Feminism from Sukumary charactors to Tessa in 22FK

സുകുമാരി മോഡൽ-കേരള ഫെമിനിസ്റ്റ്  ?
Sukumari Model-Kerala Feminists ? 

[നാലാമിടത്തിൽ നടക്കുന്ന ഫെമിനിസം  ചർച്ചയുടെ ഭാഗമായി എഴുതിയ പോസ്റ്റിന്റെ ഒന്നാം ഭാഗം. നാലമിടത്തിൽ ഇതിന്റെ ഏഡിറ്റഡ് വേർഷനാണ്  പ്രസിദ്ധീകരിച്ചിരിക്കുന്നത്]

‘ഫെമിനിസം’ എന്ന ബ്രാൻഡും കേരളസ്ത്രീത്വത്തിന്റെ “ഫാവിയും“ എന്ന തെരേസയുടെ പോസ്റ്റ് വായിച്ചപ്പോൾ തോന്നിയ ഒരു സംശയമാണ്, എന്താണീ ഫെമിനിസം എന്ന ബ്രാൻഡ് അഥവാ ‘ബ്രാൻഡ്’ ഫെമിനിസം; ഇതു സാധാരണ ഫെമിനിസമാണോ, വ്യത്യാസമാണോ? പോസ്റ്റിൽ എവിടെയെങ്കിലും വെളിപ്പെടുത്തുമെന്നു കരുതി. അതുണ്ടായില്ല.
ഇപ്പോൾ പലയിടത്തായി സ്ത്രീശക്തിയെപ്പറ്റിയും സ്വാതന്ത്ര്യത്തെപ്പറ്റിയും ഉള്ള ചർച്ചകൾ വായിച്ചപ്പോഴുണ്ടായ അസ്വസ്ഥതകളാണ് തന്റെ ലേഖനത്തിന്റെ പ്രചോദനം എന്നു തെരെസ പറയുന്നുണ്ട്.
അതൊടെ താൻ ഒരു ഫെമിനിസ്റ്റല്ലെന്നും, പുരുഷവിദ്വേഷിയല്ലെന്നും, സ്ത്രീയുടെ യഥാർത്ഥ കരുത്ത്  ഉള്ളുറപ്പാണ് എന്നും പറയുന്നു. തെരേസയുടെ വിശദീകരണത്തിൽ ഫെമിനിസ്റ്റ് എന്നാൽ, സ്ത്രീയുടെ യഥാർത്ഥ കരുത്തും ഉള്ളുറപ്പും ഇല്ലാത്തവൾ  എന്ന യുക്തിയാണ് ഞാൻ കാണുന്നത്

ആരാണീ ഫെമിനിസ്റ്റ്? എന്താണീ ഫെമിനിസം? (Who is a feminst & What is feminism)

ഈ സാഹചര്യത്തിൽ മുകളിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം ആവശ്യമാണെന്നു തോന്നുന്നു. .

ഇന്നു നാഴികക്കു നാൽ‌പ്പതു വട്ടം എന്നു പറഞ്ഞതുപോലെ പ്രിന്റ് മീഡിയകളിലും വെർച്ച്വൽ മീഡിയകളിലും സ്ത്രീയുടെ നേർക്ക് അനുകൂലമായും പ്രതികൂലമായും വിക്ഷേപിച്ചുകൊണ്ടിരിക്കുന്ന ഒരു വാക്കാണ് ഫെമിനിസം. എങ്കിലും ഫെമിനിസ്റ്റ്  ആരാണ് , എന്താണീ ഫെമിനിസം എന്നുള്ളതിനേക്കുറിച്ച് ശരിയായ ധാരണകൾ ഇല്ലാത്തതും അഥവാ തെറ്റായ ധാരണകളും പ്രാക്റ്റീസുകളും ഉള്ള ഒരു നാടാണ്  നമ്മുടേത്.  ഈ സാഹചര്യത്തിൽ തെരേസയുടെ യുക്തി ധാരാളം കുഴപ്പങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ്.

