നമ്മുടേതൊരു പ്രോഗ്രസ്സിവ് രാജ്യം...

'ഇതു നിന്റഛനാണോ?'
'അ-ല്ല... ഗാര്‍ഡിയനാ'
'നിന്റെ സ്കൂള്‍ രജിസ്റ്റ്രേഷന്‍ ഫോമില്‍ ഒപ്പിട്ട ഗാര്‍ഡിയന്‍?'

താണ്ടി പ്രിന്‍സിപ്പലിന്റെ മുഖത്തേക്കു സംശയത്തോടെ നോക്കി. അങ്ങനെയുമുണ്ടോ ഒരു ഗാര്‍ഡിയന്‍?

താന്‍ സ്കൂളില്‍ ചേര്‍ന്നപ്പോള്‍ ഗാര്‍ഡിയനായി ആരായിരുന്നു കൂടെ വന്നത്‌?

ഗ്രാന്‍ഡ്മായായിരുന്നോ?പക്ഷെ ഗ്രാന്മയ്ക്കൊപ്പിടാനറിയില്ലല്ലോ.

'ഇയാളു നിന്റെയാരാ?' തന്റെ പ്രൈവസിയിലേക്കു നുഴഞ്ഞുകയറുന്ന പ്രിന്‍സിപ്പലിന്റെ ചോദ്യം അവളെ അല്‍പം അലോസരപ്പെടുത്തി.

'ഇവളുടെ അമ്മ എന്റെ ഗേള്‍ഫ്രണ്ടായിരുന്നു'അല്‍പം അഭിമാനത്തോടെ ഗാര്‍ഡിയന്‍ പറഞ്ഞു.

അതു വളരെ ഉദാരമായ ഒരു കാര്യമാണല്ലോ,പ്രിന്‍സിപ്പല്‍ ഓര്‍ത്തു. അമ്മ ഗേള്‍ഫ്രണ്ടാകുമ്പോള്‍ ഇവനച്ഛന്റെ സ്ഥാനം ഉണ്ടെന്നു പറയാം. പക്ഷെ അങ്ങനെ അയിരുന്നെന്നല്ലേ ഇവന്‍ പറയുന്നത്‌'

'നീ പോ എന്നിട്ട്‌ നിന്റെ യഥാര്‍‌ത്ഥ ഗാര്‍ഡിയനെ കൊണ്ടുവാ'പ്രിന്‍സിപ്പല്‍ ഒട്ടും ദാക്ഷിണ്യം കൂടാതെ പറഞ്ഞു.

അപ്പോഴവള്‍ കൂസലില്ലാതെ പ്രിന്‍സിപ്പലിന്റെ മുറി വിട്ട്‌ പുറത്തേക്കു നടന്നു. കൂടെ അയാളും.

നടന്നപ്പോള്‍ അവളൂടെ ഗില്ലറ്റിന്റെകൂര്‍ത്ത മുന മേനി കുറഞ്ഞ തറയെ കുത്തി വേദനിപ്പിച്ചു.ശരീരത്തോടിണങ്ങാതെ നിന്ന പൃഷ്ടത്തിന്റെ പീഠനത്തില്‍ ധരിച്ചിരുന്ന ലെതര്‍ മിനിയുടെ നാഡിഞ്ഞരമ്പുകള്‍ ശ്വാസം മുട്ടി.

പോയിക്കഴിഞ്ഞിട്ടും അവളുടെ പെര്‍ഫ്യുമിന്റ ഗന്ധം പ്രിന്‍സിപ്പലിന്റെ മുറിയില്‍ ബാക്കി നിന്നു.

'വിതൗട്ട്‌ എ ബാട്ടില്‍ ആന്‍ഡ്‌ എ മാന്‍, ദീസ്‌ ഗേള്‍സ്‌ തിങ്ക് ലൈഫ്‌ ഇസ്‌ വര്‍ത്‌-ലെസ്സ്‌', പ്രിന്‍സിപ്പല്‍ മാലതിയുടെ നേര്‍ക്കു തിരിഞ്ഞു പറഞ്ഞു.

