mk top 2012

Thursday, January 31, 2013

ഐറ്റം ഡാൻസും ബലാൽ സംഗങ്ങളൂം


 കഴിഞ്ഞ ദിവസം മാതൃഭൂമിപത്രത്തിൽ കേരളത്തിന്റെ  എഴുത്തുകാരി സാറാജോസഫ് പറഞ്ഞതു വായിച്ചു ‘സിനിമകളിലെ ഐറ്റം ഡാന്‍സുകളില്‍ കൂട്ടബലാത്സംഗത്തിന്റെ തുടക്കമുണ്ടെന്ന്.

എന്നു പറഞ്ഞാൽ, ഐറ്റം ഡാൻസുകൾ തുടങ്ങിയതു മുതൽക്കാണോ കൂട്ടബലാൽ സംഗങ്ങൾ തുടങ്ങിയത് ; പക്ഷെ എന്താണീ ഐറ്റം ഡാൻസുകൾ? അതു ഹിന്ദി സിനിമയിൽ നായിക തന്നെ ചെയ്യുന്ന ഡാൻസുകളാണ്; അതു യുവാക്കളുടെയും കുട്ടികളുടെയും മനസിൽ കാമാർത്തമായ ഒരന്തരിക്ഷം ഉണ്ടാക്കുന്നു; അതാണ് ഡെൽഹി റേപ്പിനു കാരണം എന്നാണ് സാറാ ജൊസഫ് പറയുന്നത്.

ഹിന്ദിയിൽ മാത്രമല്ല മലയാളത്തിലുമുണ്ട്-ഐറ്റം ഡാൻസുകൾ; പക്ഷെ കുറവായിരിക്കാം;എന്നാലും മലയാളത്തിൽ റേപ്പിനു കുറവൊന്നുമില്ല.

കഴിഞ്ഞ് ദിവസം  NDTV ,യിലെ ബർക്ക ദത്തയുടെ ‘ We the People‘എന്ന പ്രോഗ്രാമിൽ
ഈ ഐറ്റം ഡാൻസിനെ ക്കുറിച്ച് ഒരു ചർച്ച കണ്ടിരുന്നു:‘Do films celebrate women or 'item'ise them?'
(സിനിമ, സ്ത്രീത്വത്തെ ആഘോഷിക്കുന്നുവോ അതോ വസ്തുവൽക്കരിക്കുന്നുവോ?)
ഈ ചർച്ചയിൽ  ഐറ്റം ഡാൻസിന്റെ പല വശങ്ങൾ കടന്നു വന്നിരുന്നു.  ചില ഐറ്റം ഡാൻസുകൾ അസ്ലീലമായ ലീറിക്സുകളുടെ പശ്ചാത്തലത്തിൽ പ്രത്യേക രീതിയിൽ കാമറ ചലിപ്പിച്ചു  സ്ത്രീ അവയവങ്ങളെ പ്രദേശിപ്പിക്കുന്നത്,  സ്ത്രീത്വത്തിന്റെ ആഘോഷമല്ല, ചരക്കുവൽക്കരണമാണ് എന്നു എന്നു ഹിന്ദി നടി ഷബ്നാ ആസ്മി പറഞ്ഞിരുന്നു. ജയ്പൂർ ലിറ്റററി ഫെസ്റ്റിവലിൽ അവർ പറഞ്ഞത് ഇവിടെ വായിക്കാം

എന്നാൽ മറ്റൊരു ഹിന്ദി നടിയായ പ്രിയങ്കാ ചോപ്ര പറയുന്നതിങ്ങനെയാണ്; ഒരുസ്ത്രീ നഗ്നയായി എന്നത്, അവളെ റേപ്പു ചെയ്യാനുള്ള അനുവാദമല്ല, റേപ്പു ചെയ്യുന്നവന്റെ രോഗാതുരമായ മനസു കാരണമാണ്.