സിജി സുരേന്ദ്രനും അഖില ഹെൻറിയും സുന്ദരമായി പറഞ്ഞുകഴിഞ്ഞു കേരളത്തിന്റെ പൊതുമനസാക്ഷിയിൽ, ഒരു പുരുഷ വർഗീയാധിപത്യ കച്ചവട സ്ഥാപനമായ സിനിമയെന്ന മാദ്ധ്യമം, മനപൂർവം വരച്ചിട്ട ഫെമിനിസ്റ്റ് ഇമേജിനെക്കുറിച്ച്.  ഇവർ രണ്ടു പേരെയുംകാൾ വളരെ മുൻപു കേരളത്തിൽ വളർന്നവളാണ് ഞാൻ. ഭർത്താവിനെ തല്ലി മൂലയിലിരുത്തി, ജാഡപറഞ്ഞു രസിച്ച്, സ്ലീവ്ലെസ് ബ്ലൌസും, ബോബുചെയ്ത മുടിയുമായി അവതരിക്കപ്പെട്ടിരുന്ന സെലുലോയിഡ് സുകുമാരി കഥാപാത്രങ്ങളാണ് എന്നെയും ഫെമിനിസത്തിന്റെ ഹരി:ശ്രീ പഠിപ്പിച്ചത്.

നമ്മുടെ കുടുംബ- സാമൂഹ്യ വ്യവസ്ഥയും ഫെമിനിസ്റ്റും (A feminist in the context of our social realities)

ഇനി നമ്മുടെ കുടുംബത്തിന്റെ, സമൂഹത്തിന്റെ, യാഥാർത്ഥ്യങ്ങളിലേക്കൊന്നു കടന്നു വരാം. അവിടെ സ്ത്രീകൾക്കെന്താ ഒരു കുഴപ്പം, വീടില്ലേ? തുണിയില്ലേ? സംരക്ഷണമില്ലേ? മൂന്നുനേരത്തെ ഭക്ഷണമില്ലേ? എന്നിങ്ങനെ  ധാരാളം പേർ ചോദിക്കാറുണ്ട്.  അങ്ങനെ അടിസ്ഥാന പ്രശ്നങ്ങളെ പ്പറ്റി വിഷമിക്കുന്നവർക്കു മനസിൽ ഒരിക്കലും ഇന്നും കടന്നു വരാത്ത ഒരാശയമാണ് ഫെമിനിസം.  പക്ഷെ ഈ ചോദ്യങ്ങൾക്കു പുറത്തു മറ്റു ചോദ്യങ്ങളും തന്നെ ചുറ്റിപ്പറ്റിയുണ്ട് എന്നു മനസിലാക്കുന്നവരാണ് പൊതുവെ ഇന്നത്തെ സ്ത്രീകൾ. അവർക്ക് അടുക്കളക്കു പുറത്തുള്ള ഒരു ലോകം ഇന്നു പരിചിതമാണ്. അവർ ഡിഗ്രികൾ നേടി, ഉദ്യോഗം നേടി, ശമ്പളം നേടി,  കുടുംബത്തിന്റെ സാമ്പത്തിക പങ്കാളിത്തം വഹിക്കുന്നവരായി, പ്രവാസിഭർത്താക്കന്മാരുടെ അഭാവത്തിൽ കുടുംബം സംരക്ഷിക്കുന്നവരായി. അങ്ങനെ ധാരാളം ചുമതല കൈമാറ്റങ്ങൾ നമ്മുടെ നാട്ടിൽ വന്നിട്ടുണ്ട്.  പക്ഷെ കുടുംബത്തിലെ പ്രധാന തീരുമാനങ്ങൾ എടുക്കുന്ന അവസരത്തിൽ അതേ സ്ത്രീകൾ അവഗണിക്കപ്പെടുന്നില്ലേ എന്നു ചോദിക്കുമ്പോൾ, ഇല്ല എന്നാണവരുടെ ഉത്തരമെങ്കിൽ നന്നായി. ഉണ്ട് എന്നാണുത്തരമെങ്കിൽ, അങ്ങനെയുള്ള സാഹചര്യങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന സ്ത്രീക്ക് എന്തു പറ്റുന്നു? അവൾ അഹങ്കാരിയാണെന്നും, തോന്ന്യാസക്കാരിയാണെന്നും, കുടുംബത്തിനു യോജിക്കാത്തവളാണെന്നും മറ്റും മറ്റും ഉള്ള ലേബലുകളിൽ കുടുംബത്തിലുള്ളവർ അവളുടെ ജീവിതം നിത്യ നരകത്തിലാക്കുന്നു. വീട്ടുകാർ ലേബലു ചാർത്തിയവരെ നാട്ടുകാരും സമൂഹവും വീണ്ടും അധിക്ഷേപ ലേബലുകൾ ചാർത്തുന്നു. ജീവിത സാഹചര്യങ്ങളിൽ സ്വന്തം ആശയങ്ങളും ആവശ്യങ്ങളും മുന്നോട്ടു വച്ച് അംഗീകാരം നേടാൻ ശ്രമിക്കുന്ന, അനീതികൾക്കെതിരെ ചെറുത്തു നിൽക്കണമെന്നു ചിന്തിക്കുന്ന  ഇത്തരം സ്ത്രീകളെ തേടിപ്പിടിച്ചു ചെല്ലുന്ന മറ്റൊരു ലേബലാണ്  സുകുമാരി മോഡൽ ‘ഫെമിനിസ്റ്റ്‘.  ഇത്തരത്തിലുള്ള പ്രത്യാഘാതങ്ങൾ ഭയന്ന് സ്ത്രീ നിശബ്ദയാകുന്നു.

