രാമായണവും വിമാനവും ഒരാഗോള ശാസ്ത്രീയ വീക്ഷണം
രാമായണവും വിമാനവും എന്നുള്ള ചര്‍ച്ചയില്‍ ഉമേഷിന്റെ സ്വന്തം നിലപാട് താഴെപ്പറയുന്ന കൊട്ടേഷനില്‍ അടങ്ങിയിരിയ്ക്കുന്നു എന്നു കരുതുന്നു. രാമായണത്തില്‍ വിമാനത്തെപ്പറ്റി പറയുന്നുണ്ടു്. അതിനു സംശയമില്ല. അതിന്റെ അടിസ്ഥാനത്തില്‍ “പ്രാചീനഭാരതത്തില്‍ വിമാനമുണ്ടായിരുന്നു. അതിന്റെ വ്യക്തമായ തെളിവു് രാമായണത്തിലുണ്ടു്” എന്നു പറയുന്നതിനോടാണു ഞാന്‍ പ്രതികരിച്ചതു്. ഇതു് രാമായണത്തിന്റെ മാഹാത്മ്യം കുറച്ചുകാണിക്കാനോ വാല്‌മീകിയെ അധിക്ഷേപിക്കാനോ ഭാരതീയപൈതൃകത്തിന്റെ ഉപാലംഭമോ ഒന്നുമല്ല. കാര്യം അറിയാതെ ഇങ്ങനെയുള്ള അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതിനെ മാത്രമാണു് ഞാന്‍ വിമര്‍ശിച്ചതു്. വിമാനം പ്രാചീന ഭാരതത്തില്‍ ഉണ്ടായിരുന്നുവോ എന്നുള്ളത് ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥനത്തില്‍ മാത്രമേ സമര്‍ത്ഥിയ്ക്കാനാകൂ എന്നുള്ളതാണല്ലോ ഉമേഷിന്റെ നിലപാട്. അതിനോടു ഞാനും യോജിയ്ക്കുന്നു. പക്ഷെ രാമായണത്തിലെ വിമാനത്തിന്റെ വിവരങ്ങളടങ്ങുന്ന കുറച്ചു വരികളില്‍ ഒതുക്കിനിര്‍ത്താതെ ആ ശാസ്ത്രീയ അന്വേഷണം പുറത്തേക്കു കടക്കണമെന്നാഗ്രഹിയ്ക്കയും ചെയ്യുന്നു. കാരണം രാമായണവും അതുപോലുള്ള ഗ്രന്ഥങ്ങളും പൊതുവെ തരുന്ന വിവരങ്ങളുടെ അടിസ്ഥനത്തില്‍ മാത്രം എത്തിച്ച...