ഡൽഹി റേപ്പ് ഇന്ത്യൻ സാമൂഹ്യതയുടെ ഒരു നാഴികക്കല്ലാകുന്നതിന്റെ അടയാളങ്ങളാണ് ഇത്തരം ചർച്ചകൾ.  അഭിപ്രായമില്ലാത്ത ഒരു സമൂഹമാണ് നമ്മുടേത്, അതായത്  ജാതി, സാമ്പത്തിക, ജെൻഡർ അടിസ്ഥാനത്തിൽ പിന്നാക്കം തള്ളപ്പെട്ട അതിലെ ഭൂരിപക്ഷത്തിനും അഭിപ്രായങ്ങളില്ല, ശബ്ദവുമില്ല;  ഈ ഭൂരി പക്ഷത്തിൽ തന്നെ വരുന്ന് ഭൂരിപക്ഷമാണ് സ്ത്രീകൾ.  ബക്കിയുള്ളവർ സംസാരിക്കുന്നുണ്ട്, അതു സെൻസിബിളായിട്ടല്ല- കാരണം സ്വന്തം താല്പര്യത്തിൽ ലോകത്തെ ക്രമീകരിക്കമാത്രമാണ് അവരുടെ താല്പര്യം. ഇവർ ഒരു മൈനോരിട്ടി മാത്രമാണ്. 

ഈ പിന്നാക്ക ഭൂരിപക്ഷത്തിന്റെ വായ പെട്ടെന്നു തുറന്നു വന്ന ഒരനുഭവമാണ് ഡെൽഹി സംഭവം. ഒരു ജീവൻ അതിനു വിലകൊടുക്കേണ്ടി വന്നു എന്നതു നിർഭാഗ്യകരമാണ്.
പക്ഷെ ഇതൊരു തുടക്കം മാത്രമാണ്; അതിന്റെ ഉയർച്ച വളർച്ച ഇതൊക്കെ നിർണയിക്കുന്നതിൽ ഇത്തരം ചർച്ചകൾ പ്രാധാനപ്പെട്ട ഒരു പങ്കു വഹിക്കുന്നുണ്ട്.

എന്നിരുന്നാലും, സാറാജോസഫും, എൻ.ഡി,ടിവിയും, അതു പോലെ കേരളത്തിലെയും ഇന്ത്യയിലെയും മറ്റു ചാനലുകളും ഇവിടെ പണ്ടേ ഉണ്ടായിരുന്നു; റേപ്പും; ഭൂരിപക്ഷത്തിനു വേണ്ടി സംസാരിക്കയാണ് ഞങ്ങളുടെ ധാരിമ്മികത എന്നു ഭാവിച്ചിരുന്നവരാണ് ഇവരൊക്കെ; പക്ഷെ റേപ്പിനെതിരായ ഒരു സാമൂഹ്യ മനസ് സൃഷ്ട്ടിച്ചെടുക്കുന്നതിൽ പരാജയപ്പെട്ടവരാണ് ഇവരൊക്കെ. അതുകൊണ്ടു തന്നെ,  ഇവരൊക്കെ ഇപ്പോൾ രൂപീകരിക്കുന്ന അഭിപ്രായങ്ങൾ അങ്ങനെ മുഖവിലക്കു വാങ്ങേണമോ എന്നുള്ളതു ചിന്തിക്കേണ്ടതുണ്ട്,

അതായത് ഡെൽഹിയിൽ നടന്ന സംഭവം കേരളത്തിലെ ഒരു വീട്ടിൽ ഒരു വ്യക്തിയിൽ എന്തു മാറ്റങ്ങളുണ്ടാക്കി എന്നുള്ളതാണ് സമയത്തിന്റെ ആവശ്യം. റ്റി.വി. മാദ്ധ്യമങ്ങളിൽ വരുന്നതും സംസ്കാരനായകന്മാ‍രും നായികമാരും പറയുന്നതും വെള്ളം തൊടാതെ വിഴുങ്ങുന്നത് നമ്മുടെ സമൂഹത്തിന്റെ പ്രത്യേകതയാണ്.
ഈ സാഹചര്യത്തിലാണ് ഇവരുടെ അഭിപ്രായങ്ങളിലേക്ക് ഒന്നിറങ്ങിച്ചെന്ന് അന്വേഷിക്കുന്നത് ആവശ്യമാകുന്നത്.

