mk top 2012

Sunday, January 21, 2007

രാമായണവും വിമാനവും ഒരാഗോള ശാസ്ത്രീയ വീക്ഷണം

രാമായണവും വിമാനവും എന്നുള്ള ചര്‍ച്ചയില്‍ ഉമേഷിന്റെ സ്വന്തം നിലപാട് താഴെപ്പറയുന്ന കൊട്ടേഷനില്‍ അടങ്ങിയിരിയ്ക്കുന്നു എന്നു കരുതുന്നു.

രാമായണത്തില്‍ വിമാനത്തെപ്പറ്റി പറയുന്നുണ്ടു്. അതിനു സംശയമില്ല. അതിന്റെ അടിസ്ഥാനത്തില്‍ “പ്രാചീനഭാരതത്തില്‍ വിമാനമുണ്ടായിരുന്നു. അതിന്റെ വ്യക്തമായ തെളിവു് രാമായണത്തിലുണ്ടു്” എന്നു പറയുന്നതിനോടാണു ഞാന്‍ പ്രതികരിച്ചതു്. ഇതു് രാമായണത്തിന്റെ മാഹാത്മ്യം കുറച്ചുകാണിക്കാനോ വാല്‌മീകിയെ അധിക്ഷേപിക്കാനോ ഭാരതീയപൈതൃകത്തിന്റെ ഉപാലംഭമോ ഒന്നുമല്ല. കാര്യം അറിയാതെ ഇങ്ങനെയുള്ള അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതിനെ മാത്രമാണു് ഞാന്‍ വിമര്‍ശിച്ചതു്.

വിമാനം പ്രാചീന ഭാരതത്തില്‍ ഉണ്ടായിരുന്നുവോ എന്നുള്ളത് ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥനത്തില്‍ മാത്രമേ സമര്‍ത്ഥിയ്ക്കാനാകൂ എന്നുള്ളതാണല്ലോ ഉമേഷിന്റെ നിലപാട്. അതിനോടു ഞാനും യോജിയ്ക്കുന്നു. പക്ഷെ രാമായണത്തിലെ വിമാനത്തിന്റെ വിവരങ്ങളടങ്ങുന്ന കുറച്ചു വരികളില്‍ ഒതുക്കിനിര്‍ത്താതെ ആ ശാസ്ത്രീയ അന്വേഷണം പുറത്തേക്കു കടക്കണമെന്നാഗ്രഹിയ്ക്കയും ചെയ്യുന്നു.

കാരണം രാമായണവും അതുപോലുള്ള ഗ്രന്ഥങ്ങളും പൊതുവെ തരുന്ന വിവരങ്ങളുടെ അടിസ്ഥനത്തില്‍ മാത്രം എത്തിച്ചേരുന്ന ഭാരതീയ സംസ്കാര-ശാസ്ത്രങ്ങളേക്കുറിച്ചുള്ള നിഗമനങ്ങള്‍ എത്രമാത്രം സത്യസന്ധമായിരിയ്ക്കുമെന്നുള്ള സംശയം തന്നെ. അതിനു കാരണം രാമായണം ഒരു ചരിത്രകഥയാണോ എന്നുള്ള തര്‍ക്കമല്ല.

രാമായണം ഒരു ചരിത്രകഥയായി അംഗീകരിയ്ക്കത്തക്ക ഉപാധികള്‍ അതിലുണ്ടെന്നു വിശ്വസിയ്ക്കാന്‍ പ്രയാസമാണ്. എന്നു പറഞ്ഞാല്‍ ഒരു സംഭവത്തിന്റെ വസ്തുനിഷ്ഠമായ വിവരണത്തെയാണ്‌ ചരിത്രം എന്ന ആശയം കോണ്ടു വിവക്ഷിയ്ക്കുന്നത്‌.