എന്റെ കാഴ്ച്ചപ്പാടിൽ തന്നോടു ചെയ്യുന്ന അനീതിക്കെതിരെ പ്രതികരിക്കണം എന്ന ആശയം മനസിൽ വച്ചു പുലർത്തുന്ന ഏതു സ്ത്രീയും ഫെമിനിസ്റ്റാണ്.    അങ്ങനെയുള്ള സ്ത്രീ മുന്നോട്ടു വന്ന് ഞാനൊരു ഫെമിനിസ്റ്റാണ് എന്നു സ്വയം പ്രഖ്യപിക്കാൻ കഴിവു കാണിക്കണം. അങ്ങനെ ചെയ്യുമ്പോൾ മാത്രമാണ് നാമുൾപ്പെടെയുള്ള സമൂഹത്തോടു നീതി ചെയ്യുന്നത്.  തന്നോടുള്ള അനീതി യഥാർത്ഥമാണെന്ന് അപ്പോൾ മാത്രമേ സ്ത്രീകൾ തിരിച്ചറിയൂ. (ഇത്തരുണത്തിൽ ഞാൻ പറയുന്നു ഞാനൊരു ഫെമിനിസ്റ്റാണ്.)

അങ്ങനെ മുന്നോട്ടു വരുന്നവരിൽ ചിലർക്കൊക്കെ അവരുടെ മുൻപിൽ പടുത്തുയർത്തിയിരിക്കുന്ന വിലക്കുകളുടെ കറുത്ത ഭിത്തികൾ  താണ്ടി പുറത്തു കടക്കാനുള്ള അവസരങ്ങൾ ഇന്നു കിട്ടുന്നുണ്ട്.  നല്ലതാണ്.  എങ്കിലും, നല്ല ഒരു ഭൂരിപക്ഷത്തിനും ഈ അവസരങ്ങൾ  വിലക്കപ്പെട്ടിരിക്കയാണ്. അവർ ജീവിത സാഹചര്യങ്ങളിൽ നട്ടം തിരിഞ്ഞ്, കണ്ണീരൊഴുക്കി ജീവിക്കയാണ്.  അവരിൽ സാമ്പത്തിക  ഭദ്രത ഉള്ളവരും ഇല്ലാത്തവരും ഉണ്ട്.  തെരേസയുടെ ഉൾക്കരുത്തിന്റെ പേരിലുള്ള ചേരിതിരിവ്, അവരുടെ മനസിൽ വീണ്ടും പതിക്കുന്ന മഞ്ഞുകല്ലുകൾ ആയിട്ടാണ് എനിക്കു തോന്നുന്നത്.


ഫെമിനിസത്തിനു നേരെയുള്ള കലിപ്പുകൾ യാദൃശ്ചികമല്ല.