ഐറ്റം ഡാൻസ് എന്നത് ആനുകാലികമായ ഒരു പ്രയോഗമാണ്. (ഐറ്റം ഡാൻസ് സ്ത്രീയെ ചർക്കുവൽക്കരിക്കുന്നുവോ എന്നത് വേറൊരു വിഷയമാണ്).  അതായത് ഇന്നത്തെ കച്ചവട കാലം സ്ത്രീശരീരത്തെ വിനോദനത്തിനു വേണ്ടി ഉപയോഗിക്കുന്നത് ഇപ്പോൾ ഈ രീതിയിലാണ്. ഇനി ഈ കച്ചവടകാലത്തിനു പുറകിലേക്കു പോയാലോ ഒരോ കാലഘട്ടത്തിനും സ്ത്രീ ശരീരത്തെ വിനോദത്തിനും കച്ചവടത്തിനും വേണ്ടി ഉപയോഗിക്കുന്ന ഓരോ രീതികളെ പരിചയപ്പെടാൻ കഴിയും.  അതായത്, ഏതാണ്ട് ബി.സി. ആറാം നൂറ്റാണ്ടോടു കൂടി ഇന്തയിൽ ചാതുർവർണ്യ രാജഭരണ വ്യ്വസ്ഥിതി വന്നതോടെ സ്ത്രീയുടെ ചരക്കുവൽക്കരണം തുടങ്ങുകയായി.  സ്ത്രീശരീരത്തിന്റെ കമനീയതയും അന്തസും ഉൾക്കൊണ്ട് വിനോദകലയെ ആസ്വദിച്ചിരുന്ന ഒരു കാലഘട്ടത്തിന്റെ സമൂഹ്യതയെ ചാതുർവർണ്യം ചവിട്ടി മെതിച്ചു അശുദ്ദമാക്കിയ  രൂപമാണ് ദേവദാസികൾ. സ്ത്രീ ശരീരത്തിന്റെ ചർക്കുവൽക്കരണവുമായിരുന്നു അത്.

സ്ത്രീ ശരീരത്തിന്റെ കാമാതുരമായ വർണനകളായിരുന്നു/ഇന്നും ആണ് കേരളത്തിൽ നല്ലൊരു പങ്കും കലാ സൃഷ്ടികൾ; അതു കഥയായാലും, കവിതയായാലും, ചിത്രമായാലും കൊത്തു പണീയായാലും. ഈ വർണനകൾ വായനക്കാരിൽ കാമാതുരത ഉണർത്തിയിരുന്നില്ലെ?  അതും പോകട്ടെ കേരളത്തിലെ ക്ഷേത്രങ്ങളിലെ ശില്പങ്ങൾ കാമാതുരത ഉണ്ടാക്കുന്നവയല്ലേ?   കാമശാസ്ത്രം കാമത്തെക്കുറിച്ചല്ലേ പറയുന്നതും കാണിക്കുന്നതും; പെണ്ണിന്റെ ശരീരത്തെയും ലൈംഗികതയെയും കാണിച്ച മാർക്കറ്റ് തേടുന്ന എഴുത്തുകാർ പിന്നെ എന്താണ് ചെയ്യുന്നത്?