എന്നിരുന്നാലും രാമായണത്തില്‍ ഇന്ത്യന്‍ ജനതയുടെ വായ്ത്താരിയിലൂടെ കാലങ്ങള്‍ പിന്നിട്ടു കടന്നു വന്ന ഒരു ചരിത്രത്തിന്റെ വികലമായ ആവിഷ്കാരമുണ്ട്‌, അശാസ്ത്രീയതയും വര്‍ഗ്ഗീയതയും, രാഷ്ട്രീയവുമുണ്ട്‌.

അതുകൊണ്ടു അതാര്‌, എന്ന്, എങ്ങനെ, എന്തിനുവേണ്ടി എഴുതി എന്നുള്ളത്‌ അതിന്റെ തന്നെ ചരിത്രത്തിലേക്കുള്ള ഒരു ശാസ്ത്രീയ അന്വേഷണത്തെ പ്രോല്‍സാഹിപ്പിയ്ക്കുന്നു. വിമാനത്തെക്കുറിച്ചു പറയുന്നതിനിടയില്‍ വര്‍ഗ്ഗീയത കുത്തിത്തിരുകുന്നു എന്നാരെങ്കിലും ആക്ഷേപിച്ചാല്‍ എനിക്കൊന്നേ പറയാനുള്ളൂ:വര്‍ഗ്ഗിയ-ജാതി മേല്‍ക്കോയ്മകള്‍ ഇന്ത്യയുടെ ആത്മാവിലടിച്ചേല്‍പ്പിക്കപ്പെട്ട ശാപവും വ്യാഥിയുമാണ്‌. ഒരു ബക്കറ്റു വെള്ളം ഒഴിച്ചാല്‍ എവിടെയെങ്കിലും പതിഞ്ഞ ചെളി ഒഴുകിപ്പോകുന്നതു പോലെ അതു വെറുതെ അങ്ങൊഴുകിപ്പോകുകയില്ല. അതു മനുഷ്യരുടെ മനസില്‍ പതിഞ്ഞിരിയ്ക്കുന്ന അവസ്തകളാണ്‌.

ഹേയ്‌ വര്‍ഗ്ഗീയ ജാതി മേല്‍ക്കൊയ്മയോ ഇവിടെ അതൊന്നും നടന്നിട്ടില്ലല്ലോ, ഇന്ത്യയുടെ കോണ്‍സ്റ്റിറ്റൂഷനൊന്നു നോക്കിയ്ക്കേ ജാതി-വര്‍ഗ്ഗീയത എന്നേ ഉച്ചാടനം ചെയ്തു, പിന്നെ വര്‍ണ്ണ വ്യത്യാസം അതു ശാസ്ത്രീയമാണ്‌.

എന്നിങ്ങനെ പറഞ്ഞുകൊണ്ട്‌ അതിനൊക്കെ ഉത്തരവാദികളായവര്‍ ഒഴിഞ്ഞുമാറിയതുകൊണ്ടൊന്നും അതടിച്ചേല്‍പ്പിച്ച അവസ്ഥകള്‍ അവയനുഭവിച്ച ആളുകളുടെ മനസില്‍ നിന്നും ഒഴുകിപ്പോകുകയില്ല. അതിനുത്തരവാദപ്പെട്ടവര്‍ സ്വയം കുറ്റമേറ്റെടുക്കുന്നിടം വരെ ഇന്ത്യയുടെ പ്രാചീനതയെ ചുറ്റിപ്പറ്റിയുള്ള ആശയസംവേദനമുണ്ടാകുന്ന എല്ലാ സന്ദര്‍ഭങ്ങളിലും അതിന്റെ വര്‍ഗ്ഗ-ജാതീയ പശ്ചാത്തലത്തേക്കുറിച്ചുള്ള ചിന്തകള്‍ ഉയര്‍ന്നുവന്നുകൊണ്ടേയിരിയ്ക്കും എന്നുള്ളതു വേദനാജനകമായ ഒരു സത്യമാണ്.