സ്വന്തം ഇഷ്ടങ്ങൾ മാനിക്കപ്പെടണമെന്നും, നീതി ലഭിക്കണമെന്നും, സ്നേഹിക്കപ്പെടണമെന്നും പ്രണയിക്കപ്പെടണമെന്നും , സ്വന്തം സ്വത്വം അംഗീകരിക്കപ്പെടണമെന്നുമുള്ളതൊക്കെ, ഒരു സ്ത്രീയുടെ സ്വാഭാവികമായ താല്പര്യങ്ങളാണ്.  എന്നാൽ സ്ത്രീയുടെ താല്പര്യങ്ങളെ അപകടമായും, മുളയിലെ നുള്ളിക്കളയണമെന്നും, അവർ രണ്ടാം കിട വ്യക്തികളാണെന്നുമുള്ള പ്രമാണങ്ങൾക്ക് പാരമ്പര്യത്തിന്റെ ചീഞ്ഞ നാറ്റമുണ്ട്.  അതിനൊരു അധിനിവേശ, വർഗ്ഗീയ പുരുഷാധിപത്യ രാഷ്ട്രീയ ചരിത്രമുണ്ട്.  മലയാളിയുടെ ഭൂരിപക്ഷ കുടുംബവും ഇന്നും ഈ ചരിത്രത്തിന്റെ പുനരാവിഷ്കാരമാണ് കുടുംബത്തിന്റെ ‘അന്തസ്സെന്നും ആഭിജാത്യമെന്നും’ പറഞ്ഞ് ആഘോഷിക്കുന്നത്.

എന്നാൽ പുരുഷന്റെ സാമ്പത്തിക മേൽനോട്ടക്കുറവ്, പ്ലാനിങ്ങില്ലായ്മ,  പാസിവിറ്റി, ചിന്താശേഷിയില്ലായ്മ, വിഷൻ ഇല്ലായ്മ ഇതിന്റെയൊക്കെ പേരിൽ എത്ര കുടുംബങ്ങളാണ് ഇന്നനാഥമാകുന്നത്.  അതിലാർക്കും കലിപ്പില്ല. സാമൂഹികമായ വിലക്കുകളുമില്ല. പ്രത്യുത അതു വിധിയാണെന്നു കരുതി സമാധാനിക്കുകയോ, ജീവൻ ഒടുക്കുകയോ സമൂഹത്തിന്റെ ആചാരങ്ങളും സ്വഭാവങ്ങളുമായി മാറിയിരിക്കുന്നു.

അടിമത്വം, അധിനിവേശം, അന്യായമായ അടിച്ചമർത്തൽ, ഇവക്കൊക്കെ എതിരായി ചിന്തിക്കുകയും പ്രവർത്തിക്കുകയും പ്രതിഷേധിക്കുകയും അതിനെ ലോക ശ്രദ്ധയിൽ കൊണ്ടു വന്നു പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് മനുഷ്യന്റെ സ്വഭാവമാണ്. മനുഷ്യന്റെ സബ് -സെറ്റായ സ്ത്രീകളും സമാന സാഹചര്യങ്ങളിൽ അങ്ങനെ സ്വാഭാവികമായി പ്രവർത്തിക്കുന്നു.  അഥവാ അങ്ങനെയുള്ള സാഹചര്യങ്ങളിൽ ഫെമിനിസ്റ്റുകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ് .

(ഇപ്പറഞ്ഞതു കോണ്ട് പുരുഷന്റെ നേരെ കുടുംബത്തിലും സമൂഹത്തിലും അനീതിയില്ല എന്നല്ല. അതു സമാനമായ ഒരു പ്രശ്നവുമാണ്.  അതും സമാന്തരമായി പഠിക്കേണ്ട വിഷയം തന്നെയാണ്)

ഇതുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ഫെമിനിസ്റ്റ് അവസ്ഥ

എന്നാൽ ഇന്നത്തെ സമൂഹങ്ങളിലെ, ദേശങ്ങളിലെ, രാഷ്ട്രങ്ങളിലെ ഫെമിനിസത്തോടനുബന്ധിച്ചുള്ള ഒരു വൻ ചിത്രമെടുത്താൽ എന്താണവസ്ഥ?

