്കറ്റിന്റെ മനുഷ്യാധിപത്യം നടപ്പാക്കുന്നത്. മനുഷ്യന്റെ ചിന്തകളും വികാരങ്ങളും പ്രവർത്തികളും എങ്ങനെ തങ്ങൾക്കു നിയന്ത്രിക്കാൻ കഴിയും എന്നുള്ളതാണ് ഈ ലോഗോ കച്ചവടത്തിന്റെ തന്ത്രവും മാർഗ്ഗവും. ഇതിനു വേണ്ടി ഓർവീലിയൻ ഡബിൾ തിങ്കിങ്ങിന്റെ സാദ്ധ്യതകൾ ധാരാളമായി ഉപയോഗിക്കുന്നുമുണ്ട്. ‘Double-thinking is rife in a branded world—testament to the hollowing out of thought itself that is one of its effects: colonization is world-unity; war is peace. Botox (paralysis of facial muscle) is self-expression. Obama is the peace candidate’.




ഈ ലോഗോ സർക്കുലേഷനുവേണ്ടി ‘product space’(മാർക്കറ്റ് ഇടങ്ങൾ) ആവശ്യമാണ്.  ചന്ദ്രനിൽ വരെ തങ്ങളുടെ ലോഗോകൾ എത്തിക്കണമെന്നാഗ്രഹിക്കുന്ന കച്ചവടക്കാർ, സ്ത്രീയെ ഒരു മാർക്കറ്റ് ഇടമായി (കോളണി) ഉപയോഗിക്കുന്നതാണ് ബ്രാൻഡ് ഫെമിനിസം.  കച്ചവടക്കാർ ഈ രംഗത്തു ബില്ല്യൺ കണക്കിന്  മുതൽ മുടക്കിനു തയ്യാറാകുന്നത് ഇതിന്റെ വലിയ കച്ചവട സാദ്ധ്യതകളെയാണ് സൂചിപ്പിക്കുന്നത്.

കേരളവും ബ്രാൻഡ് ഫെമിനിസവും.


അഖില ഹെൻ‌റി, കേരളത്തിന്റെ ഫെമിനിസം ഇതിൽ ഏതു വേവിൽ പെടുന്നു എന്നു പറയുക ബുദ്ധിമുട്ടാണെന്ന്  പറഞ്ഞിരുന്നു.  അതിനോടു ഞാനും യോജിക്കുന്നു എങ്കിലും,  എന്റെ അഭിപ്രായത്തിൽ ഇപ്പോൾ കേരളത്തിൽ മൂന്നാം വേവ് ബ്രാൻഡ് ഫെമിനിസത്തിന്റെ വ്യക്തമായ കച്ചവട അടയാളങ്ങളുണ്ട്.  ഇമ്മാനുവൽ സിൽക്കിന്റെ പരസ്യത്തിൽ പങ്ക് സ്റ്റൈലിൽ നിൽക്കുന്ന ഷാ-രുക് ഖാനെ നോക്കു.  വനിതകളുടെ ‘പങ്ക്’ സ്റ്റൈൽ കേരളമോഡലിൽ തന്നെ ആണ് ചമച്ചിരിക്കുന്നത്.  അത് ഇമ്മാനുവേലുകളും, ആലൂക്കാസുകളും, മലബാർ ഗോൾഡുകളും പിന്നെ ഞാൻ പേരു മറന്നു പോയ അനേകം ഗോൾഡുകളും ഒത്തൊരുമിച്ച് തീരുമാനിച്ച് വച്ചിരിക്കുന്നതാണ്.  ഇനി വനിതാ പ്രസിദ്ധീകരണങ്ങൾ നോക്കൂ.  ഇതെല്ലാം ബ്രാൻഡ് ഫെമിസിനത്തിന്റെ വ്യക്തമായ അടയാളങ്ങളും തെളിവുകളുമല്ലെങ്കിൽ പിന്നെ എന്താണ്?


പിന്നെ ഒരു വ്യത്യാസം, ഈ പങ്ക് സ്റ്റൈൽ കേരളത്തിന്റെ ഒരു ഗ്രാസ്-റൂട്ട് വളർച്ചയല്ല.  കച്ചവട സ്ഥാപനങ്ങൾ മുകളിൽ നിന്നടിച്ചേൽ‌പ്പിക്കുന്ന ഒരു ടോപ്പ്-ഡൌൺ ട്രെൻഡാണിത്.