മാലതിയുടെ ഡിപ്പാര്‍ട്ടുമെന്റിന്റെ ശ്രദ്ധയില്‍ ഇങ്ങനെ എത്ര കേസുകളാണ്‌ ക്ലാസ്സ്‌ ടീച്ചേഴ്സ്‌ കൊണ്ടുവരുന്നത്‌. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഇതു നാലാമത്തെ കേസ്സാണ്‌.

പെണ്‍കുട്ടികള്‍ പെട്ടെന്നു ക്ലാസില്‍ വരാതിരിയ്ക്കുക.രണ്ടും മൂന്നും ആഴ്ചകളോളം ചിലപ്പോള്‍ മാസങ്ങളോളം.

അവിടുത്തെ വിദ്യാഭ്യാസ വകുപ്പിന്റെ ചട്ടമനുസരിച്ച്‌ ഒരു വിദ്യാര്‍ത്ഥി ഒരാഴ്ചയില്‍ കൂടുതല്‍ ക്ലാസില്‍ വരാതിരുന്നാല്‍ ഉടന്‍ തന്നെ ക്ലാസ്‌ രജിസ്റ്ററില്‍ നിന്നു പേരു വെട്ടണം.

ഒരിയ്ക്കല്‍ ലിസ്റ്റില്‍ നിന്നു പേരു വെട്ടിയാല്‍ പിന്നീടു വീണ്ടും രജിസ്റ്റര്‍‍ ചെയ്യാതെ അവരെ തിരിച്ചെടുക്കാനാവില്ല. അതിനു വീണ്ടും രക്ഷകര്‍ത്താകളോ ഗാര്‍ഡിയനോ വരണം.

എന്നാല്‍ രക്ഷകര്‍ത്താക്കാളുടെ ധാരണ കുട്ടികളെ ഒരിയ്ക്കല്‍ സ്കൂളില്‍ ചേര്‍ത്താല്‍ പിന്നെ ആവഴി തിരിഞ്ഞു നോക്കേണ്ടാ എന്നാണ്‌.

ഈ സാഹചര്യത്തില്‍ കുട്ടികളുടെ പേരു വെട്ടിയാല്‍ അതദ്ധ്യാപകരെത്തന്നെയാണ്‌ ദോഷമായി ബാധിയ്ക്കുന്നത്‌.കുട്ടികള്‍ ക്ലാസിലില്ലാതെ വന്നാല്‍ അവരുടെ ജോലിക്കു കുഴപ്പമാകും.

പെണ്‍കുട്ടികള്‍ ക്ലാസില്‍ വരാത്തതിനു പൊതുവെ കാരണം ആണ്‍കൂട്ടുകാരുടെ കൂടെ താമസിയ്ക്കുന്നതായിരിയ്ക്കും, ചിലപ്പോള്‍ അവരുടെ കൂടെ എവിടെയെങ്കിലും കറങ്ങിത്തിരിഞ്ഞു നടക്കുകയായിരിയ്ക്കും.

ആഫ്രിയ്ക്കന്‍ ജനതയുടെ പൗരാണിക സംസ്കാരമനുസരിച്ച്‌ ആണ്‍കുട്ടികള്‍ വളര്‍ന്നാല്‍ അവര്‍ക്കു സ്വന്തം ഇഷ്ടമനുസരിച്ച്‌ ഏതു പെണ്‍കുട്ടിയുടെ കൂടെയും ജീവിയ്ക്കാം. മുതിര്‍ന്നവര്‍ അതിലൊക്കെ ഇടപെടുന്നത്‌,ആഫ്രിയ്ക്കന്‍ രീതികളോടുള്ള നിഷേധമാണെന്നവര്‍ വിശ്വസിയ്ക്കുന്നു.

എന്നാല്‍ പുതുതായ ജനാധിപത്യ സമ്പ്രദായം വ്യക്തിയില്‍ നിന്നു പ്രതീക്ഷിയ്ക്കുന്നത്‌ ഉത്തരവാദിത്വത്തോടെയുള്ള സ്വാതന്ത്ര്യമാണ്‌.