പ്രായഭേദമെന്യേ, ദേശ, രാഷ്ട്ര ഭേദമെന്യേ, പെൺകുട്ടികളും , ആൺകുട്ടികളും, സ്ത്രീകളും സ്വന്തം വീട്ടിലും വെളിയിലും ഒരു പോലെ  ലൈംഗിക ആക്രമണങ്ങളുടേയും കച്ചവടങ്ങളുടേയും ഇരകളാകുന്നു.  പുരുഷന്മാർ മാത്രമല്ല, മക്കളുള്ള അമ്മമാരും (സ്ത്രീകൾ) സ്വന്തം മക്കളെ വിറ്റുകൊണ്ടോ പീഡകന്മാർക്കു കൂട്ടിക്കൊടുത്തോ ഇതിൽ കക്ഷിചേരുന്നു.  സ്ത്രീക്കു നേരെയുള്ള പീഡനം അവൾക്കു നേരെയുള്ള ലിംഗ പാരമ്പര്യ ഗൂഢാലോചനകൾക്കപ്പുറം കടന്ന് മറ്റെന്തോ ആയിരിക്കുന്നു.  ലൈംഗികതയുടെ ആസ്ഥാന ചിന്തകൾ തന്നെ മാറിമറഞ്ഞിരിക്കുന്നു.  ലൈംഗിക കമ്പോളത്തിൽ ആണും പെണ്ണും ലിംഗ രൂപാന്തരം സംഭവിക്കുന്നവരും ഇരകളാകുന്നു.  ഒരു ചായകുടിക്കുന്നതിനപ്പുറം, ഒരു ചോക്കലേറ്റ് തിന്നുന്നതിനപ്പുറം രതി ഒന്നുമല്ലാതായിരിക്കുന്നു.

കേരളത്തിന്റെ സാഹചര്യത്തിൽ ഫെമിനിസ്റ്റുകൾ കൂടുതൽ വേട്ടയാടപ്പെടാൻ ഇതൊരു കാരണമാകുന്നു,  പ്രത്യേകിച്ച് ചെറുപ്പക്കാർ.  അവരാണല്ലോ കാലത്തിന്റെ മാറ്റങ്ങളെ തനതു വ്യക്തിത്വത്തിലൂടെ കൂടുതൽ വെളിപ്പെടുത്തുന്നത്.   അവരുടെ മാറുന്ന വസ്ത്ര ധാരണവും, ജീവിത രീതികളും , സ്വാ‍തന്ത്ര്യ ധാരണകളും മൂല്യങ്ങളുമാണ് മുകളിൽ പറഞ്ഞ ലൈംഗിക ആക്രമണങ്ങൾക്കു കാരണങ്ങൾ എന്നു പെട്ടെന്നു കാലഹരണപ്പെട്ട പുരുഷാധിഷ്ഠിത സാമൂഹ്യ-മത വ്യവസ്ഥകളുടെ വിധിയുണ്ടായി.  ഈ വ്യവസ്ഥയോടു  കണ്ണി ചേർന്നാണല്ലോ കേരളത്തിലെ കുടുംബങ്ങൾ പൊതുവെ പ്രവർത്തിക്കുന്നത്.  സ്വാതന്ത്ര്യ ബോധമുള്ള പെണ്മക്കൾ ഫെമിനിസ്റ്റുകളായി, ‘പിഴച്ചു’പോകുന്നതിന്റെ ചാർജ് ഷീറ്റ് അമ്മമാർക്കു കിട്ടുന്ന പുതിയ തല വേദനകളാകുന്നു.

 ഇവിടെയും തെരേസയുടെ പോസ്റ്റിംഗിനു  എന്തു  സാംഗത്യമാണ്   എന്നതിൽ സംശയമുണ്ട്.  യുവത്വത്തിന്റെ ഫെമിനിസ്റ്റു സ്വാ‍തന്ത്ര്യബോധത്തെ എങ്ങനെ ക്രിയാത്മകമായും ഭാവനാസമ്പന്നമായും കൈകാര്യം ചെയ്യണമെന്നുള്ളതാണ് കാലഘട്ടത്തിന്റെ ആവശ്യം. അതിന് ഒരു  പ്രസംഗത്തിന്റെ ചുവയുള്ള സാരോപദേശം എത്ര മൂല്യമുള്ളതാണെന്നു സംശയിക്കുന്നു.