തന്നെയുമല്ല ആ വര്‍ഗജാതി രാഷ്ട്രീയം ഇന്ത്യയുടെ കടിഞ്ഞാണ്‍ വലിയ്കാന്‍ തുടങ്ങിയ അന്നു മുതല്‍ ഇന്ത്യയിലുണ്ടായിട്ടുള്ള എല്ലാ സങ്കേതങ്ങളും പ്രസ്ഥാനങ്ങളും പിന്നീടു പഠനവിഷയമാക്കുമ്പോള്‍, അതൊരു വര്‍ഗീയ ശൂന്യതയിലാകുന്നതില്‍ നീതിയോ ഔചിത്യമോ ഇല്ല. രാമായണവും അത്തരത്തിലുള്ള ഒരു പ്രസ്ഥാനമായാണ് രൂപം കൊണ്ടത്. അതുകൊണ്ട് അതിലേക്കുള്ള ശാസ്ത്രാനേഷി ചരിത്രാന്വേഷിയും സത്യാന്വേഷിയുമായിരിയ്ക്കണം.

രാമായണത്തിന്റെ കാവ്യഭംഗിയില്‍ കുമ്പിട്ടുപോകാത്ത ഭാരതീയ ശിരസ്സില്ല.

പക്ഷെ രാമന്റെ ആജ്ഞാനുവര്‍ത്തികളായിത്തീര്‍ന്ന കുരങ്ങന്മാര്‍, അവരാരായിരുന്നു? അവര്‍ ഇന്ത്യയുടെ തെക്കുഭാഗത്തുണ്ടായിരുന്ന ജനങ്ങളായിരുന്നു എന്നു സംശയിയ്ക്കുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടോ? അവരുടെ ബുദ്ധിപ്രഭാവവും, സ്നേഹവും, കരുണയും സാഹോദര്യവും,സാമൂഹ്യതയും, യുദ്ധവീര്യവും, ആത്മാര്‍ഥതയും മന:ശക്തിയും ഒക്കെ രാമന്‍ വേണ്ടുവോളം ഉപയോഗിച്ചു, പക്ഷെ രാമായണത്തിന്റെ ആശയധാരയില്‍ അവര്‍ വെറും കുരങ്ങന്മാരും, കരടികളും, കാട്ടുജന്തുക്കളൂം ഒക്കെയായി.

രാമായണം ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളേക്കുറിച്ചു വളരെക്കുറച്ചേ പറയുന്നുള്ളു.

ഇന്ത്യയില്‍ കുടിയേറിയവരുടെ (ഇവര്‍ 19 -ആം നൂറ്റാണ്ടിനു ശേഷം മാക്സു മുള്ളരുടെ ആശയാനുസരണം ആര്യന്മാരായി) തെക്കോട്ടുള്ള വ്യാപനമാണ്‌ രാമായണത്തിന്റെ ചരിത്രം എന്നുള്ളതു പൊതുവെ അറിയപ്പെടുന്ന ഒരു കാര്യമാണ്. എന്നാല്‍ ഉത്തമപുരുഷനായ രാമന്റെ കാനനത്തിലെ തിരോധാന ജീവിതമായാണ് അതിന്റെ ഭൂരിഭാഗവും അവതരിപ്പിച്ചിരിയ്ക്കുന്നത്‌. സീതാപഹരണവും രാവണ-രാമ യുദ്ധവും വികാരപ്പൊലിമയോടെ അവതരിപ്പിച്ച്, രാമന്റെ വ്യക്തിപ്രഭാവത്തില്‍ കീഴ്പ്പെട്ടു പോയ കുരങ്ങന്മാരെയും അതില്‍ കീഴ്പെടാന്‍ തയ്യാറാകാഞ്ഞ അധര്‍മ്മികളെ യുദ്ധം ചെയ്തു കീഴ്പ്പെടുത്തി യതുമായുള്ള കഥകളാണല്ലോ രാമായണത്തിന്റെ കഥാതന്തു.