ഇത്തരമൊരു സ്വാതന്ത്ര്യത്തെക്കുറിച്ച്‌ എല്ലാവരും ഘോരഘോരം സംസാരിയ്ക്കാറുണ്ട്‌. മാലതിയുടെ ഡിപ്പര്‍ട്ടുമെന്റല്‍ മീറ്റിങ്ങിലും. എന്നാല്‍ അതൊന്നും യാതൊരു പ്രശ്ന പരിഹാരത്തിനും ഉതകാറില്ല.

അതുകൊണ്ട്‌ ചില അദ്ധ്യാപകര്‍ രഹസ്യപോലീസിന്റെ ജോലികള്‍ ചെയ്യാറുണ്ട്‌.

അങ്ങനെയാണ്‌ ഒരദ്ധ്യാപിക താണ്ടിയുടെ ഒളിത്താവളം കണ്ടെത്തിയതും, മാലതിയോടു പറഞ്ഞതും, മാലതി അതു പ്രിന്‍സിപ്പലിനെ അറിയിച്ചതും, പ്രിന്‍സിപ്പല്‍ ആളെ വിട്ട്‌ അവളോട്‌ രക്ഷകര്‍ത്താവിനെ കൊണ്ടു വരാന്‍ പറഞ്ഞതും.

സ്കൂളിലേക്കു വന്ന വഴിയില്‍ കണ്ട ഒരാളെ ഗാര്‍ഡിയനായി അവള്‍ വിളിച്ചുകൊണ്ടു വന്നു.

അല്ലാതെ ന്യായമായി അവള്‍ക്കെന്തു ചെയ്യാന്‍ കഴിയും?

രക്ഷകര്‍ത്താവായി ആകെ അവള്‍ക്കറിയാവുന്നത്‌ അവളുടെ ഗ്രാന്‍ഡ്മ മാത്രമാണ്‌.

അമ്മയാരാണെന്നറിയാമെങ്കിലും അവരുമായി അടുപ്പമോ പരിചയമോ ഇല്ല. അച്ഛനാരാണെന്ന് ഇതുവരെ ആരോടും അന്വേഷിച്ചിട്ടുമില്ല.

ടാന്‍ഡി അവളുടെ അമ്മ നൊലീസയ്ക്കു പതിനഞ്ചാമത്തെ വയസില്‍ പിറന്ന മകളാണ്‌.

ടാന്‍ഡി പിറന്നു രണ്ടാഴ്ച കഴിഞ്ഞ്‌ നൊലീസ അവളെ വല്ല്യമ്മ വെറോണിയ്ക്കയുടെ കൈയ്യിലേല്‍പ്പിച്ചിട്ട്‌ ഒരു പോക്കു പോയി. അവളുടെയും കൂട്ടുകാരികളുടെയും സ്വപ്നഭൂമിയായിരുന്ന ജോഹന്നസ്‌ ബര്‍ഗിലേക്ക്‌.

അവിടുത്തെ സ്വര്‍ണ്ണ മൈനുകളില്‍ ജോലി ചെയ്തിരുന്ന പുരുഷന്മാരുടെ ജീവിതത്തിലേക്ക്‌.

അവിടെ നീണ്ട പതിനഞ്ചുവര്‍ഷത്തെ ജീവിതം അവള്‍ക്കു നേടിക്കൊടുത്തത്‌ എയിഡ്സ്‌ എന്ന അത്ഭുതരോഗമാണ്‌.

നൊലീസ സ്വന്തം രോഗത്തെക്കുറിച്ചു മനസിലാക്കിയപ്പോഴേക്കും, സൗത്താഫ്രിയ്ക്ക ഒരു സ്വതന്ത്ര രഷ്ട്രമായി കഴിഞ്ഞിരുന്നു.