ഫെമിനിസത്തിന്റെ ആഗോള ചരിത്രം 

ഇത്തരുണത്തിൽ ഫെമിനിസത്തിന്റെ ആഗോളചരിത്രത്തിലേക്കൊന്നു കണ്ണോടിക്കാം.  എന്നു പറയുമ്പോൾ ഈ ചരിത്രം എല്ലാ സംസ്കാരങ്ങളിലും രാജ്യങ്ങളിലും ഒന്നായിരുന്നു എന്നല്ല അർത്ഥമാക്കുന്നത്.  സ്ത്രീയുടെ അവസ്ഥ/ പ്രശ്നങ്ങൾ/ പരിഹാരങ്ങൾ/പുരോഗതി,  ഓരോ ദേശങ്ങളിലും അവിടങ്ങളിലെ രാഷ്ട്രീയ, സാമ്പത്തിക, മത, സാംസ്കാരിക ഘടകങ്ങളേയും സ്ത്രീയുടെ സംഘടനാശേഷിയേയും അടിസ്ഥാനപ്പെടുത്തിയായിരുന്നുഎന്നു പറഞ്ഞാൽ പാശ്ചാത്യ സംസ്കാരത്തിലും (Western civilisation) ഇന്ത്യയിലും ഫെമിനിസം വളർന്നത് രണ്ടു തരത്തിലായിരുന്നു.

ഇന്ത്യയിൽ /കേരളത്തിൽ ഫെമിനിസം മുൻപു പറഞ്ഞതുപോലെ ദൃശ്യ-മാദ്ധ്യമ സൃഷ്ടികളിൽ നിന്നും വ്യത്യസ്ഥമായി സ്വകാര്യ ഇടങ്ങളിൽ വളർന്നിരുന്നില്ല.

പൊതു ഇടങ്ങളിൽ സ്ത്രീയോടുള്ള നീതി പുരുഷന്റെ ഔദാര്യമായിട്ടായിരുന്നു കരുതിയിരുന്നത്.  അതിനാൽ പുരുഷന്മാരായിരുന്നു സതി മുതലായ സാമൂഹ്യ അന്യായത്തിനു നേരെ മുൻ കൈയ്യെടുത്തത്. എന്നാൽ സ്വാതന്ത്ര്യ-സമര വിമോചന പ്രസ്ഥാനങ്ങളായാണ്  ആദ്യമായി ഇന്ത്യയിൽ സ്ത്രീ ശാക്തീകരണം ഉണ്ടായത്.  ഇവയിൽ പങ്കെടുത്തിരുന്നവർ പൊതുവെ ഇന്ത്യയുടെ വർഗ-ജാതി- ശ്രേണിയിൽ ഉന്നതരെന്നു സ്വയം അവകാശപ്പെട്ടവരും അതിന്റെ പേരിൽ അധികാരം കൈയ്യാളി ദേശത്തിന്റെ റിസോഴ്സസ് തുല്യബോധമില്ലാതെ കൈയ്യടക്കിവച്ചവരും അതിനാൽ വിദ്യാസമ്പന്നരുമായിത്തീർന്ന വനിതകൾ ആയിരുന്നു.  വിദേശാധിനിവേശത്തെ ചെറുക്കുന്നതിനും ദേശീയതയുടെ സ്വരം ശക്തിപ്പെടുത്തുന്നതിനുമായി സ്ത്രീയുടെ രാഷ്ട്രീയ ബോധത്തെ ഉണർത്തുകയും പ്രവർത്തിപ്പിക്കുകയുമെന്നതിൽ കവിഞ്ഞ് അവ ഒരിക്കലും ശുദ്ധ സ്ത്രീ വാദ പ്രസ്ഥാനങ്ങൾ ആയിരുന്നില്ല.

സ്വാതന്ത്യത്തിനു ശേഷം ഈ പ്രസ്ഥാനങ്ങൾ നിലനിന്നത് രാഷ്ട്രീയ ശാക്തീകരണത്തേയും അധികാരത്തെയും മുന്നിൽ കണ്ടു കൊണ്ടായിരുന്നു.  ഒരു പുരുഷാധിപത്യ അധിനിവേശ അധികാരവ്യവസ്ഥയുടെ എല്ലാ അടയാളങ്ങളും നിലനിർത്തിയ ഇന്ത്യൻ ജനാധിപത്യ ഭരണക്രമത്തിൽ സ്ത്രീയുടെ നേർക്കുള്ള അവളുടെ വ്യക്തിത്വത്തിനും സ്വാതന്ത്യത്തിനും നേരെ പാരമ്പര്യമായി ഉയർന്നിരുന്ന സാമൂഹ്യ വിവേചനങ്ങൾക്കെതിരെ പരിഹാരം കാണുക ഈ പ്രസ്ഥാനങ്ങളുടെ താല്പര്യങ്ങളായതായി അറിവില്ല.