ഈ കാരണങ്ങളാലാണ് ‍ രാമായണമെന്ന കൃതി, ഇതിഹാസമെന്ന കാറ്റിഗറിയിലുള്‍ക്കൊള്ളിച്ച്‌ ഇവിടെ ‘ഇങ്ങനെ നടന്നിരുന്നു ’ എന്നാളുകള്‍ ഉല്‍ഘോഷിയ്ക്കുമ്പോളും ഇവിടെ നടന്നിട്ടുള്ള കാര്യങ്ങളുമായി അഥവാ ഇന്ത്യയുടെ പ്രാചീന ചരിത്രസത്യങ്ങളുമായി ഇതിനെത്ര സാമ്യമുണ്ട്‌ എന്നുള്ളതൊരു സംശയമാകുന്നത്.

ഈ വലിയ സംശയകാന്‍വാസ്സിലെ ചെറിയ ഒരു കോറല്‍ മാത്രമാണ് വിമാനവിവരണം ഉള്‍ക്കൊള്ളുന്ന രാമായണത്തിന്റെ വരികള്‍.

രാമായണം എഴുതി എന്നു പറയുന്ന വാല്‍മീകിയുടെ കാര്യത്തിലുമില്ലേ ഈ അശാസ്ത്രീയത. ഒരു വേടനായി ജനിച്ച് വാല്‍മീകത്തിനുള്ളില്‍ തപസു ചെയ്തു ബ്രഹ്മത്വം പൂകി എന്നു പറയുന്നു. രഘുവംശം എഴുതിയ കാളിദാസനും ഇങ്ങനെയൊരു രണ്ടാം ജന്മ്നുണ്ടായി എന്നു കഥകള്‍ പറയുന്നു. നിരക്ഷരകുക്ഷിയായ ഒരാട്ടിടയന്റെ നാവില്‍ കാളീഭഗവതി നാരായം കൊണ്ടു ഹരി:ശ്രീ എന്നെഴുതിയെന്നും അങ്ങനെ കാളിയുടെ ദാസന്‍ കാളിദാസന്‍ ആയി എന്നും കഥ.

ഇന്നറിയുന്ന രാമായണങ്ങള്‍ എഴുതപ്പെട്ട സംസ്കൃത ഭാഷയുടെ ആവിര്‍ഭാവത്തെക്കുറിച്ചുമുണ്ടല്ലോ സംശയങ്ങള്‍; അതൊരു കപടഭാഷയായി സ്വാര്‍ത്ഥ-തല്പരകക്ഷികള്‍ രുപപ്പെടുത്തിയെടുത്തതാണെന്നും മറ്റും.

രാമായണത്തിലെ സ്വഭാവരൂപീകരണങ്ങളിലുമുണ്ടല്ലോ അശാസ്ത്രീയത. സീതാപരിത്യാഗം വരെ രാമന്‍ സ്വന്തമായി എടുത്ത തീരുമാനങ്ങളെല്ലാം ഉദാത്തങ്ങളായിരിയ്ക്കെ, സീതാപരിത്യാഗത്തിലെത്തുമ്പോള്‍ സ്വന്തം ഭാര്യ പിഴച്ചവളാണ് എന്നന്യര്‍ പറയുന്നതുകേട്ടു നട്ടെല്ലു വളയുന്ന ഒരു‍ വെറും ശുംഭനായി മാറുകയാണദ്ദേഹം. സീത പ്രതിനിധാനം ചെയ്യുന്ന ഇന്ത്യയുടെ സ്ത്രീത്വം രാമായണമെഴുതിയ കാലഘട്ടത്തില്‍ അനാഥമാകുന്നു. കൈകേയിയുടെ സ്ത്രീപ്രഭാവമുള്‍ക്കൊള്ളുന്ന ആ കാലഘട്ടത്തിന്‍് സീതയുടെ സ്ത്രീത്വം ഉള്ക്കൊള്ളാന്‍ കഴിയതെ വന്നതല്ലേ അതിനു കാരണം. ഭാരതീയ സ്ത്രീസത്വം സീതയില്‍ നിന്നും കൈകേയിമാരിലേക്കു കൈമാറ്റപ്പെടുന്നതിന്റെ തുടക്കം കൂടിയാണത്.