ജനാധിപത്യത്തിലേക്കു രാജ്യത്തിന്റെ പ്രവേശനമൊരുക്കിയ ഹ്യുമാനിസ്റ്റ്‌ ആശയക്കാരും ലിബറല്‍ പ്രസ്ഥാനക്കാരും പിന്നീടവള്‍ക്ക്‌ മറ്റൊരു സ്വര്‍ണ്ണഖനിയായി.

എയ്ഡ്സ്‌ ആക്റ്റിവിസത്തിന്റെ തലതൊട്ടപ്പന്മാരായിരുന്നു അവരില്‍ പലരും. അവരുടെ ഇടയില്‍ ഒരിയ്ക്കല്‍ തന്റെ വര്‍ഗത്തെ അടിമകളാക്കി ആട്ടിയോടിച്ച വര്‍ഗ്ഗീയ മേലാളന്മാറെ കണ്ടപ്പോള്‍ അവരുടെ ഉപദേശങ്ങള്‍ ചെവിക്കൊണ്ടപ്പോള്‍ നൊലീസ്സ തന്റെ മനസ്സില്‍ ചോദിച്ചു,'ആരു പറഞ്ഞു നമ്മുടെ നാടു പ്രോഗ്രസ്സീവ്‌ അല്ലെന്ന്'.

അവിടുന്ന് ഒരു പടി കഴിഞ്ഞ്‌ നൊലീസ സൗത്ത്‌ ആഫ്രിയ്ക്കന്‍‍ എയ്ഡ്സ്‌ ആക്ടിവിസ്റ്റുകളുടെ ഒരു സജീവ പ്രവര്‍ത്തകയായി.

എയ്ഡ്സിന്റെ വാണിജ്യ സാദ്ധ്യതകളില്‍ കണ്ണുവച്ച മള്‍ട്ടി മില്ല്യന്‍ ഫാര്‍മസുട്ടിക്കല്‍ കമ്പനികളുടെയും അവര്‍ക്കു ചാരവൃത്തി ചെയ്യുന്ന ഹൂമാനിസ്റ്റ്‌ ലിബറലിസ്റ്റു രാജ്യസ്നേഹികളുടെയും മായാലോകത്തിന്‌ അവള്‍ ഒരു കാലാള്‍ പടയാളിയായി.

പ്രതിഫലമായി മള്‍ട്ടീനാഷനുകള്‍ അവള്‍ക്കു വിലകൂടിയ വിറ്റമിന്‍ കഷായങ്ങള്‍ സൗജന്യമായി കൊടുത്തു.മരണത്തെ സ്വപ്നം കാണാന്‍ തുടങ്ങിയ നൊലീസ വീണ്ടും ജീവിതത്തെസ്വപ്നം കണ്ടു തുടങ്ങി.
......

അന്നു രാവിലെ മാന്റലയ്ക്കു നൊലീസയില്‍ നിന്നൊരു തിരക്കിട്ട ടെലിഫോണ്‍ സന്ദേശം ലഭിച്ചു. അടുത്ത ദിവസം പത്തിനും പതിനൊന്നിനും ഇടയ്ക്ക്‌ അവള്‍ സ്കൂളില്‍ വരുന്നുണ്ട്‌ എന്ന്.

ആ സന്ദേശം മാന്റലയുടെ മനസിനെ ആവേശഭരിതമാക്കി.രക്ഷകര്‍ത്താക്കള്‍ മക്കളോടു കാണിയ്ക്കുന്ന നിരുത്തരവാദിത്വത്തില്‍ അയാള്‍ക്കു തോന്നിയിരുന്ന എല്ലാ ആശങ്കകളൂം അസ്ഥാനത്താണെന്ന് ആ ഫോണ്‍ വിളി അയാള്‍ക്കു തോന്നിപ്പിച്ചു.

വളരെ തിരക്കേറിയ ഒരു രക്ഷകര്‍ത്താവാണ്‌ നൊലീസ എന്ന് മാന്റലയ്ക്കു വര്‍ത്തമാനത്തില്‍ നിന്നും മനസ്സിലായി. അവിടെ നിന്നു നൂറ്റിയന്‍പതു കിലോമീറ്റര്‍ ദൂരത്തിലുള്ള ഒരു സ്ഥലത്ത്‌ ഒരു ആക്ടിവിസ്റ്റു വര്‍ക്ക്ഷോപ്പില്‍ പങ്കെടുക്കാന്‍ പോകുന്ന വഴിയിലാണ്‌ അതു വഴി വരുന്നതെന്നവര്‍ പ്രത്യേകം പറഞ്ഞിരുന്നു.