ഇനി തെരേസയുടെ ലേഖനത്തിനു പ്രേരിപ്പിച്ച രണ്ടു മാദ്ധ്യമ-കച്ചവട ഉൽ‌പ്പന്നങ്ങളിലേക്ക്  വരാം. ഒന്ന്, സുനിതാ മഠത്തിന്റെ ഇന്ദുലേഖാ പരസ്യം, രണ്ട്, ആഷിക് അബുവിന്റെ 22FK എന്ന സിനിമ.  ഈ രണ്ടുൽ‌പ്പന്നങ്ങളും ഇന്നു വളരെയധികം സോഷ്യൽ മാദ്ധ്യമ ചർച്ചകൾക്കു വിഷയമായിരിക്കുന്നു. തീർച്ചയായും ആകേണ്ടതുമാണ്. 


ഇവ രണ്ടും കേരളത്തിൽ  കച്ചവടക്കാർ എങ്ങനെ ബ്രാ‍ൻഡു ഫെമിനിസത്തിൽ കൈവക്കുന്നു എന്നുള്ളതിന്റെ  ഉത്തമ ഉദാഹരണങ്ങളായാണ് ഞാൻ കാണുന്നത്.  ഓർവീലിയൻ ഡബിൾ തിങ്കിങ് (“....doublethink is the method of directly controlling thought ”) എങ്ങനെ ഇതിൽ രണ്ടിലും ഉപയോഗിച്ചിരിക്കുന്നു എന്നു നോക്കാം.


മുടിയാണ് ആൺശല്യത്തിനു കാരണമെന്ന് ഇന്ദുലേഖയിലെ ഫെമിനിസ്റ്റു പരസ്യക്കാരി പറയുന്നു.  അതിനൊരു പരിഹാരമായി മുടി നീട്ടിവളർത്തി മനക്കരുത്തും ഉള്ളുറപ്പും നേടി ‘ഇവന്മാരെ‘ നേരിടണമെന്നും.   ഇതൊക്കെ പരസ്പര വിരുദ്ധ ആശയങ്ങളാണ്. തന്നെയുമല്ല ഒന്നു നേരും മറ്റതു നുണയുമാണ്.  പക്ഷെ മനുഷ്യ മനസുകൾക്കു പൊതുവെ ഇതു രണ്ടിനെയും ഉൾക്കൊള്ളാൻ കഴിയുന്നു; അതു പോലെ ഒന്നിനെ മറക്കാനും, അങ്ങനെ മറന്നു എന്നുള്ളതു മറക്കാനും. (ഇതാണ് ഓർവീലിയൻ ഡബിൾ തിങ്കിംഗിന്റെ ചുരുക്കം).  അപ്പോൾ , ശക്തമായ ഭാഷയിൽ  അച്ചടക്കമായി അണിഞ്ഞൊരുങ്ങി നെറ്റിക്കൊരു വലിയ പൊട്ടും തൊട്ട് ഒരു ‘പെൺപക്ഷക്കാരി’ പറയുന്നു : ആൺപീഡനത്തിൽ നിന്നു രക്ഷനേടുന്നതിനു തലമുടി നീട്ടി വളർത്തു.  അതാരും മറക്കില്ല. അപ്പോൾ അതാ വരുന്നു, ചിരപരിചിതമായ ഒരു ലോഗോ-ഇന്ദുലേഖാ ഹെയർ ഓയിൽ.  തിയറി മാത്രമല്ല, ഒരു പ്രായോഗിക രംഗവും, ഇതിൽ കൂടുതലെന്തുവേണം.  പെൺപീഡനം, പെൺ തലമുടി എന്നു പറയുമ്പോഴൊക്കെ ഇനി ഇന്ദു ലേഖ ഹെയർ ഓയിൽ മനസിൽ താനേ വന്നു കൊള്ളും. 


22FK യെക്കുറിച്ച് വി.എം ദേവദാസിന്റെ റിവ്യൂവിൽ അദ്ദേഹം എഴുതുന്നു: “ എന്നാൽ ‌ആ പര­സ്യ­ങ്ങ­ളിൽ നി­ന്നും വി­രു­ദ്ധ­മാ­യി ­ഫെ­മി­നി­സം­ എന്ന ‌ പുരോഗമനാശയത്തേ­യും കമ്പോ­ള­വ്യ­വ­ഹാ­ര­ത്തി­ന് അനു­യോ­ജ്യ­മായ വി­ധം 'ച­ര­ക്കാ­'­ക്കി­ക്കൊ­ടു­ത്തു എന്നി­ട­ത്താ­ണ് കൊ­ട്ടി­ഘോ­ഷി­ക്ക­പ്പെ­ട്ട് എത്തി­യെ­ങ്കി­ലും ആശ­യ­പ­ര­മാ­യി ഈ സി­നിമ പരാ­ജ­യ­പ്പെ­ടു­ന്ന­ത്’. ­