പറഞ്ഞുവരുന്നത്‌ പുരാതന ഭാരതത്തിന്റെ ശാസ്ത്ര-സാങ്കേതികനൈപുണ്യം രാമായണത്തിന്റെ വിമാന വരികളില്‍ തട്ടി ജഡായുവിന്റെ ചിറകുകള്‍ പോലെ കരിഞ്ഞു വീഴുന്ന ഒന്നല്ല എന്നാണ്.

ആ വിഷയത്തിലേക്ക് ഒരല്‍പം കടക്കുന്നതിനു മുന്‍പായി ഒന്നു പറയട്ടെ, മനുഷ്യ ചരിത്രത്തില്‍ സ്ഥിരമായുള്ളത്‌ അസ്ഥിരതയണ്‌. എന്നു പറഞ്ഞാല്‍ എല്ലാം എപ്പോഴും മാറിക്കോണ്ടേയിരിയ്ക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍, നമ്മളേക്കാള്‍ പ്രതിഭാധനന്മാരായിരുന്ന ഒരു ജനത ഇതിനു മുന്‍പ് ഈ ലോകത്തില്‍ ജീവിച്ചിരുന്നിരിയ്കാം എന്നുള്ളതൊരു സാദ്ധ്യതയാണ്. തെളിവില്ലാത്തതുകൊണ്‍ട് അതൊരു conjecture ആയേക്കാം എന്നാലും ഒരു delusion ആകാന്‍ വഴിയില്ല.

പരേതനായ കേരള സാഹിത്യസാമ്രാട്ട് ഓ. വി.വിജയന്‍ എഴുപതുകളില്‍ ഇലസ്ട്രേറ്റഡ് വീക്കിലി ഓഫ്‌ ഇന്‍ഡ്യയില്‍ ഒരു റഷ്യന്‍ ആര്‍ക്കി‍യോളജിസ്റ്റ് ആയ Dr.A Gorbovsky യുടെ ‘Ancient India may have had n-arms ’ എന്ന ലേഖനത്തെ അടിസ്ഥാനപ്പെടുത്തി ഒരു ലേഖനം എഴുതിയിരുന്നു. ഇതിന്റെ ഭാഗങ്ങള്‍ രാമായണത്തിന്റെ ഒരു വെബ്‌ പരിഭാഷയില്‍ ഞാന്‍ വായിച്ചതായി ഓര്‍ക്കുന്നു.

താഴെപ്പറയുന്ന ഒരു ലിങ്കില്‍ അടുത്തകാലത്തായി ഇതിനെക്കുറിച്ചുള്ള ഒരു ലേഖനം വായിയ്ക്കുകയുണ്ടായി.

:
http://www.nexusmagazine.com/articles/ancatomicwar2.html

ഇവിടെയും ഉമേഷിന്റെ പോസ്റ്റില്‍ ജോയിയുടെ കമന്റിലെ ലിങ്കില്‍ ഉള്ളതുപോലെ Atlantisഉം പുരാതന രാമരാജ്യവും സാമകാലീന രാജ്യശക്തികളായിരുന്നു എന്നു പറയുന്നു.