പത്തു മണിയ്ക്കു മുന്‍പു തന്നെ ഈ പ്രത്യേക രക്ഷകര്‍ത്താവിനെ സ്വീകരിയ്ക്കുവാനായി മാന്റല തന്റെ ഓഫിസുമുറിയില്‍ കാത്തിരുപ്പായി.

സ്കൂള്‍മാനേജുമന്റ്‌ അംഗങ്ങളേയും ഡിപ്പാര്‍ടുമെന്റല്‍ മേധാവികളേയും അദ്ദേഹം ആ കൂടിക്കാഴ്ചയിലേക്കു പ്രത്യേകം ക്ഷണിച്ചിരുന്നു. മാലതിയും ആക്കൂട്ടത്തിലുണ്ടായിരുന്നു

കൃത്യം പത്ത്‌ ഇരുപത്തഞ്ചിനു നൊലീസയുടെ ബി.എം.ഡബ്ലിയു സ്കൂള്‍ ഗേറ്റു കടന്നു വന്നു.

മീറ്റിങ്ങില്‍ ഉപചാരവാക്കുകള്‍ വാരിക്കോരി വിളമ്പിയതിനു ശേഷം മാന്റല വിഷയം അവതരിപ്പിച്ചു.

കുട്ടികള്‍ ക്ലാസ്സില്‍ കയറാതെ ഇരുന്നാല്‍ അവരുടെ പരീക്ഷാഫലവും അതുവഴി ഭാവിയും നഷ്ടമാകും എന്നുള്ള ആശങ്കയാണ്‌ സ്കൂളിന്റെ ഭരണാധികളെ ഇത്തരം കൂടിക്കാഴ്ച്ചകള്‍ക്കു പ്രേരിപ്പിയ്ക്കുന്നതെന്നു മാന്റല പ്രത്യേകം പറഞ്ഞിരുന്നു.

എല്ലാം കേട്ടു കഴിഞ്ഞു നൊലീസ മാന്റലയോടു ചോദിച്ചു.

'പ്രിന്‍സിപ്പല്‍ പത്രങ്ങളൊന്നും വായിക്ക്കാറില്ലേ?'

'ഉണ്ട്‌'

'മന്ത്രിമാരുടെ പ്രസ്താവനകളില്‍ അവര്‍ നിരന്തരം പറയുന്നുണ്ടല്ലോ, കുട്ടികളുടെ റിസള്‍ട്ട്‌ സ്കൂളീന്റെ ഉത്തരവാദിത്വമാണെന്ന്?'

'പക്ഷെ കുട്ടികള്‍ ക്ലാസ്സില്‍ കയറുന്നില്ല എങ്കില്‍ സ്കൂളെന്തു ചെയ്യും?'

'കുട്ടികള്‍ ക്ലാസ്സില്‍ കയറാത്തത്‌ അവര്‍ക്കു ക്ലാസുകള്‍ രസപ്രദമാകാത്തതു കൊണ്ടാണ്‌. അതിലേക്കല്ലേ ഗവണ്‍മെന്റ്‌ ഓ-ബി-ഇ (നാട്ടിലെ ഡി-റ്റി-പി-റ്റി പോലൊരു പരിഷ്ക്കാരം)തുടങ്ങിയത്‌. ഇവിടെ ഒ-ബി-ഇ ഇല്ലേ?'