അഖില ഹെൻറി ഈ സിനിമയെക്കുറിച്ചുള്ള റിവ്യൂവിൽ എഴുതിയിരിക്കുന്നതിങ്ങനെയാണ്: “ആ­ഷി­ക് അബു­വു­മാ­യി എനി­ക്കു­ള്ള വി­യോ­ജി­പ്പ് അദ്ദേ­ഹ­ത്തി­ന്റെ തി­രി­ച്ചു­പോ­ക്കു­ക­ളോ­ടാ­ണ്. ഒരു കാ­ര്യം പറഞ്ഞ് അടു­ത്ത ഷോ­ട്ടില്‍ അതി­നെ എതിര്‍­ത്തു പറ­യു­ന്ന ആ സ്വ­ഭാ­വം. അത് ഭീ­രു­ത്വ­മാ­ണ്. ഒന്നു­കില്‍ ഒരു കാ­ര്യ പറ­യു­ക. അല്ലെ­ങ്കില്‍ പറ­യാ­തി­രി­ക്കു­ക”.


ഇതൊരു ഭീരുത്വമാണോ? ഡബിൾ തിങ്കിംങ്ങിന്റെ സാദ്ധ്യതകൾ  തുറക്കുന്ന പ്രയോഗങ്ങളാണോ?  ഡബിൾ തിങ്കിംഗിൽ കാ‍ണികൾക്ക് മറക്കണമെന്നുള്ളത് മറക്കാം.  അപ്പോൾ ഫെമിനിസ്റ്റുകൾ അവർക്കു വേണ്ടാത്തതും ഫെമിനിസ്റ്റ് അല്ലാത്തവർ അവർക്കു വേണ്ടാത്തതും മറക്കും.ഭൂരിപക്ഷത്തിനും സംതൃപ്തി.


എന്റെ അഭിപ്രായത്തിൽ, ആഷിക് അബു ഏറ്റവും വലിയ അപരാധം  ചെയ്തതു കേരളത്തിലെ ഫെമിനിസ്റ്റുകളോടാണ്.   ടെസ്സയെ ഒരു മുന്നാം വേവ് ഫെമിനിസ്റ്റിന്റെ ഫ്രെയിമിലാണ് അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്.  അവളുടെ പരമ്പരാഗത/ സാമൂഹ്യ ‘സ്വത്വ ഘടകങ്ങളിൽ’ -വീട്ടുപേര്, പിതാവിന്റെ പേര്-ഉണ്ടാക്കുന്ന പ്രശ്നങ്ങൾ, വ്യസ്ഥാപിത സ്ഥാപനങ്ങളോടുള്ള -നിയമവ്യവസ്ഥ-‘പരിഹാസം’, ഞാനൊരു കന്യകയല്ല എന്നു തുറന്നു പറയൽ,  ലിംഗ രീതികളോടുള്ള  നിസ്സാരത്വം-ലിഗം മുറിച്ചുകളയൽ, വീണ്ടും അയാളോടു സ്നേഹമാണെന്നു പറയൽ- ഇവയൊക്കെ അങ്ങനെ ചിന്തിപ്പിക്കുന്നു.


മുകളിൽ ഞാൻ എഴുതിയിരുന്നു കേരളത്തിൽ ഒരു മൂന്നാം വേവ് ഫെമിനിസത്തിന്റെ സൃഷ്ടി, മാർക്കറ്റിന്റെ ടോപ് ഡൌൺ സൃഷ്ടിയാണ് എന്ന്.  ഇങ്ങനെയാണെന്നാണ് എന്റെ ധാരണ. (വായനക്കാർ ഇതിനെക്കുറിച്ചു പറയുക) എന്റെ ധാരണ ശരിയാണെങ്കിൽ ടെസ്സ എന്ന  മൂന്നാം വേവ് ഫെമിനിസ്റ്റിനെ സിനിമ മുതലാളിമാർ സൃഷ്ടിച്ച് കാണികളുടെ നടുവിലേക്കെറിഞ്ഞുകൊടുത്തിരിക്കുന്നു.   എന്നിട്ടു പരസ്യത്തിൽ ഇതൊരു ഫെമിനിസ്റ്റ്  പടമാണെന്നു പറയുന്നു.  അപ്പോൾ പടം കാണുന്നവരുടെ മനസ്സുകളിൽ ഫെമിനിസ്റ്റു എന്നു പറഞ്ഞാൽ അതു ടെസ്സയെ പോലെയിരിക്കും എന്ന ബോധം ഉണ്ടാക്കുന്നു.