പുരാതന ഭാരതത്തിന്റെ ചരിത്രത്തിന് ആഗോള ചരിത്രത്തില്‍ നിന്നും വ്യതിരക്തമായ ഒരു നിലനില്‍പ്പില്ല. ആഗോള ചരിത്ര വീക്ഷണത്തില്‍ ഇന്നു വരെ നടന്നിട്ടുള്ള ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മനുഷ്യവര്‍ഗത്തിന്റെ ഉല്‍ഭവം ഉണ്ടായത് ആഫ്രിയ്ക്കന്‍ ഭൂഖണ്ഡത്തിലാണ്. ആഫ്രിയ്ക്കയില്‍ നിന്നും ഏഷ്യയിലേക്കും യൂറോപ്പിലേക്കും 70000ത്തിനും 30000ത്തിനും വര്‍ഷങ്ങള്‍ക്കിടയില്‍ കുടിയേറിയവരുടെ ഒരു കൂട്ടമാണ് ഭാരതത്തിലെത്തിയത്. ഭാരതത്തിന്റെ തന്നെയല്ല ലോകത്തിന്റെ തന്നെ ഭൂപ്രകൃതി ഇന്നു കാണുന്നതിലും വളരെ വ്യത്യസ്ഥമായിരുന്നു അന്ന്‌. ഭാരത, ഈജിപ്ഷ്യന്‍, മായന്‍ തുടങ്ങിയ സംസ്കാരങ്ങള്‍ ആ അതിപുരാതന ജനതകള്‍ സൃഷ്ടിച്ചെടുത്തവയാണ്‍്. ആ സംസ്കാരങ്ങള്‍ തമ്മില്‍ വ്യാപാര വ്യവസായ ജ്ഞാന സമ്പര്‍ക്കങ്ങളും കൈമാറ്റങ്ങളുമുണ്ടായിരുന്നു.

ആത്മീയതയും ഭൌതികതയും തമ്മിലുള്ള ഭര്‍ത്സനം അഥവാ the clash of civilisation, അത് ആധുനിക കാലത്തിന്റെ മാത്രം സൃഷ്ടിയാണെന്നു കണക്കാക്കാന്‍ പറ്റുമോ?

ഇന്ത്യയുടെ വികസനം ആത്മീയമായിരുന്നു എന്ന് ഇന്ത്യയുടെ സംസ്കാരം നിലകൊള്ളുന്ന മനസ്സുകള്‍ക്കറിയാം. ലോക ജനതയില്‍ ഇന്നും ഇന്ത്യന്‍ ജനതയുടെ uniquness നും ഇതു തന്നെ കാരണം. ആത്മീയതയുടെ നേരെ ആഞ്ഞടിയ്ക്കുന്ന ഭൌതികതയുടെ പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ഭാരതചരിത്രം മാത്രമല്ല ലോക ചരിത്രം തന്നെ എക്കാലവും പഠനവിഷയമാകേണ്ടത്. കാലാകാലങ്ങളീല്‍ ഈ പോരാട്ടത്തിനു വര്‍ണ്ണ, വര്‍ഗ, ജാതി, രാഷ്രീയ പരിവേഷങ്ങള്‍ ചാര്‍ത്തപ്പെട്ടു എന്നു മാത്രം.

ഈ പശ്ചാത്തലത്തില്‍, ഇന്ത്യയുടെ പുരാതന സാംസ്കാരിക-ശാസ്ത്രീയ-വികസനത്തിന്റെ കാലഘട്ടത്തെക്കുറിച്ചു കൃത്യമായ പഠനങ്ങള്‍ ഇനിയും നടക്കുന്നതേയുള്ളൂ. പക്ഷെ ഈ പഠനങ്ങളീല്‍ ഇന്ത്യാക്കരന്റെ വ്യക്തിപ്രഭാവം ഏതളവു വരെ പതിഞ്ഞിരിയ്ക്കുന്നു എന്നുള്ളതു രാജ്യത്തെ കുറിച്ചഭിമാനം കൊള്ളുന്ന ഏതു വ്യക്തിയും ശദ്ധിച്ചു മനസ്സിലാക്കേണ്ടിയിരിയ്ക്കുന്നു. ആഫ്രോ, ചൈനീസു തുടങ്ങിയ സംസ്കാര ജനതകളെല്ലാം, സ്വന്തം സംസ്കാരത്തെക്കുരിച്ചു സ്വന്തമായ നിലയില്‍ പഠനം നടത്തുമ്പോള്‍, ഇന്ത്യാക്കാ‍രന്‍ മാത്രം ഇന്നും വര്‍ഗ്ഗീയതയില്‍ നല്ല ഒരംശം വരെ മൂക്കു കുത്തി നില്‍ക്കുന്ന പാശ്ചാത്യനെ ആ ജോലി ഏല്‍പ്പിച്ചിട്ട് അതില്‍ നിന്നു വീണു കിട്ടുന്ന ഉഛിഷ്ടത്തില്‍ ഭൃഷ്ടാന്നഭോജനം നടത്തി ഏമ്പക്കം വിടുന്നു.