ചില കേരള മൂറലുകൾ ഇവിടെ കാണാം

ഇതു കൂടാതെ ചിലർക്കു പെണ്ണിനെ കണ്ടാൽ മതി, പെണ്ണിന്റെ പടം കണ്ടാൽ മതി,  പെണ്ണിന്റെ അവയവങ്ങൾ കണ്ടാൽ മതി,  കാമാതുരത ഉണ്ടാകും. അപ്പോൾ ഇതൊക്കെ ബലാൽ സംഗത്തിന്റെയോ  അല്ലെങ്കിൽ കൂട്ട ബലാൽ സംഗത്തിന്റെയോ കാരണങ്ങളാകാമല്ലോ? ഐറ്റം ഡാൻസുകൾ ഈ കാമാതുരത ജനിപ്പിക്കുന്ന വിനോദകലയുടെ ആനുകാലിക രൂപം മാത്രമാണ്; നാളെ ഈ റ്റൂപം മാറി മറ്റൊന്നാകും.  പിന്നെ സിനിമ ഈ വിനോദത്തെ ജനകീയവൽക്കരിച്ചിരിക്കുന്നു. അതുകൊണ്ട് ഏത് ക്ലാസിലുള്ളവർക്കും ഈ കാമാതുരത പ്രാപ്തമായിരിക്കുന്നു; പണ്ട് പ്രത്യേക ക്ലാസിൽ മാത്രം ഒതുങ്ങിയിരുന്നു; അതാണോ ഇനി പ്രശ്നമുണ്ടാക്കുന്നത്.

ഇവരുടെയൊക്കെ പറച്ചിലുകൾ കേട്ടാൽ തോന്നും കേരളം അല്ലെങ്കിൽ ഇന്ത്യ പെട്ടെന്ന് കാമാതുരമായി പോയി;പണ്ടുള്ളവർ എന്തു ഡീസന്റായിരുന്നു എന്നൊക്കെ. ഒരു പത്തു നൂറു വർഷങ്ങൾക്കു മുൻപുള്ള അനുഭവങ്ങൾ എനിക്കു കേട്ടറിവുണ്ട്; അന്നു ഫ്യുഡൽ പ്രഭുക്കളായിരുന്നു നാട്ടു ഭരിച്ചിരുന്നത്; നാട്ടിൽ ആരുടെയ്ങ്കിലും പറമ്പിൽ, ചേനയോ ചക്കയോ വാഴക്കുലയോ, പശുക്കളെയോ, പെണ്ണിനെയോ കണ്ടാൽ ഉടൻ അവകൾ സ്വന്തം വീട്ടിലേക്ക് കടത്താൻ ഉത്തരവിടുകയായി.  പെണ്ണിനെ കണ്ടു കാമാതുരനായി പോയതാണ് കാരണം( പശുവിനെ കണ്ടും അതു തന്നെയായിരുന്നോ എന്നിപ്പോൾ ഒരു സംശയം). അതുകൊണ്ട് അന്നു സ്ത്രീകൾക്കു വീടിനകത്തൊളിച്ചിരിക്കാനേ കഴിയുമായിരുന്നുള്ളൂ.  ഫൂഡലിസമൊക്കെ പോയി, സ്വാതന്ത്ര ഇൻഡ്യയിലെ അവസ്ഥ എന്തായിരുന്നു; പെൺകുട്ടികൾ വിദ്യാഭ്യാസത്തിനു പകൽ പുറത്തിറങ്ങിയിരുന്നു; അതുംവഴിയിൽ അങ്ങിങ്ങായി നിൽക്കുന്ന വായിനോക്കി മരങ്ങോടന്മാരുടെ എത്ര അസഭ്യവർത്തമാനം കേട്ടുകൊണ്ട്; ഇതു കേട്ടു കഥയല്ല; അനുഭവമാണ്. വൈകിട്ട് പ്രാക്റ്റിക്കൽ കഴിഞ്ഞു വൈകുന്ന ദിവസങ്ങളിൽ, ബസ് സ്റ്റോപ്പിൽ എന്റെ സ്വന്തം ആങ്ങളമാരെ കണ്ടില്ലെങ്കിൽ എന്റെ ചങ്കു വായിൽ വരുമായിരുന്നു; അതെ പേടികൊണ്ട്.  അങ്ങനെയെല്ലാവരും പേടിച്ചു പതുങ്ങി എസ്കോർട്ടോടെ നടന്നതു കൊണ്ട്; ബലാൽ സംഗത്തിന്റ് എണ്ണം കുറവായിരുന്നു; അല്ലാതെ മരത്തേലു തുണിചുറ്റിയതു കണ്ടാലും കാമാതുരരാകുന്ന കേരളത്തിലെ ആണൂങ്ങൾക്കു മാന്യതകൂടിയതുകൊണ്ടൊന്നുമായിരുന്നില്ല.