'ഓ-ബി-ഇ താണക്ലാസുകളിലേക്കാണു മേഡം'

'അതു സാരമില്ല, കുറച്ചിവര്‍ക്കും കൊടുക്കണം, അപ്പോള്‍ പ്രശ്നം തീര്‍ന്നില്ലേ'

എല്ലാ പ്രശ്നങ്ങളും അതു വഴി പരിഹരിച്ചെന്ന മട്ടില്‍ നൊലീസ ഇരിപ്പിടത്തു നിന്നും എഴുനേറ്റു എല്ലാരോടുമായി പറഞ്ഞു,'ഞാന്‍ കരുതിയത്‌ താന്‍ഡി വല്ല സീരിയസ്‌ ക്രൈമും ചെയ്തെന്നായിരുന്നു.ഷൂട്ടിംഗ്‌, കില്ലിംഗ്‌ അങ്ങനെ വല്ലതും. ഇന്നത്തെ യുവാക്കളില്‍ ക്രിമിനല്‍ മെന്റാലിറ്റി കൂടുതലാണല്ലോ?'

മുന്‍പേ നടന്ന നൊലീസയെ മാന്റല ഔപചാരികമായി പിന്തുടര്‍ന്നു.

കാറിലേക്കു കയറുന്നതിനു മുന്‍പേ അവര്‍ മാന്റലയ്ക്കൊരുപദേശം കൊടുത്തു:

'മിസ്റ്റര്‍ മാന്റല, കുറ്റങ്ങളും കുറവുകളും മനുഷ്യന്റെ കൂടപ്പിറപ്പുകളാണ്‌.പക്ഷെ നമ്മുടേതൊരു പ്രോഗ്രസ്സീവ്‌ രാജ്യമാണ്‌, നമ്മള്‍ അതിലെ പിന്നോക്കമാക്കപ്പെട്ട ഒരു വര്‍ഗവും. അവസരങ്ങളേക്കുറിച്ചാണ്‌ നമ്മള്‍ ഇപ്പോള്‍ ചിന്തിയ്ക്കേണ്ടത്‌.ആദര്‍ശങ്ങളേക്കുറിച്ചല്ല...'

അവളുടെ കാറു മുന്‍പോട്ടു കുതിച്ചപ്പോള്‍ മാന്റല സമാധാനിച്ചു, 'ഹാവൂ, മറ്റാരും അതു കേട്ടില്ലല്ലോ'














Link

Comments

  1. ഒരു മുന്നറിയിപ്പ്‌

    ഗള്‍ഫ്‌ മലയാളികളില്‍ നിന്ന് പലതും പറഞ്ഞ്‌ പണം അടിച്ച്‌ മാറ്റാന്‍ ഒരു മന്ത്രി ഗള്‍ഫില്‍ തേരാപാര നടക്കുന്നുണ്ട്‌. കഴിഞ്ഞ യു. ഡി. എഫ്‌ ഭരണത്തില്‍ അവരുടെ ചക്കരവാക്കുകേട്ട്‌ പണം മുടക്കിയവരൊക്കെ ഇന്ന് വഴിയാധാരമായ കഥ ആരും മറക്കരുത്‌. കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ സ്വന്തമായി ചെയ്യുക.മന്ത്രിയുടെ വാക്ക്‌ കേട്ട്‌ സര്‍ക്കാറിന്റെ കയ്യില്‍ കാശ്‌ കൊടുത്താല്‍ അവന്‍ തെണ്ടിയതുതന്നെ. ഇതു ഗള്‍ഫില്‍ കഷ്ടപ്പെട്ട്‌ പണിയെടുക്കുന്നവര്‍ ചതിയില്‍ പെടാതിരിക്കാനുള്ള ഒരു മുന്നറിയിപ്പ്‌ മാത്രമാണ്‌.

    പിപ്പിള്‍സ്‌ ഫോറം
    peoplesforum1.blogspot.com

    ReplyDelete

Post a Comment

Popular posts from this blog

ദേവദാസി-സംബന്ധ സമ്പ്രദായങ്ങളും ഇന്‍ഡ്യന്‍ സ്ത്രീത്വവും

മലപ്പുറത്തെ 33 സ്കുളുകളും കേരള ജനാധിപത്യവും

അങ്ങനെ ബ്ലോഗു മീറ്റും ഒരു യാഥാര്‍ത്ഥ്യമായി