ഇന്നറിയപ്പെടുന്നതില്‍ ഏറ്റവും പുരാതനമായ ഇന്ത്യന്‍-സിന്ധു നാഗരികത മുകളില്‍ പറഞ്ഞ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഏതാണ്ടു 7000ത്തില്‍ പരം വര്‍ഷങ്ങള്‍ക്കു മുന്‍പ് അതിന്റെ ഉച്ചകോടിയെ പ്രാപിച്ചിരുന്നു എന്നുള്ളതിനെ ഇന്നെതിര്‍ക്കാന്‍ കഴിയാത്ത ഒരു നിലയില്‍ എത്തിച്ചേന്നിരിയ്ക്കുന്നു. ഈ സാംസ്ക്കാരത്തിന്റെ അവശിഷ്ടങ്ങളെ മാറ്റിമറിച്ച് പശുവിനെ കുതിരയാക്കാനും, ആനയെ തേടാനും പരാക്രമം കാട്ടുന്ന ഒരു ഭൌതിക വര്‍ഗ ശക്തി, ഈ സംസ്കാരത്തിന്റെ ആത്മീയതയ്ക്കു മുകളില്‍ ഇന്നും ആധിപത്യത്തിനു ശ്രമിയ്ക്കുന്നു എന്നുള്ളത് ഇതിനെക്കുറിച്ചു പഠിയ്ക്കുന്ന ആരും തള്ളിക്കളയാവുന്ന ഒന്നല്ല.

ഭാരതത്തിന്റെ പുരാതനത്വത്തെക്കുറിച്ചു പഠിയ്ക്കാനൊരുങ്ങുന്ന ഏതൊരാളും മുകളില്‍ പറഞ്ഞ കാരണങ്ങളാല്‍ എവിടെയൊക്കെയോ വഴിമുട്ടി നില്‍ക്കേണ്ടിവരുന്നു. ശാസ്ത്രീയത ഇവിടെ ഈ തരത്തില്‍ എത്രമാത്രം പ്രായോഗികമാകാം എന്നുള്ളതും ഒരു ചിന്താവിഷയമായി മാറും. എന്നിരുന്നാലും ചരിത്രം സയന്‍സില്‍ നിന്നും വളരെ വ്യത്യസ്തവുമാണ്. ചരിത്രത്തില്‍ rational ആയ വായ്ത്താരികളും കേട്ടുകേള്‍വികളും പ്രാധാന്യമര്‍ഹിയ്ക്കുന്നതീക്കാരണത്താലാണ്.