ടെസ്സയെ പോലെയാണോ കേരളത്തിലെ ഫെമിനിസ്റ്റുകൾ? ഇതു കേരളത്തിലെ ഫെമിനിസ്റ്റുകൾ ചർച്ച ചെയ്തു തീരുമാനിക്കേണ്ടതുണ്ട്.  അങ്ങനെയല്ലെങ്കിൽ ടെസ്സ എന്ന ഫെമിനിസ്റ്റ് കേരള ഫെമിനിസത്തിന്റെ നേർക്കുള്ള ഒരു വെല്ലുവിളിയാണ്.  പൊതുധാരണയിൽ ഫെമിനിസ്റ്റുകളെക്കുറിച്ചുള്ള തെറ്റായ ധാരണകൾ വളരാൻ ഇതു കാരണമാകും.  ഫെമിനിസ്റ്റുകൾ  ബലാൽസംഗം ചെയ്യപ്പെടുന്നതും അവരോടു ചെയ്യുന്ന മറ്റ് ലൈംഗിക അസംബന്ധങ്ങളും ന്യായികരിക്കപ്പെടാൻ ഇടയായേക്കും.  ഇതു കൂടുതൽ ലൈംഗിക അരാജകത്വത്തിലേക്കു കേരളത്തെ നയിച്ചേക്കാം. സുകുമാരിയുടെ ഫെമിനിസ്റ്റ് കഥാപാത്രങ്ങളേക്കാൾ വളരെയധികം സമൂഹ്യ, രാഷ്ട്രീയ, ലൈംഗിക സ്വാധീനമുള്ളവളാ‍ണ് റീമ കല്ലുങ്കലിന്റ് ടെസ്സ.



ഇഷ്ടമുള്ള ജീവിതം ജീവിച്ച്, ഇഷ്ടമുള്ള ഭർത്താവിനെ തിരഞ്ഞെടുത്ത്, ജീവിതം പ്ലാൻ ചെയ്തു ജീവിക്കാൻ ചിലർക്കു കഴിയുന്നു. അതിലൂടെ അവർക്കു മനക്കരുത്ത് കിട്ടുന്നതു സ്വാഭാവികമാണ്.  പക്ഷെ ആ മനക്കരുത്തിന്റെ യുക്തിയിൽ സ്വയം വേലികെട്ടി  പുറത്തേക്കു നോക്കാതെയിരുന്നാൽ  പുറത്തുള്ള പ്രളയവും കൊടുങ്കാറ്റുംകാണാൻ കഴിയില്ല.


തെരെസ ബ്രാൻഡ്  ഫെമിനിസത്തിൽ അസ്വസ്ഥയാണെന്നു സ്വയം പറയുമ്പോഴും അതു പ്രൊമോട്ടു ചെയ്യുന്ന വ്യക്തിഗത അധികാരരൂപീകരണമാണ് (individualistic empowerment) ഉദാഹരണങ്ങൾ കാണിച്ച് അഭികാമ്യം എന്നു പറയുന്നത്.  മറിച്ച് അവകാശ സ്ഥാപനത്തിനുവേണ്ടിയുള്ള കൂട്ടായ ശ്രങ്ങളെ തള്ളീപ്പറയുന്നുമുണ്ട്.


തെരേസ പാശ്ചാത്യ സംസ്കാരത്തിൽ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചും അതിലനുഭവിക്കുന്ന സന്തോഷത്തെക്കുറിച്ചും എഴുതി. പക്ഷെ അതവിടെ തനിയെ ഉണ്ടായതല്ല. തങ്ങളുടേയും മറ്റുള്ളവരുടേയും അവകാശങ്ങളും സ്വാതന്ത്ര്യവും സ്ഥാപിച്ചു കിട്ടുന്നതിനും അനീതിയോട് എതിർക്കുന്നതിനും ആത്മസമർപ്പണം ചെയ്ത അനേകം സ്ത്രീകളുടെ കൂട്ടായ അദ്ധ്വാനത്തിന്റെ ഫലമാണത്. അതു മനസിലാക്കാൻ കഴിയാതെ പോയതിൽ എന്തു പറയണമെന്നറിഞ്ഞു കൂടാ.  അതിനു വിപരീതമായി കേരളത്തിലനുഭവിക്കുന്ന ആൺ തുറിച്ചുനോട്ടങ്ങളിൽ അസ്വസ്ഥയാകേണ്ടിവരുന്നതെന്താണെന്നും ചിന്തിക്കുക. 