ജനാധിപത്യ ഇന്ത്യയിൽ സ്ത്രീ ഒരു ‘ദുർബല’വിഭാഗമായാണ് വിലയിരുത്തപ്പെട്ടത്.-   ഒരു രണ്ടാംകിട -ജനങ്ങൾ.  ഈ ദുർബലവിഭാഗത്തിന്റെ സംരക്ഷകന്റെ റോളിലാണ്, പുരുഷാധിപത്യ ഭരണകൂടം പ്രവർത്തിച്ചത്.   ഈ ‘ദുർബലതയുടെ’പേരിലുള്ള സംരക്ഷണവും ഔദാര്യങ്ങളും ഇന്ത്യൻ സ്ത്രീയുടെ ജീവിതം ചിലയിടത്തൊക്കെ സുഗമമാക്കിയെങ്കിലും, അത് ജനാധിപത്യാധിഷ്ഠിതമായ അവരുടെ അവകാശങ്ങൾക്കും മൂല്യങ്ങൾക്കും എതിരെ കത്തി വക്കുന്നതായിരുന്നു.  ഈ സംരക്ഷകനോടു സമസ്ഥാനമായാണ് ഇന്ത്യൻ സ്ത്രീ-ശാക്തീകരണ രാഷ്ട്രീയം എന്നും പ്രവർത്തിച്ചത്.   അതുകൊണ്ടു തന്നെ അതിന് ജാതി-വർഗ-മത-അധികാര- രാഷ്ട്രീയത്തിന്റെ ശ്രേണികൾക്കു പുറത്ത് സ്ത്രീ-പ്രശ്നത്തെ -കർത്തവ്യ ബോധത്തോടെ കാണാൻ കഴിഞ്ഞില്ല.  അതിനാൽ അവരുടെ കീഴിലെ സ്ത്രീ ശാക്തീകരണം ഇന്നു ഞായറാഴ്ച്ചസ്കൂളുപോലെ, കരയോഗം പോലെ, കുടുംബയോഗങ്ങളും പൊങ്കാലയും പോലെ, ടി.വി പരിപാടികൾ പോലെ അദ്ധ്യക്ഷൻ തീരുമാനിക്കുന്ന കാര്യപരിപാടികളനുസരിച്ച്  തുടങ്ങുന്നു, അവസാനിക്കുന്നു, ക്രിയാത്മകതയുടെ ഭാവനയോ ഊർജമോ ഇല്ലാതെ.

ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ചെറുപ്പക്കാരിൽ -ആണിലും പെണ്ണിലും- ഇന്ത്യൻ ഫെമിനിസത്തിന്റെ ഈ വർഗ്ഗീയ-രാഷ്ട്രീയ അധികാരമുഖത്തെ തിരിച്ചറിയുന്നവരുടെ എണ്ണം കൂടുന്നുണ്ട് എന്നു തോന്നുന്നു. വർഗ- ജാതി-മത-ലിംഗ വിവേചനങ്ങൾക്കു പുറത്തു കടക്കുന്ന ഒരു സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നവരാണ് അവർ.  എന്നാൽ അവർ ഇന്നു വല്ലാത്ത ഒരവസ്ഥയെ അഭിമുഖീകരിക്കുന്നവരുമാണ്.   അവർക്ക് വേണ്ടത്,  ആത്മാർത്ഥമായ നേതൃത്വമാണ്.


Comments

Post a Comment

Popular posts from this blog

ശ്വേതയുടെ പ്രസവവും അച്ചുമനസുകളൂം

കേരളത്തിന്റെ 'വേശ്യാ സാംസ്കാരത്തിന്റെ' ആധാരം തേടുന്നവര്‍ക്കു വേണ്ടി

‘ദേവദാസികള്‍‘ വേശ്യകളാണോ