ഇതിന്റെ അടിസ്ഥാനത്തില്‍ രാമനും, കൃഷ്ണനും ഒരു കാലത്ത് ഇന്ത്യയുടെ ഭാഗധേയത്വം തീരുമാനിച്ച ചരിത്ര പുരുഷാന്മാരായിരുന്നു എന്നു ചിന്തിയ്ക്കുന്നത് സത്യത്തില്‍ നിന്നും അത്ര അകലത്തിലായിരിയ്ക്കുകയില്ല എന്നു തോന്നുന്നു. പക്ഷെ അവരു ജീവിച്ചിരുന്നതോ പ്രവര്‍ത്തിച്ചിരുന്നതോ രാമായണവും ഭാരതവുമെഴുതപ്പെട്ട കാലഘട്ടത്തിനു വളരെ വളരെ പിന്നിലായിരുന്നു എന്നു മാത്രം. രാമായണം ത്രേതായുഗത്തിലേയും മഹാഭാരതം ദ്വാപരയുഗത്തിലേയും സംഭവങ്ങളാണെന്നു പറയുന്നുണ്ടല്ലോ? പക്ഷേ വാല്‍മീകിരാമായണം എഴുതപ്പെട്ടതു ബി. സി. മൂന്നാം നൂറ്റാണ്ടിലും മഹാഭാരതം എഴുതപ്പെട്ടതു ബി.സി രണ്ടാം നൂറ്റാണ്ടിനു മുന്‍പുമാണ് (Ancient India by V.D. Mahajan). അതും അന്നെഴുതപെട്ടത് ഏതു ഭാഷയിലായിരുന്നു എന്നുള്ളതൊരു ചിന്താവിഷയമാണ്. ഇന്നത്തേക്കേതാണ്ട് അയിരത്തില്‍ പരം വര്‍ഷങ്ങള്‍ക്കു മുന്‍പു മാത്രമേ സംസ്കൃതത്തിന്റെ ലിപിയായ ദേവനാഗരി ലിപി രൂപം കൊണ്ടിരുന്നുള്ളു എന്നാണെന്റെ അറിവ്‌.

ഇന്ത്യയുടെ പുരാതന സാംസ്കാരിക ചരിത്ര നായകന്മാരെ ഉപയോഗിച്ച്, പിന്നീടു കുടിയേറിവന്ന വര്‍ഗ്ഗീയ-ഭൌതീക-പ്രമാണിമാര്‍, അവരുടെ രാഷ്ട്രീയ സ്വേഛാധിപത്യത്തിനു വേണ്ടി എങ്ങനെ ഇവിടെ അറിവിന്റെ രാഷ്ട്രീയം രൂപപ്പെടുത്തി എന്നുള്ളതാണ് രാമായണ, മഹാഭാരത കൃതികളുടെ ചരിത്ര-ശാസ്ത്രീയ അന്തര്‍ധാര. ഈ വിഷയത്തെ ഒഴിച്ചു നിര്‍ത്തി രാമായണത്തിന്റെ ചില വരികളീല്‍ മാത്രം ശാസ്ത്രീ‍യത തേടുന്നത് ആശയങ്ങളുടെ ഒരു വിഷമ വൃത്തത്തിലേക്കു നയിയ്ക്കുമെന്നല്ലാതെ എന്തെങ്കിലും ക്രിയാത്മക സൃഷ്ടിയിലെക്കതു വഴി തെളിയ്ക്കുമോ എന്നുള്ളതു കാത്തിരുന്നു കാണേണ്ടിയിരിയ്ക്കുന്നു.

പുരാതന ഭാരതത്തിന്റെ നേട്ടങ്ങളെക്കുറിച്ചു വസ്തുനിഷ്ഠമല്ലാത്ത അറിവുകള്‍ കൊടുത്ത് അതിന്റെ ആധികാരികതയെ മലിനപ്പെടുത്തുന്നു എന്നു വിഷമിയ്ക്കുന്ന ഏതൊരു കൂട്ടായ്മയും അതിലേക്കുള്ള സത്യസന്ധമായ ഒരു സമ്പൂര്‍ണ്ണ അനേഷണത്തിനു പരിപാടികളൊരുക്കുകയാണു വേണ്ടത്. അങ്ങനെയൊന്നിനു വേണ്ടി മുന്നോട്ടു വരേണ്ട സമയം ഇപ്പോള്‍ തന്നെ വല്ലാതെ അതിക്രമിച്ചിരിയ്ക്കുന്നു.


2 comments:

Post a Comment