സ്ത്രീയുടെ /പെണ്ണിന്റെ ജനാധിപത്യ അവകാശമാണ്  അവളു ടെനേർക്കുള്ള അനീതികൾക്കെതിരെ പ്രതികരിക്കുക എന്നുള്ളത്.   ഈ അവകാശം പക്ഷെ ഒറ്റക്കു സാധിച്ചെടുക്കാൻ എല്ലാവർക്കും കഴിയില്ല. കഴിയാത്തവർക്കു വേണ്ടി കൂട്ടായ സഹായ ശ്രമങ്ങൾ ആവശ്യമാണ്.


പാശ്ചാത്യ മൂന്നാം വേവിന്റെ കാരണം, അവിടുത്തെ നിയോലിബറൽ കച്ചവടവ്യവസ്ഥിതി വരുത്തിവച്ച സാമ്പത്തികച്യുതിയും,  അതോടൊപ്പം വന്ന റ്റെക്നോക്രസിയും ചെർന്നതാണെന്ന്  നേരത്തേ പറഞ്ഞിരുന്നുവല്ലോ.   ഗവണ്മെന്റ്, കുടുംബം തുടങ്ങിയ സ്ഥാപനങ്ങളുടെ പിൻ വാങ്ങൽ കൂടിയാണ് ഈ അവസ്ഥക്കു കാരണമായത്.  ശക്തവും നീതിപൂർവകവുമായ വ്യവസ്ഥാപിത സ്ഥാപനങ്ങളുടെ-ഗവണ്മെന്റ്, രാഷ്ട്ര്രീയം, കോടതി, കുടുംബം, കൂട്ടായ പ്രവർത്തനം- ആവശ്യകതകളിലേക്കും അവയുടെ ഉത്തരവാദിത്തപരമായ നടത്തിപ്പിന്റെ ആവശ്യത്തിലേക്കുമാണ് ഈ അവസ്ഥ വിരൽ ചൂണ്ടുന്നത്.


  അവകാശങ്ങൾ കളക്റ്റീവ് ആയി നേടിയെടുക്കുന്നതിനു കേരളത്തിൽ സ്ത്രീകളുടെ ശക്തമായ ഫെമിനിസ്റ്റു മൂ‍വുകൾ ഉണ്ടാകേണ്ടതുണ്ട്.  അതു പൊലെ,  സ്ത്രീ ശാക്തീകരണത്തിന്റെ മൂർത്തികളാണ് തങ്ങൾ എന്നു പൊതു ലോകത്തെ ധരിപ്പിച്ച്, അതിനു പകരം കിട്ടുന്ന വ്യക്തി-അധികാര ഇമേജുകൾ ഉപയോഗിച്ച്, സ്ത്രീയുടെ ശരീരത്തിന്റേയും തലമുടിയുടേയും കച്ചവട സാധ്യതകളുടെ കൂട്ടിക്കൊടുപ്പു നടത്തുന്ന ഫെമിനിസത്തിന്റേയും സിനിമാ ആർട്ടിന്റെയും കള്ള നാണയങ്ങളെ തിരിച്ചറിയേണ്ടതുമുണ്ട്.   

*********


കുറിപ്പ്: ഈ പോസ്റ്റിലെ വിവരങ്ങൾക്കു പൂർണത അവകാശപ്പെടുന്നില്ല.  തെറ്റുകൾ കാണുന്നത് ചൂണ്ടിക്കാണിക്കുക)
Ref:
http://en.wikipedia.org/wiki/Feminism_in_India


http://www.sagepub.com/upm-data/6236_Chapter_1_Krolokke_2nd_Rev_Final_Pdf.pdf


http://www.leslieheywood.com/Benjamins.pdf
http://kmiriam.wordpress.com/2011/10/23/branding-feminism/

Comments

Popular posts from this blog

ദേവദാസി-സംബന്ധ സമ്പ്രദായങ്ങളും ഇന്‍ഡ്യന്‍ സ്ത്രീത്വവും

മലപ്പുറത്തെ 33 സ്കുളുകളും കേരള ജനാധിപത്യവും

അങ്ങനെ ബ്ലോഗു മീറ്റും ഒരു യാഥാര്‍ത്ഥ്യമായി