കേപ്ടൌണ്‍ (സൌത്താഫ്രിയ്ക്ക) ലോക സഞ്ചാരികളുടെ സ്വപ്നം രണ്ടാം ഭാഗം
ലോകത്തിലെ എല്ലാ പ്രധാന സ്ഥലങ്ങള്‍ക്കും അതിന്റേതായ ഉല്‍ഭവകഥകളുണ്ട്. കേപ് പെനിന്‍സുലയുടെ കാര്യത്തില്‍ ഈ കഥകള്‍ അനേക വൈരുദ്ധ്യങ്ങളെ ഊള്‍ക്കൊള്ളുന്നു. അതിന്റെ പാദങ്ങളില്‍ സംഗമിയ്ക്കുന്ന മഹാസാഗരങ്ങളേപ്പോലെ. ശൈത്യം പകരുന്ന അറ്റ്ലാന്റിയ്ക്കും ഊഷ്മളമായ ഇന്ത്യന്‍ മഹാസമുദ്രവും അതിന്റെ തീരങ്ങളില്‍ കൈകോര്‍ത്തു സംഗമിയ്ക്കുന്നു. ഈ സമുദ്രങ്ങളുടെ തീരങ്ങളും, ഉള്‍ക്കടലുകളും തീരങ്ങളില്‍ നിന്നുയര്‍ന്നു പൊങ്ങുന്ന മലനിരകളും ഈ പട്ടണത്തിനു പ്രത്യേകമായ ഒരു വ്യക്തിത്വമേകുന്നു. അറ്റ്ലാന്റ്റിക് കടലിടുക്കിലെ തുറമുഖവും അതിനോടു ചേര്‍ന്നു നില്‍ക്കുന്ന കേപ് ടൌണ്‍ നഗരവുമാണ് പെനിന്‍സുലയുടെ സിരാകേന്ദ്രം. അവിടെ നിന്നു തെക്കോട്ട്, അറ്റ്ലാന്റിയ്ക്കിന്റെ ഉള്‍ക്കടല്‍ തീരത്തുകൂടി യാത്രചെയ്ത്` കേപ്പ് മുനമ്പിലെത്തുമ്പോഴേക്കും അവിടെ തുടങ്ങുകയായി ഇന്ത്യന്‍ മഹാസമുദ്രം. ഈ ദേശ ചരിത്രത്തില്‍ ഭാഗഭാക്കുകളായ ഇവിടുത്തെ വൈവിധ്യമേറിയ ജനവിഭാഗമാണ് ഇതിന്റെ ഉല്‍പ്പത്തി കഥയീലെ മറ്റു കണ്ണികള്‍. ഡച്ച് ഈസ്റ്റ് ഇന്‍ഡാക്കമ്പനിയില്‍ ആരംഭിച്ച് ബ്രിട്ടീഷ് ഈസ്റ്റ് ഇന്‍ഡ്യ കമ്പനിയില്‍ അവസാനിച്ച ഇന്‍ഡ്യ-യൂറോപ്പ് ജല വ്യാപാര പാതയുടെ സുപ്രധാനമായ ഒരിടത്താവളം