പക്ഷെ ഇപ്പൊഴത്തെ വ്യത്യാസം ഈ വിലക്കുകൽ ഒന്നും കണക്കെലെടുക്കാതെ സ്ത്രീകൾ പുറം ലോകത്തേക്കിറങ്ങുന്നു. എസ്കോർട്ടു കൂടാതെ, അവർ പൊതു ഇടങ്ങൾ രാത്രി പകൽ വ്യത്യാസം കൂടാതെ കൈയ്യേറുന്നു.


 അപ്പോൾ ചുരുക്കമായി പറഞ്ഞാൽ, വ്യക്തിയിൽ കാമാതുരത ഉണർത്തുന്ന വിധത്തിൽ സ്ത്രീശരീരത്തെ വിനോദകലക്കും കച്ചവടത്തിനും പലേ സാഹചര്യങ്ങൾക്കനുസരിച്ചും ഉപയോഗിച്ച ഒരു നാടാണ് നമ്മുടെത്.  അതു കൊണ്ട് ഈ ബലാൽ സംഗമൊക്കെ ഇപ്പോൾ ഈ ഐറ്റം ഡാൻസു തുടങ്ങിയപ്പോൽ മുതൽ ഉണ്ടായതാണ് എന്നൊക്കെ പറയുന്നത് പലതും മറച്ചു പിടിക്കാനുദ്ദേശിച്ചിട്ടുള്ളവയാകാനേ സാദ്ധ്യതയുള്ളൂ.

പ്രകൃതിയുടെ എല്ലാ അനുഭവങ്ങളിലും, സന്ദർഭങ്ങളിലും സൌന്ദര്യവും (ഇത് ആപേക്ഷികമാണ്), സ്നേഹവും, കാമവുമുണ്ട്; അതു വഴിയാണ് സൃഷ്ടി ഉണ്ടാകുന്നതും, പ്രകൃതി നിലനിക്കുന്നതും. ഇതിൽ സൌന്ദര്യവും സ്നേഹവും ഇല്ലാതായാൽ പിന്നെ കാമം മാത്രമാണുള്ളതു; അതാണ് റേപ്പ്; സൌന്ദര്യവും സ്നേഹവുമില്ലാതെ സ്ത്രീയെ കാമാത്തിനു മാത്രമായി കാണുന്നത് മാനസികമായ ഒരു രോഗാ വസ്ഥയാണ്.   അതിനു ദുഷിച്ച രാഷ്ടീയ സമൂഹ്യ മത പശ്ചാത്തലങ്ങളുണ്ട്.  രേപ്പ് എന്ന സമൂഹത്തിന്റെ രോഗാതുരമായ അവസ്ഥക്കു പരിഹാരം കാണുന്നതിന് ഈ ദുഷിച്ച പശ്ചാത്തലങ്ങളെയാണ് പരിശോധിക്കേണ്ടത്.

ഐറ്റം ഡാൻസ് ഒരു രോഗ ലക്ഷണം മാത്രമാണ്; എന്നു പറഞ്ഞാൽ രോഗം പ്രകടമാകുന്ന ഒരനുഭവം അല്ലെങ്കിൽ അടയാ‍ളം.  അതായത് ചാതുർവർണ കാലഘട്ടത്തിന്റെ രോഗ അടയാളമായ ദേവദാസികളൂടെ വളരെ വ്യത്യസ്ഥപ്പെട്ടതെങ്കിലും ഒരു സമാന്തര രൂ‍പമാണ് ഇന്നത്തെ ഐറ്റം ഡാൻസുകാരികൾ.  ഈ ഐറ്റം കാരു പക്ഷെ ഒരു സ്റ്റേജു കാഴ്ച മാത്രമാണ്; അതിന്റെ പിന്നിലെ കണ്ണികളെ നമ്മൾ കാണുന്നില്ല, സിനിമാമുതലാളിമാർ;  ഇവരുടെ കച്ചവട ലാഭക്കണ്ണിന്റെ മുൻപിൽ കീഴ്പ്പെട്ടു പോകാനേ ഈ ഡാൻസു കാരികൾക്കു കഴിയുന്നുള്ളൂ,  പ്രിയങ്കാ ചൊപ്ര NDTV ചർച്ചയിൽ ചൂണ്ടിക്കാട്ടിയതു പോലെ പക്ഷെ ഐറ്റം കാർക്കിന്നു സ്വാതന്ത്ര്യമുണ്ട്; ഈ റോളിൽ ഞാൻ ആടണമോ എന്നു തീരുമാനിക്കാൻ; പക്ഷെ ഈ പ്രിയങ്കാ ചോപ്രയും ആദ്യമൊക്കെ ഐറ്റം ഡാൻസുകളെ എതിർത്തു പറഞ്ഞു എങ്കിലും പിന്നീടവർക്കതു ചെയ്യേണ്ടി വന്നു; നിലനിൽ‌പ്പിനു വേണ്ടി തന്നെ ആയിരിക്കണം.  ഒരു പക്ഷെ  ഇവരുടെ സ്വാതന്ത്ര്യം കുറച്ചു കൂടി ഉറപ്പിക്കുന്നതിന്  ഇത്തരം ചർച്ചകൾ കാരണമായേക്കാം. അപ്പൾ ഐറ്റം ഡാൻസുകൾ രോഗ ലക്ഷണം മാത്രമാണ്; തലവേദനയാണ് ഫ്ലൂവിന്റെ കാരണം എന്നു പറയുമ്പോലെയാണ് സാറാജൊസഫ്,  ഐറ്റം ഡാൻസാണ് രേപ്പിനു കാരണമെന്നു പരയുന്നത്, എന്റെ കാഴ്ച്ചപ്പാടിൽ.

സൌന്ദര്യ്‌വും സ്നേഹവുമില്ലാത്ത കാമം ഹിംസാത്മകമാണ്; അതണ് ബലാൽ സംഗത്തിനു വഴിതെളിക്കുക; അതിൽ ലിംഗഭേദനമാണ്; ലൈംഗികതയല്ല; അതു ക്രിമിനൽ പ്രവൃത്തിയാണ്;  ലൈംഗികത അതിനു കാരണങ്ങളുമല്ല; ദെൽഹിയിലെ പെൺകുട്ടിയേ രേപ്പ് ചെയ്തത് ഐറ്റം ഡാൻസു കണ്ടിട്ടായിരുന്നോ, അവളെ കീഴെപ്പെടുത്തുന്നതിനു വേണ്ടിയായിരുന്നു; സ്ത്രീയോടുള്ള് അതി കഠനമായ വിരോധവും വൈരാഗ്യവുമാണ് അതിന്റെ പിന്നിൽ. അതിനു ശക്തമായ, സാമൂഹ്യ, രാഷ്ട്ര്രിയ, സംസ്കാരിക, ജെൻഡർ, മാനസിക കാരണങ്ങളാണുള്ളത്; അതെന്താനെന്നാണ് മനസിലാക്കേണ്ടത്.

തുടരും.....


Read more »